ടെൽ അവീവ്∙ ഇസ്രയേൽ – ഹമാസ് യുദ്ധത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചേക്കുമെന്ന വാർത്തകൾക്കിടെ ബന്ദികളെ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട അന്തിമ ചർച്ചകൾക്കായി ഖത്തറിലേക്കു പറന്ന് ഇസ്രയേല്‍ ചാരസംഘടനാ മേധാവി. ചാരസംഘടനയായ മൊസാദിന്റെ തലവൻ ഡേവിഡ് ബാർനിയ ആണ് ഖത്തറിലെത്തി പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനിയുമായി ബന്ദി വിഷയം ചർച്ച ചെയ്യാൻ എത്തുന്നത്. വ്യാഴാഴ്ച മുതൽ ചർച്ചകൾ നടക്കുമെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
ഇസ്രയേലിന് അനുകൂലമായി തീരുമാനങ്ങളെടുപ്പിക്കാനാണ് ബാർനിയയുടെ യാത്രയെന്ന് ഇസ്രയേൽ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. ഇസ്രയേലിന്റെ ജയിലുകളിൽ കഴിയുന്ന പലസ്തീൻ തടവുകാരെ വിട്ടയയ്ക്കണമെന്നതാണ് ഹമാസിന്റെ പ്രധാന ആവശ്യം. അതേസമയം, വനിതകളെയും കുട്ടികളെയും മാത്രമേ ഇങ്ങനെ വിട്ടയയ്ക്കൂയെന്നും കൊലപാതക കുറ്റത്തിന് ജയിലിൽക്കിടക്കുന്നവരെ വിട്ടയ്ക്കില്ലെന്നും ഇസ്രയേൽ നിലപാട് സ്വീകരിച്ചിട്ടുണ്ട്.
ഒക്ടോബർ ഏഴിന് പിടികൂടിയ ഇസ്രയേൽ പൗരന്മാരിൽ 50 പേരെ വിട്ടയയ്ക്കുമ്പോൾ തിരിച്ച് 300 പലസ്തീൻകാരെ വിട്ടയ്ക്കണമെന്ന ഹമാസിന്റെ ആവശ്യം ഇസ്രയേൽ അംഗീകരിച്ചിട്ടുണ്ട്. അടുത്ത നാലു ദിവസത്തിനിടയിൽ 80 പേരെ ഹമാസ് വിട്ടയയ്ക്കുമെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.
അതേസമയം, ഹമാസിന്റെ ആവശ്യങ്ങൾ അംഗീകരിച്ചുകൊടുക്കുന്നതിനെതിരെ ഇസ്രയേലിന്റെ ധനമന്ത്രി ബെസാസേൽ സ്മോട്രിച്ചും ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ ഗിവിറും രംഗത്തെത്തിയിട്ടുമുണ്ട്.
English Summary:
Mossad Chief’s Crucial Mission: Facilitating Israel-Hamas Hostage Deal in Qatar
Source link