കൊച്ചി: ലോക ഫുട്ബോളിലെ ഏറ്റവും മനോഹര അന്തരീക്ഷമുള്ള കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ 2023-24 ഐഎസ്എൽ സീസണിലെ അഞ്ചാം ഹോം മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇറങ്ങും. 2021-22 ഫൈനലിൽ ബ്ലാസ്റ്റേഴ്സിനെ കീഴടക്കി ചാന്പ്യന്മാരായ ഹൈദരാബാദ് എഫ്സിയാണ് സ്വന്തം തട്ടകത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളി. രാത്രി 8.00നാണ് കിക്കോഫ്. ആറ് മത്സരങ്ങളിൽ 13 പോയിന്റുമായി നിലവിൽ രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഇന്ന് ജയമോ, സമനിലയോ നേടിയാൽ ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരം കൊന്പന്മാർക്കുണ്ട്. ഒന്ന് താത്കാലികം ജയത്തോടെ പോയിന്റ് പട്ടികയിൽ താത്കാലികമായെങ്കിലും ഒന്നാം സ്ഥാനത്ത് എത്തുക എന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. അഞ്ച് മത്സരങ്ങളിൽ 13 പോയിന്റുള്ള എഫ്സി ഗോവ, നാല് മത്സരങ്ങളിൽ 12 പോയിന്റുള്ള മോഹൻ ബഗാൻ, അഞ്ച് മത്സരങ്ങളിൽ 11 പോയിന്റുള്ള മുംബൈ സിറ്റി ടീമുകളാണ് ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം സ്ഥാനത്തിനു വെല്ലുവിളി ഉയർത്തുന്നവർ. എഎഫ്സി കപ്പിനൊരുങ്ങുന്ന മോഹൻ ബഗാനും എഎഫ്സി ചാന്പ്യൻസ് ലീഗിനൊരുങ്ങുന്ന മുംബൈ സിറ്റിക്കും ഡിസംബറിൽ മാത്രമാണ് ഐഎസ്എൽ മത്സരങ്ങളുള്ളത്. ഗോവ 27ന് ജംഷഡ്പുരിനെതിരേ ഇറങ്ങും. എന്നാൽ, ഇന്ന് ജയിച്ചാൽ മറ്റ് ടീമുകൾക്ക് മുകളിൽ സമ്മർദം ചെലുത്താനുള്ള അവസരം ബ്ലാസ്റ്റേഴ്സിനുണ്ട്.
ഇവർ മടങ്ങിയെത്തും പരിക്കേറ്റ് വിശ്രമത്തിലായിരുന്ന മാർക്കൊ ലെസ്കോവിച്ച്, സസ്പെൻഷനിലായിരുന്ന മിലോസ് ഡ്രിൻസിച്ച്, പ്രബീർ ദാസ് എന്നീ പ്രതിരോധക്കാർ ബ്ലാസ്റ്റേഴ്സ് സംഘത്തിലേക്ക് മടങ്ങിയെത്തും. അതേസമയം, ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ രണ്ട് മഞ്ഞക്കാർഡിലൂടെ സസ്പെൻഷനിലായ സ്ട്രൈക്കർ ദിമിത്രിയോസ് ഡയമാന്റകോസ് ഇന്ന് മഞ്ഞപ്പട സംഘത്തിൽ ഇല്ല. ദിമിത്രിക്കു ‘ശിക്ഷ’ നൽകി ഇവാൻ ഐഎസ്എൽ ഫുട്ബോളിൽ ഈസ്റ്റ് ബംഗാളിനെതിരേ രണ്ട് മഞ്ഞക്കാർഡ് കണ്ട് പുറത്തിരിക്കേണ്ടവന്ന ദിമിത്രിയോസ് ഡയമാന്റകോസിന് ശിക്ഷ നൽകി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി മാനേജർ ഇവാൻ വുകോമനോവിച്ച്. ടീമിന്റെ ഡിന്നർ ബിൽ, സെർവിംഗ് തുടങ്ങിയ രസകരമായ ശിക്ഷയായിരുന്നു ദിമിത്രിയോസിന് ഇവാൻ നൽകിയത്. ഗോൾ അടിച്ചശേഷം ജഴ്സി ഉൗരിയതിനായിരുന്നു ദിമിത്രിയോസിന്റെ രണ്ടാം മഞ്ഞക്കാർഡ്. ‘രണ്ട് വർഷമായി ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വിഷമം പിടിച്ച എതിരാളികളിൽ ഒന്നാണ് ഹൈദരാബാദ്. എല്ലാ സാധ്യതകളും മുതലെടുത്ത് മൂന്ന് പോയിന്റ് സ്വന്തമാക്കുകയാണ് ലക്ഷ്യം’ – ഇവാൻ വുകോമനോവിച്ച് പറഞ്ഞു.
Source link