LATEST NEWS

ഒറ്റയ്ക്കായതിനാൽ വാടകവീട് ലഭിക്കുന്നില്ല; ഇൻസ്റ്റഗ്രാം വിഡിയോയിൽ കരഞ്ഞ് ഹിന്ദി സീരിയൽ നടി

ന്യൂഡൽഹി∙ ഒറ്റയ്ക്ക് ആയതിനാൽ വാടകയ്ക്കു താമസിക്കാൻ വീടു ലഭിക്കുന്നില്ലെന്ന പരാതിയുമായി ഹിന്ദി ടെലിവിഷൻ താരവും ബോളിവുഡ് നടി സുസ്മിത സെന്നിന്റെ സഹോദരന്റെ മുൻ ഭാര്യയുമായ ചാരു അസോപ. സമൂഹമാധ്യമത്തിൽ വളരെ വിഷമത്തോടെ കരഞ്ഞുകൊണ്ട് പങ്കിട്ട വിഡിയോയിലും കുറിപ്പിലുമാണ് ചാരു തന്റെ പ്രതിസന്ധി വിവരിച്ചത്. ആൺതുണയില്ലാതെ പെണ്ണിനു ജീവിക്കാൻ കഴിയാത്ത രീതിയിലേക്കു രാജ്യം മാറിയോ എന്നാണ് ചാരു കുറിപ്പിലൂടെ ചോദിക്കുന്നത്. 
‘‘ഈ സമൂഹത്തിൽ സ്ത്രീകൾ എന്തു ചെയ്യുന്നു എന്നുള്ളതിനു യാതൊരു പ്രസക്തിയുമില്ലാതായിരിക്കുന്നു. എന്തൊക്കെ അവൾ ചെയ്താലും സമൂഹത്തിന്റെ ചിന്താഗതി മാറ്റാനാകില്ല. ഇന്നും ഒരു പെണ്ണിന്റെ പേരിനോട് ആണിന്റെ പേരു ചേർന്നിട്ടില്ലെങ്കിൽ അവൾക്കു വീടുപോലും ലഭിക്കാത്ത സ്ഥിതിയാണ്. രാജ്യത്തെ സ്ത്രീകളുടെ അവസ്ഥ ഏറെ പരിതാപകരമാണ്. ഇന്നു വീടു തരാൻ വിസ്സമ്മതിക്കുന്ന ഇവരൊക്കെയാകട്ടെ പുറത്തിറങ്ങി സ്ത്രീശാക്തീകരണത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുകയും ചെയ്യുന്നു. ഞാൻ ഭർത്താവ് കൂടെയില്ലാത്ത സ്ത്രീ ആയതിനാൽ, സിംഗിൾ മദർ ആയതിനാൽ വീണ്ടും ഇന്ന് എനിക്ക് വീട് നിഷേധിക്കപ്പെട്ടിരിക്കുന്നു. സ്ത്രീകളെ ആരാധിക്കുന്ന രാജ്യത്ത് സ്ത്രീകളുടെ അവസ്ഥ ഇതാണ്’’– ചാരു കുറിപ്പിൽ പറയുന്നു. 

ചാരുവിന്റെ കുറിപ്പിനു താഴെ പ്രതികരണവുമായി നിരവധി പേരാണ് എത്തിയത്. അതിൽ ദൾജീത് കൗർ എന്ന നടി പറയുന്നത് തീർത്തും വ്യത്യസ്തമായ അനുഭവമാണ്. ‘‘ഭർത്താവുമായി വേർപിരിഞ്ഞ് വന്നപ്പോൾ എന്റെ വീട്ടുടമ വളരെ സ്നേഹത്തോടെയാണു സ്വീകരിച്ചത്. കോവിഡ് സമയത്ത് വീടിന്റെ വാടക വരെ കുറച്ചു. നിങ്ങൾക്ക് എത്രയും പെട്ടെന്ന് നല്ലൊരു വീട് കണ്ടെത്താൻ കഴിയും’’ – അവർ കുറിച്ചു. പ്രതീക്ഷ കൈവിടരുതെന്നും അവർ ചാരുവിനെ ഉപദേശിക്കുന്നുമുണ്ട്. 

2019ലാണ് ചാരു അസോപ സുസ്മിത സെന്നിന്റെ സഹോദരൻ രാജീവ് സെന്നിനെ വിവാഹം ചെയ്തത്. 2021ൽ ഇവർക്ക് ഒരു മകളും പിറന്നു. ഈ വർഷം ആദ്യമാണ് ഇരുവരം വേർപിരിയുന്നതായി അറിയിച്ചത്. ഹിന്ദിയിലെ നിരവധി ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തയാണ് ചാരു. 

English Summary:
Actor Charu Asopa Claims She Was Denied House On Rent Because She Is Single


Source link

Related Articles

Back to top button