ഉത്തരകാശിയിലെ രക്ഷാപ്രവർത്തനം ഇന്നത്തേക്ക് നിർത്തി; തൊഴിലാളികളുടെ കാത്തിരിപ്പ് 13–ാം ദിവസത്തിലേക്ക്
ഉത്തരകാശിയിലെ രക്ഷാപ്രവർത്തനം ഇന്നത്തേക്ക് നിർത്തി; തൊഴിലാളികളുടെ കാത്തിരിപ്പ് 13–ാം ദിവസത്തിലേക്ക്– Uttarakhand Tunnel Rescue | Uttarakhand Tunnel Crash News | Malayalam News | Manorama News
ഉത്തരകാശിയിലെ രക്ഷാപ്രവർത്തനം ഇന്നത്തേക്ക് നിർത്തി; തൊഴിലാളികളുടെ കാത്തിരിപ്പ് 13–ാം ദിവസത്തിലേക്ക്
മനോരമ ലേഖകൻ
Published: November 23 , 2023 07:29 AM IST
Updated: November 23, 2023 08:04 PM IST
1 minute Read
തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിനു മുന്നിൽ സജ്ജീകരിച്ചിരിക്കുന്ന ആംബുലൻസ് ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ
ഉത്തരകാശി∙ മണ്ണിടിച്ചിലിനെത്തുടർന്ന് ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾക്കായുള്ള രക്ഷാദൗത്യം ഇന്നത്തേക്ക് നിർത്തിവച്ചു. ഡ്രില്ലിങ് യന്ത്രം ഉറപ്പിച്ചു വച്ചിരുന്ന കോൺക്രീറ്റ് അടിത്തറ തകർന്നതിനേത്തുടർന്നാണ് ദൗത്യം തടസ്സപ്പെട്ടത്. തൊഴിലാളികൾക്ക് പുറത്ത് ഇറങ്ങാനുള്ള പൈപ്പ് അവർക്കു സമീപം എത്തിക്കാനാവാതെ ഇന്നത്തെ പ്രവർത്തനം നിർത്തുകയായിരുന്നു. ഇതോടെ തുരങ്കത്തിനകത്തുള്ള തൊഴിലാളികളുടെ കാത്തിരിപ്പ് 13–ാം ദിവസത്തിലേക്ക് കടന്നു.
ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് 12 ദിവസമായി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സ്ഥലം സന്ദർശിച്ച ശേഷം തിരികെ പോകുന്ന കേന്ദ്രമന്ത്രി വി.കെ.സിങ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി എന്നിവർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ
കോൺക്രീറ്റ് അടിത്തറ കെട്ടിയാലേ ഇനി രക്ഷാപ്രവർത്തനം പുനരാരംഭിക്കാനാവൂ. അടിത്തറ കെട്ടുന്നതിനൊപ്പം ഇത് ഉറയ്ക്കാനും സമയം നൽകേണ്ടതുണ്ട്. ഇതിനായി വെള്ളിയാഴ്ച ഉച്ചവരെയെങ്കിലും കാത്തിരിക്കേണ്ടിവരും. ഉച്ചയോടെ രക്ഷാദൗത്യം പുനരാരംഭിച്ചാൽ വൈകുന്നേരത്തോടെ തൊഴിലാളികളെ പുറത്ത് എത്തിക്കാനാവുമെന്നാണ് എൻഡിആർഎഫ് പ്രതീക്ഷിക്കുന്നത്.
നേരത്തെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും കേന്ദ്രമന്ത്രി വി.കെ.സിങ്ങും രക്ഷാപ്രവർത്തനം വിലയിരുത്താൻ എത്തിയിരുന്നു. ബുധനാഴ്ച പകൽ തുരങ്കത്തിലെ അവശിഷ്ടങ്ങൾ ഡ്രിൽ ചെയ്തു നീക്കി കുഴലുകൾ ഉള്ളിലെത്തിക്കാൻ സാധിച്ചിരുന്നു. 88 സെന്റിമീറ്റർ വ്യാസമുള്ള 9 കുഴലുകൾ ഒന്നിനു പിറകെ ഒന്നായി വെൽഡ് ചെയ്താണു മുന്നോട്ടുനീക്കിയത്. തൊഴിലാളികളിലേക്കെത്താൻ ആകെ 10 കുഴലുകളാണു വേണ്ടത്. 41 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള കുഴൽ 6 മീറ്റർ അടുത്തുവരെയെത്തിച്ചിട്ടുണ്ട്.
ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ രക്ഷാ ദൗത്യത്തിൽ പങ്കെടുക്കുന്ന സംസ്ഥാന ദുരന്ത നിവാരണ സേനാംഗങ്ങൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ
6 മീറ്റർ വീതം നീളമുള്ള 9 കുഴലുകൾ വെൽഡ് ചെയ്തുചേർത്താണ് അവശിഷ്ടങ്ങൾക്കിടയിലൂടെ ഉള്ളിലെത്തിച്ചത്. ബുധനാഴ്ച രാത്രി ഒൻപതോടെ എത്തുംവിധം രക്ഷാകുഴൽ തൊഴിലാളികൾക്കരികിലേക്കു നീങ്ങിയെങ്കിലും അവശിഷ്ടങ്ങൾക്കിടയിലെ ഇരുമ്പുപാളിയിൽ തട്ടി അവസാനനിമിഷം നിൽക്കുകയായിരുന്നു. രാജ്യം ഇന്നുവരെ കണ്ട ഏറ്റവും സാഹസികവും ദുഷ്കരവുമായ രക്ഷാദൗത്യമാണ് 13–ാം ദിവസത്തിലേക്കു കടക്കുന്നത്.
കുഴലുകളിലൂടെ അവശിഷ്ടങ്ങൾക്കപ്പുറമെത്തിയ ശേഷം സ്ട്രെച്ചറിൽ കിടത്തി തൊഴിലാളികളെ പുറത്തേക്കെത്തിക്കുകയാണു ലക്ഷ്യം. തൊഴിലാളികളുടെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ സംഘം തുരങ്കത്തിനു പുറത്തുണ്ട്. കാര്യമായ പ്രശ്നങ്ങളില്ലാത്തവരെ ഉത്തരകാശി ജില്ലാ ആശുപത്രിയിലേക്കും ആരോഗ്യം മോശമായവരെ ഹെലികോപ്റ്റർ മാർഗം ഋഷികേശിലെ എയിംസ് ആശുപത്രിയിലേക്കും മാറ്റും. തുരങ്കത്തിൽനിന്ന് ഏതാനും കിലോമീറ്റർ അകലെ താൽക്കാലിക ഹെലിപാഡ് സജ്ജമാക്കിയിട്ടുണ്ട്. തുരങ്കത്തിലേക്കുള്ള വഴിയിൽ മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യത വെല്ലുവിളിയാണെങ്കിലും ദുഷ്കര സാഹചര്യങ്ങളിൽ ഡ്രൈവ് ചെയ്തു പരിചയമുള്ള ആംബുലൻസ് ഡ്രൈവർമാർ സ്ഥലത്തുണ്ട്.
ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ രാത്രി ഉണ്ടായ തടസം നീക്കാൻ പുറപ്പെടുന്ന എൻഡിആർഎഫ് സേനാംഗങ്ങൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ
ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്താനായി സജ്ജീകരിച്ച താൽക്കാലിക ആശുപത്രിയിലേക്ക് തുണിയും ഉപകരണങ്ങളുമായി പോകുന്ന ആരോഗ്യപ്രവർത്തകർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ
English Summary:
Uttarakhand Tunnel Rescue Stoped for Today, Will Continue Tomorrow
mo-news-common-silkyarakandalgaontunnel 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-national-states-uttarakhand 7p8pufjpieudr3825c0tf5tand
Source link