ന്യൂഡൽഹി ∙ നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാത്ത കേരള ഗവർണറുടെ നടപടി ചോദ്യം ചെയ്തുള്ള സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ, പഞ്ചാബ് കേസിലെ ഉത്തരവ് വായിച്ചു നോക്കാൻ രാജ്ഭവൻ സെക്രട്ടറിക്ക് സുപ്രീം കോടതിയുടെ നിർദേശം. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇതിനു ശേഷം മറുപടി അറിയിക്കാൻ അറ്റോർണി ജനറലിനോട് കോടതി നിർദേശിച്ചു. ഹിൻഡൻബർഗ് അദാനി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസിൽ വാദം നീണ്ടുപോയതിനാൽ കേരളത്തിന്റെ ഹർജിയിൽ പരിമിതമായ സമയത്തേക്കാണ് കോടതി ഇന്ന് വാദം കേട്ടത്..
പഞ്ചാബ് ഗവർണറുമായി ബന്ധപ്പെട്ട കേസിലെ പൂർണമായ വിധിപ്പകർപ്പ് വ്യാഴാഴ്ചയാണ് കോടതി പുറത്തുവിട്ടത്. ബില്ലുകളിൽ ഒപ്പിടുന്ന ഗവർണറുടെ അധികാരത്തെ സംബന്ധിച്ച കാര്യങ്ങൾ വിധിയിൽ പരാമർശിക്കുന്നുണ്ട്. ഭരണഘടനയുടെ 200–ാം അനുച്ഛേദം പ്രകാരം ബില്ലുകൾ ഒപ്പിടുന്നതിൽനിന്ന് നിയമസഭയെ മറികടക്കാൻ ഗവർണർക്ക് കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഗവർണർക്ക് ബിൽ തിരിച്ചയക്കാമെന്നും എന്നാൽ വീണ്ടും പരിഗണനയ്ക്ക് എത്തിയാൽ ഒപ്പിടണമെന്നുമാണ് 200–ാം അനുച്ഛേദം നിഷ്കർഷിക്കുന്നത്. നിയമസഭ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്നതാണെന്നും അതിനെ മറികടക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും വിധിപ്പകർപ്പിൽ കോടതി വ്യക്തമാക്കി.
കേരളത്തിനു വേണ്ടി കേസിൽ ഹാജരായത് മുതിർന്ന അഭിഭാഷകൻ കെ.കെ.വേണുഗോപാലാണ്. പഞ്ചാബിലേതിന് സമാനമാണ് കേരളത്തിലെ അവസ്ഥയെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ഒപ്പിടുന്ന ബില്ലുകൾ ഗവർണർ തടയുകയാണെന്നും വേണുഗോപാൽ കോടതിയിൽ പറഞ്ഞു. രാജ്ഭവനുവേണ്ടി അറ്റോർണി ജനറൽ ആർ.വെങ്കട്ടരമണിയാണ് ഹാജരായത്. കേസിൽ ചില കാര്യങ്ങൾ ബോധിപ്പിക്കാനുണ്ടെന്നന് എജി പറഞ്ഞെങ്കിലും കേസ് ചോവ്വാഴ്ച വീണ്ടും പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. പഞ്ചാബ് ഗവർണർക്കെതിരായ കേസിലും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്.
ബില്ലുകൾ പിടിച്ചുവച്ചുകൊണ്ടു നിയമനിർമാണ സഭകളെ ‘വീറ്റോ’ ചെയ്യാൻ ഗവർണർക്കാകില്ലെന്നും നിയമനിർമാണസഭകളുടെ സാധാരണ നടപടിക്രമത്തെ തച്ചുടയ്ക്കാൻ ഗവർണർക്കു തന്റെ അധികാരം ഉപയോഗിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ബില്ലിൽ ഒപ്പുവയ്ക്കുന്നില്ലെങ്കിൽ അതു നിയമസഭയുടെ പുനഃപരിശോധനയ്ക്കായി മടക്കി നൽകണമെന്നും പഞ്ചാബ് സർക്കാരും ഗവർണറും തമ്മിലുള്ള കേസിന്റെ വിധിന്യായത്തിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിശദീകരിച്ചു.
ബില്ലിൽ ഗവർണർ ഒപ്പുവയ്ക്കുന്നില്ലെങ്കിൽ എന്തുചെയ്യണമെന്നു ബില്ലുകൾക്കുള്ള അനുമതി സംബന്ധിച്ച ഭരണഘടനയുടെ 200–ാം വകുപ്പിലുള്ള അവ്യക്തത പരിഹരിക്കുന്നതാണു വിധി. നിയമസഭ ഒരു ബിൽ പാസാക്കി ഗവർണർക്ക് അയച്ചാൽ 200–ാം വകുപ്പുപ്രകാരം 3 കാര്യങ്ങളാണു ഗവർണർക്ക് ചെയ്യാവുന്നത്: 1. ബില്ലിൽ ഒപ്പുവച്ച് അനുമതി നൽകാം 2. അനുമതി നൽകാതിരിക്കാം 3. രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടാം. അനുമതി നൽകുന്നില്ലെങ്കിൽ പിന്നീടെന്ത് എന്ന കാര്യത്തിലാണു വ്യക്തയില്ലാതിരുന്നത്. അനുമതി നൽകുന്നില്ലെങ്കിൽ ബിൽ നിയമസഭയ്ക്കു തിരികെ നൽകണം എന്നാണു കോടതി ഇപ്പോഴത്തെ വിധിയിലൂടെ വ്യക്തത വരുത്തിയത്.
English Summary:
Governor – Government Issue: Supreme Court Directed Raj Bhavan Secretary to Read Punjab Case Verdict
Source link