തുരങ്കത്തിൽ കുടുങ്ങിയവരെ സ്ട്രെച്ചറിൽ പുറത്തെത്തിക്കുന്നത് ഇങ്ങനെ; പരിശീലന ദൃശ്യങ്ങൾ പുറത്തുവിട്ടു
ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ പുറത്ത് എത്തിക്കാനുള്ള രക്ഷാദൗത്യം അവസാന ഘട്ടത്തിലേക്ക്. തൊഴിലാളികൾക്ക് സമീപം എത്തിക്കുന്ന രക്ഷാകുഴലിലൂടെ അവരെ പുറത്തെത്തിക്കാനുള്ള പരീക്ഷണ ദൗത്യം എൻഡിആര്‍എഫ് പൂർത്തിയാക്കി. തുരങ്കത്തിനുള്ളിലേക്ക് 80 സെന്റിമീറ്റർ വ്യാസമുള്ള പൈപ്പ് കടത്താനുള്ള ഡ്രില്ലിങ് പുരോഗമിക്കുന്നതിനൊപ്പമാണ് പരീക്ഷണ രക്ഷാദൗത്യം നടത്തിയത്.
ചക്രങ്ങള്‍ ഘടിപ്പിച്ച സ്ട്രെച്ചറിലാണ് തൊഴിലാളികളെ പുറത്തെത്തിക്കുക. തൊഴിലാളികളെ ഓരോരുത്തരെയായി സ്ട്രെച്ചറില്‍ കിടത്തിയ ശേഷം പുറത്തുനിന്ന് കയര്‍ കെട്ടി വലിച്ചാണ് പുറത്തെത്തിക്കുക. ഡ്രില്ലിങ് യന്ത്രം ഉറപ്പിച്ചു വച്ചിരുന്ന കോൺക്രീറ്റ് അടിത്തറ വീണ്ടും സജ്ജമാക്കിയതിനു ശേഷമാണ് ഇന്ന് രക്ഷാപ്രവർത്തനം പുനരാരംഭിച്ചത്. പരീക്ഷണ രക്ഷാദൗത്യത്തിന്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ ഐഎഎൻഎസ് എക്സില്‍ പങ്കുവച്ചു.
#WATCH | | Uttarkashi (Uttarakhand) tunnel rescue: NDRF demonstrates the movement of wheeled stretchers through the pipeline, for the rescue of 41 workers trapped inside the Silkyara Tunnel once the horizontal pipe reaches the other side. pic.twitter.com/mQcvtmYjnk— ANI (@ANI) November 24, 2023
ഡ്രില്ലിങ് യന്ത്രം ഉറപ്പിച്ചു നിർത്തിയിരുന്ന കോൺക്രീറ്റ് ഭാഗം തകർന്നതോടെയാണ് കഴിഞ്ഞ ദിവസം രക്ഷാദൗത്യത്തിൽ പ്രതിസന്ധിയായത്. മറ്റു തടസ്സങ്ങളുണ്ടായില്ലെങ്കിൽ ഏതാനും മണിക്കൂറുകൾക്കകം രക്ഷാകുഴൽ സജ്ജമാക്കാമെന്നാണു പ്രതീക്ഷ. 6-8 മീറ്റർ കൂടിയാണ് ഇനി രക്ഷാകുഴലിനു മുന്നോട്ടു പോകാനുള്ളത്.
English Summary:
Uttarkashi Tunnel Rescue: NDRF Shows How 41 Stranded Workers Will Be Rescued