കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ സീസണിലെ ഏഴാം പോരാട്ടം നാളെ. ഹോം ഗ്രൗണ്ടായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഹൈദരാബാദ് എഫ്സിക്കെതിരേയാണു മത്സരം. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ അഞ്ചാം ഹോം മത്സരമാണ് നാളെ രാത്രി എട്ടിന് അരങ്ങേറുക. ആറു മത്സരങ്ങളിൽ 13 പോയിന്റുമായി രണ്ടാം സ്ഥാനത്താണു മഞ്ഞപ്പട. പരിക്കേറ്റു പുറത്തായതും സസ്പെൻഷനിലുള്ളതുമായ മൂന്നു കളിക്കാർ മഞ്ഞപ്പടയുടെ പ്ലെയിംഗ് ഇലവനിലേക്കു തിരിച്ചെത്തുന്ന മത്സരമാണു ഹൈദരാബാദിനെതിരേയുള്ളത്. മുംബൈ സിറ്റിക്കെതിരായ പോരാട്ടത്തിൽ ചുവപ്പുകാർഡ് കണ്ടു പുറത്തായ മിലോസ് ഡ്രിൻസിച്ച്, മൂന്നുമത്സര വിലക്കിനുശേഷം പ്രബീർ ദാസ് എന്നിവരാണ് ടീമിലേക്കു തിരിച്ചെത്തുന്നത്.
പരിക്കിനെത്തുടർന്നു സീസണിൽ ഇതുവരെ ഇറങ്ങാതിരുന്ന ക്രൊയേഷ്യൻ സെന്റർ ഡിഫൻഡർ മാർക്കൊ ലെസ്കോവിച്ചും ടീമിലേക്കു തിരിച്ചെത്താനുള്ള തയാറെടുപ്പിലാണ്. പ്രതിരോധത്തിൽ മൂന്നു കളിക്കാർ മടങ്ങിവരുന്പോൾ മുന്നേറ്റത്തിൽ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റകോസ് സസ്പെൻഷനിലാണ്. ഡൈസുകെ സകായ്, അഡ്രിയാൻ ലൂണ എന്നിവർ സ്റ്റാർട്ടിംഗ് ഇലവനിലുണ്ടാകും. അതേസമയം, ഹൈദരാബാദിന് ഈ സീസണിൽ ഇതുവരെ ഒരു ജയം പോലും നേടാൻ സാധിച്ചിട്ടില്ല.
Source link