മാത്യവിന്റെ ഓമന; വെറുതെയല്ല ജ്യോതികയുടെ ഈ രണ്ടാം വരവ്
വളരെ ശക്തമായ കഥാപാത്രങ്ങൾ ചെയ്ത് തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിൽ തന്റെ വ്യക്തി സാന്നിധ്യം തെളിയിച്ച നടി ജ്യോതികയുടെ കരിയർ ബെസ്റ്റ് ഏതെന്ന് ചോദിച്ചാൽ സിനിമാ പ്രേമികൾക്ക് പറയാൻ ഒട്ടേറെ ചിത്രങ്ങളുണ്ടാകും. എന്നാൽ അത് തിരുത്തി പറയാവുന്ന ചിത്രമാണ് കാതൽ. 36 വയതിനിലെയും രാക്ഷസിയും പോലെ തന്നെ ശക്തമായ കഥാപാത്രമാണ് കാതലിലെ ഓമന.
പതിഞ്ഞ താളത്തിൽ ഓമന
പതിഞ്ഞ താളത്തിൽ സംസാരിക്കുന്ന ജ്യോതികയുടെ ഓമന എന്ന കഥാപാത്രം സിനിമയുടെ തുടക്കം മുതൽ തന്നെ ഉള്ളിൽ എന്തൊക്കെയോ ഒളിപ്പിച്ചുവച്ച പോലെ തോന്നിക്കും. സിനിമയുടെ പോസ്റ്ററിൽ മമ്മൂട്ടിയുടെയും ജ്യോതികയുടെയും ഒരു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം കാണാമായിരുന്നു. സിനിമയുടെ പ്രമേയം അവർ തമ്മിലുള്ള പ്രണയമാണെന്ന് ആദ്യം തെറ്റിധരിച്ചു. എന്നാൽ അതിനേക്കാൾ ആഴമേറിയ ഒരു ബന്ധമാണ് അവർക്കിടയിൽ ഉള്ളത് എന്ന് കാതൽ കാണിച്ചുതന്നു.
ഒരുകാലത്ത് തമിഴ് സിനിമയിൽ നായികാ കഥാപാത്രങ്ങളിൽ നിറഞ്ഞ് നിന്ന ജ്യോതിക വർഷങ്ങൾക്കിപ്പുറവും അതേ പ്രസരിപ്പോടെ തിരശ്ശീലയിൽ തെളിയുന്നത് കാണാം. മമ്മൂട്ടിയുമായുള്ള കോമ്പിനേഷൻ സീനുകളിൽ വളരെ എടുത്തു പറയാവുന്ന സ്ക്രീൻ പ്രസൻസ് അവർക്കുണ്ട്. സിനിമയിലെ വർഷങ്ങളുടെ എക്സ്പീരിയൻസ് ജ്യോതികയുടെ സൂക്ഷ്മമായ ഓരോ ചലനത്തിലും വ്യക്തമാണ്. ആ അനുഭവങ്ങൾ അവരുടെ അഭിനയത്തെ കൂടുതൽ പക്വതയിലേക്ക് മാറ്റിയിരിക്കുന്നു. വൈകാരികമായ രംഗങ്ങളിൽ എല്ലാം തന്നെ ജ്യോതികയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്.
ചിത്രങ്ങൾ അഖിൽ ആനന്ദൻ
സിനിമയിൽ മാത്യുവും ഓമനയും കെട്ടിപ്പിടിച്ച് കരയുന്ന ഒരു രംഗമുണ്ട്. ആ രംഗത്തിന്റെ തീക്ഷ്ണത പ്രേക്ഷകനിലേക്ക് എത്തുന്നത് മമ്മൂട്ടിയുടെയും ജ്യോതികയുടെയും അത്യുജ്ജ്വലമായ പ്രകടനം മൂലമാണ്. എന്നാൽ ആ പ്രകടനം വളരെ സൂക്ഷ്മവുമാണ്. ഇടറിക്കൊണ്ട് പറയുന്ന വാക്കുകളിൽ പോലും ആ സൂക്ഷ്മത കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്.
നിശബ്ദതയിൽ മുങ്ങി നിൽക്കുന്ന രംഗങ്ങൾ
ഇടറാതെ തന്നെ നിശബ്ദതയിൽ മുങ്ങി നിൽക്കുന്ന രംഗങ്ങളിലും അവർ പ്രേക്ഷകനെ കരയിക്കുന്നു. വളരെ സൂക്ഷ്മമായി സംഭാഷണത്തെയും വൈകാരികതയെയും മുറുകെ പിടിച്ചു കൊണ്ടാണ് ജ്യോതിക അഭിനയിക്കുന്നത്. ഇടറി പോയി കൊണ്ട് വാക്കുകൾ തിരയുന്ന, നിലവിളിക്കുന്ന മമ്മൂട്ടിയെയും സിനിമയിൽ കാണാം. ആ അഭിനയവൈഭവം മലയാളികൾക്ക് സുപരിചിതമാണ്. എത്ര പരിചിതമാണെങ്കിലും കഥാപാത്ര രൂപീകരണത്തിലും തിരഞ്ഞെടുക്കലിലും സിനിമാപ്രേമികളെ എന്നും വിസ്മയിപ്പിക്കുന്ന തീരുമാനങ്ങളെടുത്തിട്ടുള്ള നടനാണ് അദ്ദേഹം. കാതലിലും അതു തുടരുന്നു. യാതൊരു പൗരുഷ ചട്ടക്കൂടുകളും ഇല്ലാതെ ഒരു സാധാരണക്കാരൻ. വേദനയും പ്രണയവും ആത്മസംഘർഷങ്ങളും നിറഞ്ഞ ലോഹിതദാസ് കഥാപാത്രങ്ങളെ പോലെ ഒരു മനുഷ്യൻ.
കാതലാണ് അടിസ്ഥാനം
കാതലാണ് സിനിമയുടെ അടിസ്ഥാനം. ഓരോ കഥാപാത്രങ്ങളുടെയും ഏറ്റവും അന്തരാത്മാവിൽ എന്താണുള്ളത് എന്ന്. ആ കാതലിലെ ആത്മസംഘർഷങ്ങളുടെ പ്രതിബിംബം കഥാപാത്രങ്ങളുടെ മുഖത്ത് ഉടനീളം കാണാം. ഓമനയുടെ കണ്ണുകളിലെ വേദന മാത്യുവിനോടുള്ള പകയോ പ്രതികാരമോ അല്ല മറിച്ച് നിബന്ധനകൾ ഇല്ലാത്ത സ്നേഹമാണെന്ന് പിന്നീട് പ്രേക്ഷകൻ തിരിച്ചറിയും വിധമാണ് ആ കഥാപാത്രത്തിലൂടെ ജ്യോതിക ജീവിച്ചത്.
ചിത്രങ്ങൾ അഖിൽ ആനന്ദൻ
ജോസഫിലെ ജോജുവിന്റെ ജോസഫും ദിലീഷ് പോത്തന്റെ പീറ്റർ എന്ന കഥാപാത്രവും തമ്മിലുള്ള ഒരു വൈകാരിക അടുപ്പം പോലെ തന്നെയാണ് ഇവിടെ ഓമനയും മാത്യുവും തമ്മിലുള്ളത്. അപൂർവമായി മാത്രം കാണാൻ കഴിയുന്ന, ഇന്നോളം നാം കണ്ട സ്നേഹബന്ധങ്ങളുടെ വ്യാഖ്യാനങ്ങളിൽ ഒതുക്കി നിർത്താൻ കഴിയാത്ത ഒരു അനുഭവം.
കാതൽ = മനുഷ്യന്റെ ഉള്ള്
സിനിമയുടെ ടൈറ്റിലിനെ കാതൽ എന്ന അർത്ഥത്തിൽ അല്ല വിവർത്തനം ചെയ്യേണ്ടത് മറിച്ച് മനുഷ്യന്റെ ഉള്ള് എന്ന നിലയിലാണ്. പരസ്പരം പൂർണതയിൽ എത്താൻ മനുഷ്യനെ പ്രാപ്തമാക്കുന്ന പ്രണയം എന്ന വികാരത്തെ മുറുകെ പിടിക്കുന്ന സിനിമ കൂടിയാണ് കാതൽ. ഇവിടെ പക്ഷേ ആ പ്രണയത്തിന് വിവിധ മാനങ്ങൾ ഉണ്ട്. അഭ്രപാളിയിലെ സ്ഥിരം കാഴ്ചകളിൽ നിന്നു ഈ പ്രണയവും ഇതിലെ ബന്ധങ്ങളും ബന്ധങ്ങളുടെ സ്വഭാവും വ്യത്യസ്തമാണ്. മനുഷ്യനേ ചേർത്തു നിർത്താൻ, അല്ലെങ്കിൽ പരസ്പരം താങ്ങായി മാറാൻ വിവാഹത്തിന്റെ ചട്ടക്കൂടുകൾ ഒന്നും തന്നെ ആവശ്യമില്ലെന്ന് സിനിമ കണ്ടിറങ്ങുമ്പോൾ തോന്നാം.
എന്നാൽ എല്ലാത്തിനും അപ്പുറം തങ്കൻ എന്ന കഥാപാത്രവും മാത്യുവും തമ്മിലുള്ള ബന്ധമാണ് ഏറ്റവും സൂക്ഷ്മമായി, ഒട്ടും വോക്കൽ ആവാതെ ഒരു ചെറിയ പുഞ്ചിരി കൊണ്ടും ഒരു ചെറിയ നോട്ടം കൊണ്ടും സിനിമയിൽ പറഞ്ഞുപോയത്. മലയാള സിനിമയിൽ അങ്ങനെ ഒന്ന് കൊണ്ടുവരിക എന്നത് ഒരു വലിയ നേട്ടം തന്നെയാണ്. അങ്ങനെയൊന്ന് കൊണ്ടുവരുന്നതിനേക്കാൾ പ്രേക്ഷകന് അതിനോട് ഒരു വൈകാരിക അടുപ്പം സൃഷ്ടിക്കുക എന്നത് അതിനേക്കാൾ പ്രാധാന്യമുള്ളതും. അവിടെയാണ് കാതലിന്റെ വിജയം. ആ ബന്ധത്തിനെ ഓമന നോക്കി കാണുന്ന രീതിയും ആ ബന്ധം അറ്റു പോകാതിരിക്കാനുള്ള ഓമനയുടെ ശ്രമങ്ങളെയും എത്ര മനോഹരമായാണ് ജ്യോതിക കാഴ്ചവച്ചത്.
എല്ലാ മനുഷ്യനും അവനവൻ ആഗ്രഹിക്കുന്ന ജീവിതം ജീവിക്കാൻ കഴിയാതെ ബന്ധങ്ങളിൽ അകപ്പെട്ടു പോകുന്നുവെന്നും സിനിമ ഓർമിപ്പിക്കുന്നു. അതിൽ നിന്നുള്ള ഇറങ്ങി നടക്കലിൽ പോലും പകയോ പ്രതികാരമോ ഇല്ലാതെ കൂടെ നിൽക്കാൻ ആകുമെന്നും സിനിമ പറഞ്ഞ് വയ്ക്കുന്നു.ത്രില്ലറുകൾ നിറഞ്ഞ നിൽക്കുന്ന മലയാള സിനിമയിൽ മനുഷ്യന്റെ വികാരങ്ങളിൽ ഊന്നൽ നൽകിയുള്ള കാതൽ ഒരു മാറ്റം തന്നെയാണ്. ജ്യോതികയുടെ കൂടുതൽ ശക്തമായ കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് കാണാനാകട്ടെ.
Source link