LATEST NEWS

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്: ഭാസുരാംഗനെയും മകനെയും ഡിസംബര്‍ 5 വരെ റിമാര്‍ഡ് ചെയ്തു

കൊച്ചി∙ കണ്ടല സഹകരണബാങ്ക് തട്ടിപ്പില്‍ അറസ്റ്റിലായ സിപിഐ നേതാവും മുന്‍ ബാങ്ക് പ്രസിഡന്റുമായ എന്‍.ഭാസുരാംഗനെയും, മകന്‍ അഖില്‍ജിത്തിനെയും ഡിസംബര്‍ 5 വരെ റിമാന്‍ഡ് ചെയ്തു. ഇഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് പ്രതികളെ എറണാകുളം പ്രത്യേക സിബിഐ കോടതിയില്‍ ഹാജരാക്കിയത്. സുഖമില്ലാത്ത ആളാണെന്നും ചികിത്സ ആവശ്യമാണെന്നും ഭാസുരാംഗന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഭാസുരാംഗന്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും റിമാന്‍ഡ് ഒഴിവാക്കാനാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇഡി വ്യക്തമാക്കി. തുടര്‍ന്ന് രണ്ട് പ്രതികളേയും കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു. 
പത്തു മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷമാണ് ഇഡി എന്‍.ഭാസുരാംഗനെയും, മകന്‍ അഖില്‍ജിത്തിനെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇവരെ ഇന്നു വരെ ഇഡി കസ്റ്റഡിയില്‍ വിടുകയായിരുന്നു. 101 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിന്റെ മുന്‍ പ്രസിഡന്റും സിപിഐ പ്രാദേശിക നേതാവുമായിരുന്നു ഭാസുരാംഗന്‍. ഇ.ഡി. അന്വേഷണം പുരോഗമിക്കുന്നതിനിടെ സിപിഐ ഭാസുരാംഗനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

തിരുവനന്തപുരം കണ്ടല സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന ഘട്ടത്തില്‍ എന്‍.ഭാസുരാംഗന്‍ സ്വന്തം നിലയിലും കുടുംബാംഗങ്ങളുടെ പേരിലും 2.36 കോടി രൂപ വായ്പയെടുത്തുവെന്ന് ബാങ്ക് ഭാരവാഹികള്‍ അറിയിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയെ അറിയിച്ചു. ഇതിന്റെ പലിശയടക്കം ഭാസുരാംഗന്‍ ബാങ്കില്‍ അടച്ചു തീര്‍ക്കാനുണ്ട്. ഇതില്‍ 1.87 കോടി രൂപയുടെ വായ്പയുടെ കാര്യം ഭാസുരാംഗന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. സഹകരണ റജിസ്ട്രാറുടെ അന്വേഷണത്തില്‍ 57 കോടി രൂപയുടെ നഷ്ടം ബാങ്കിനു സംഭവിച്ചതായാണു കണ്ടെത്തിയതെങ്കിലും ഇ.ഡിയുടെ അന്വേഷണത്തില്‍ തട്ടിപ്പ് 200 കോടി രൂപ കവിയും.

കണ്ടല ബാങ്കിലേക്കു നിക്ഷേപം സ്വീകരിച്ച ശേഷം വാഗ്ദാനം ചെയ്ത പലിശ നല്‍കാതെ വിശ്വാസവഞ്ചന നടത്തിയതായി തിരുവനന്തപുരം മാറനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ തുടര്‍ച്ചയായി ലഭിച്ച പരാതികളാണു ഭാസുരാംഗനെതിരായ അന്വേഷണത്തിന്റെ തുടക്കം. പൊലീസ് എഫ്‌ഐആറുകള്‍ റജിസ്റ്റര്‍ ചെയ്തതോടെ സഹകരണ ജോയിന്റ് റജിസ്ട്രാറും അന്വേഷണം നടത്തി ഭാസുരാംഗനെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 

വലിയ തോതിലുള്ള ക്രമക്കേട് നടത്തി ഭാസുരാംഗന്‍ പണം തട്ടിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (പിഎംഎല്‍എ) ഇ.ഡി. കേസ് റജിസ്റ്റര്‍ ചെയ്തു ഭാസുരാംഗനെയും മകന്‍ ജെ.ബി.അഖില്‍ജിത്തിനെയും അറസ്റ്റ് ചെയ്തത്. പിഎംഎല്‍എ പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്യാനുള്ള തെളിവുകള്‍ ഇല്ലാതെയാണു ഇവരെ അറസ്റ്റ് ചെയ്തതെന്നു പ്രതിഭാഗം അഭിഭാഷകന്‍ പി.ടി.ജോസ് പറഞ്ഞു. എന്നാല്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന ബെനാമി വായ്പ ക്രമക്കേടിനു സമാനമായ കുറ്റകൃത്യങ്ങള്‍ കണ്ടലയിലും നടന്നിട്ടുണ്ടെന്നാണു പ്രോസിക്യൂഷന്‍ വാദം. 
8 വർഷത്തിനിടയിൽ ഭാസുരാംഗന്റെ കുടുംബാംഗങ്ങൾ ബാങ്കിൽ ‍നിന്നു വായ്പ, ചിട്ടി എന്നിങ്ങനെ അനധികൃതമായി 3.20 കോടി രൂപ നേടിയെടുത്തുവെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈടായി നൽകിയത് 11 സെന്റ് ഭൂമിയാണ്. ഇതിൽ പലിശ ഉൾപ്പെടെ തിരിച്ചടച്ചത് ഒരു കോടിയോളം മാത്രം. 

അനധികൃതമായി നേടിയ വായ്പത്തുക ഉപയോഗിച്ചാണ് മകന്റെ ബിസിനസ് സംരംഭങ്ങൾ തുടങ്ങിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. മാറനല്ലൂരിൽ  ‘എന്റെ കട’ ആണ് ഭാസുരാംഗന്റെ മകൻ അഖിൽജിത്ത് ആദ്യം ആരംഭിച്ചത്. ഇതു തകർന്നതോടെ അവിടെ ബിആർഎം എന്ന പേരിൽ സൂപ്പർമാർക്കറ്റ് ആരംഭിച്ചു. കോവിഡിന്റെ തുടക്കത്തിൽ ഈ സംരംഭവും നഷ്ടത്തിലായി. തുടർന്ന് പൂജപ്പുരയിൽ ഒരു ഹോട്ടൽ ആരംഭിച്ചു. സംരംഭങ്ങൾ നഷ്ടത്തിലായെങ്കിലും അഖിൽജിത്ത് ആഡംബര ജീവിതത്തിനു കുറവു വരുത്തിയില്ല. കോടികൾ വിലയുള്ള ആഡംബര കാറുകൾ, സ്പോർട്സ് ബൈക്കുകൾ തുടങ്ങിയവയെല്ലാം സ്വന്തമാക്കി. ഇവയുടെ രേഖകൾ ഇ.ഡി പരിശോധിച്ചിട്ടുണ്ട്.

English Summary:
N.Bhasurangan, son Akhiljith remanded in Kandala Co-op Bank scam case


Source link

Related Articles

Back to top button