LATEST NEWS

77കാരൻ മരിച്ചത് വാഹനാപകടത്തിലെന്ന് പൊലീസ്; കൊലപാതകമെന്ന് കണ്ടെത്തി മകൻ, മോഷ്ടാവ് അറസ്റ്റിൽ

ബെംഗളൂരു ∙ വയോധികൻ മരിച്ചത് വാഹനാപകടത്തിൽ ആണെന്നു കരുതിയതു കൊലപാതകമാണെന്നു വെളിപ്പെടുത്തൽ. ബെംഗളൂരു സ്വദേശി വി.വി.കൃഷ്ണപ്പയുടെ (77) മരണത്തിലാണു ഞെട്ടിക്കുന്ന കണ്ടെത്തൽ. സിസിടിവി ദൃശ്യങ്ങളാണു സത്യം പുറത്തുകൊണ്ടുവന്നത്.
നവംബർ 16ന് ബെംഗളൂരുവിലെ പാലസ് ഗട്ടഹള്ളി പ്രദേശത്ത് വീടിനടുത്തുള്ള കടയിലേക്കു മരുന്നു വാങ്ങാൻ ഇറങ്ങിയതായിരുന്നു കൃഷ്ണപ്പ. മരുന്നുവാങ്ങി പാർക്കിങ് ഏരിയയിൽ മടങ്ങിയെത്തിയപ്പോൾ തന്റെ ഇരുചക്ര വാഹനത്തിൽ മറ്റൊരു ബൈക്ക് യാത്രക്കാരൻ ഇടിക്കുന്നതു കണ്ടു. സർഫറസ് ഖാൻ എന്നയാളാണു ബൈക്ക് ഓടിച്ചിരുന്നത്. ഇയാളുടെ അടുത്തെത്തിയ കൃഷ്ണപ്പ, മര്യാദയോടെ വാഹനമോടിക്കണമെന്നു പറഞ്ഞു.

കൃഷ്ണപ്പയുടെ സംസാരം ഇഷ്ടപ്പെടാതിരുന്ന സർഫറസ് ഖാൻ രോഷാകുലനായി. വഴിയിൽനിന്നു കല്ലെടുത്ത് കൃഷ്ണപ്പയുടെ തലയിൽ ഇടിച്ചശേഷം ബൈക്കുമായി കടന്നുകളഞ്ഞു. കുറച്ചുകഴിഞ്ഞ് ഇതുവഴി വന്നവരാണു വയോധികൻ റോഡിൽ വീണു കിടക്കുന്നതു കണ്ടത്. വാഹനാപകടത്തിൽ പരുക്കേറ്റതാണെന്നു കരുതി ആശുപത്രിയിൽ എത്തിച്ചു. ചികിത്സയ്ക്കിടെ ഇദ്ദേഹം മരിക്കുകയായിരുന്നു.

വാഹനാപകടമെന്ന തരത്തിലാണു പൊലീസ് കേസെടുത്തത്. വിവരമറിഞ്ഞു കൃഷ്ണപ്പയുടെ മകൻ സതീഷ് ആശുപത്രിയിലെത്തി. അപകടക്കഥ അത്ര വിശ്വസനീയമായി സതീഷിനു തോന്നിയില്ല. അടുത്തദിവസം മെഡിക്കൽ ഷോപ്പിലെ സിസിടിവി ദൃശ്യങ്ങൾ നേരിട്ടുപോയി പരിശോധിച്ചു. അപ്പോഴാണു സർഫറസ് ഖാൻ എന്നയാൾ വഴക്കിടുന്നതും കല്ലുകൊണ്ട് കൃഷ്ണപ്പയെ ഇടിക്കുന്നതും കണ്ടത്.

ഇക്കാര്യങ്ങൾ സതീഷ് പൊലീസിനെ അറിയിച്ചു. തുടർന്ന് സർഫറസ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുപ്രസിദ്ധനായ ബൈക്ക് മോഷ്ടാവാണെന്നും പാർക്കിങ് ഏരിയയിൽനിന്ന് ബൈക്കുമായി പോകുമ്പോഴാണു കൃഷ്ണപ്പയുടെ വാഹനത്തിൽ ഇടിച്ചതെന്നും പൊലീസ് പറഞ്ഞു.

English Summary:
Bengaluru 77-Year-Old Dies In ‘Accident’, CCTV Footage Reveals Murder


Source link

Related Articles

Back to top button