LATEST NEWS

മുഖ്യമന്ത്രിയിൽനിന്നുണ്ടാകുന്നത് കലാപാഹ്വാനം; കരുതൽ തടങ്കൽ അനുവദിക്കില്ല: രാഹുൽ മാങ്കൂട്ടത്തിൽ

കണ്ണൂർ∙ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം തുടരാൻ തന്നെയാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനമെന്ന് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. മുഖ്യമന്ത്രിയുടെ ധൂർത്തിനെതിരെയും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ വധശ്രമത്തിനെതിരെയും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. നവകേരള സദസ് രണ്ട് ജില്ലകൾ പൂർത്തീകരിക്കുമ്പോൾ ഏതെങ്കിലും ഒരു വിഷയത്തിൽ പരിഹാരം കാണാൻ മന്ത്രിമാർക്കു സാധിച്ചിട്ടുണ്ടോ എന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. 

‘‘യൂത്ത് കോൺഗ്രസ് മാത്രമല്ല. ഒരുപാട് പേർ നവകേരള സദസിനെനെതിരാണ്. മുഖ്യമന്ത്രി ഈ നാട്ടിലെ ഏതെങ്കിലും ഒരു സാധാരണക്കാരനുമായി സംസാരിക്കുന്നതോ അവരെ ചേർത്തു പിടിക്കുന്നതോ ആയ കാഴ്ച കണ്ടിട്ടുണ്ടോ? സർക്കാർ സ്പോൺസേഡ് സിപിഎമ്മിന്റെ 140 ഏരിയ സമ്മേളനങ്ങളാണു നടക്കുന്നത്. അല്ലെങ്കില്‍ തന്നെ സാമ്പത്തിക പ്രതിസന്ധിയുമായി പോകുന്ന സംസ്ഥാനമാണ് കേരളം. ആ സംസ്ഥാനത്തെ വീണ്ടും കടക്കെണിയിലേക്കു തള്ളിവിടാനാണ് സിപിഎമ്മിന്റെ ശ്രമം. 

കാസർകോട്ടുനിന്ന് കണ്ണൂരിലേക്ക് എത്തുന്നതുവരെ ഒരു പ്രതിഷേധവും യാത്രക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയിട്ടില്ല. കാരണം ജനങ്ങൾ തന്നെ പ്രതിഷേധിക്കുന്നുണ്ട്. കണ്ണൂരിലെത്തിയപ്പോൾ സ്ഥിതി മാറി. വലിയ വീരശൂര പരാക്രമിയാണ്. ഏതൊക്കെയോ വാളുകള്‍ക്കിടയിലൂടെ താന്‍ ന‍ടന്നിട്ടുണ്ട് എന്നു പറഞ്ഞ മുഖ്യമന്ത്രിക്ക് ഈ നാട്ടിലെ യൂത്ത് കോൺഗ്രസുകാരെ മുഴുവൻ കരുതൽ തടങ്കലിൽ വയ്ക്കണമെന്നാണെങ്കിൽ അത് അനുവദിക്കില്ല. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫർസീൻ മജീദ് അടക്കമുള്ളവരെ കരുതൽ തടങ്കലിൽ വച്ച് പ്രകോപിപ്പിക്കുകയാണ്. ഒന്നോ രണ്ടോ പേരെ കരുതൽ തടങ്കലിൽ വച്ചാൽ അവസാനിക്കുന്നതല്ല യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. 

കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ക്കു നേരെ മനുഷ്യത്വരഹിതമായ അക്രമം അഴിച്ചു വിടുകയാണ്. ഇവിടെ ഒരു മുഖ്യമന്ത്രി എത്തിയപ്പോൾ ആ മുഖ്യമന്ത്രിയെ കൊല്ലാൻ വേണ്ടി കല്ലെറിഞ്ഞ സിപിഎമ്മുകാരുടെ ജില്ലയാണ് കണ്ണൂർ ജില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്താൻ ഡിവൈഎഫ്ഐ ശ്രമിച്ചു. അതിനെ ന്യായീകരിക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. മുഖ്യമന്ത്രിയിൽനിന്ന് കലാപാഹ്വാനം ഉണ്ടാകുന്നതിനെതിരെ യൂത്ത് കോൺഗ്രസ് അതിശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകും. സ്ഥിരം കുറ്റവാളികളെ അല്ലാതെ മറ്റാരെയും പിടികൂടാൻ പൊലീസിനു കഴിഞ്ഞിട്ടില്ല’’– രാഹുൽ മാങ്കൂട്ടത്തിൽ ചൂണ്ടിക്കാട്ടി. 

English Summary:
Rahul Mamkootathil’s Reaction On Navakerala Sadas And Youth Congress Leaders Arrest


Source link

Related Articles

Back to top button