റഷ്യൻ നടി യുക്രെയ്ൻ ഷെല്ലാക്രമണത്തിൽ മരിച്ചു

കീവ്: യുക്രെയ്നെതിരേ യുദ്ധമുന്നണിയിലുള്ള സൈനികർക്കായി സംഗീതപരിപാടി അവതരിപ്പിക്കുന്നതിനിടെയുണ്ടായ യുക്രെയ്ൻ ഷെല്ലാക്രമണത്തിൽ റഷ്യൻ നടി മരിച്ചു. സെന്റ് പീറ്റേഴ്സ് ബർഗ് സ്വദേശിനി പോളിന മെൻഷിക് (40) ആണു മരിച്ചത്. മുന്പ് യുക്രെയ്ന്റെ ഭാഗമായിരുന്നതും 2014മുതൽ റഷ്യയുടെ അധീനതയിലുള്ളതുമായ കിഴക്കൻ യുക്രെയ്നിലെ ഡൊനെട്സ്ക് റിപ്പബ്ലിക്കിൽപ്പെട്ട സ്റ്റാറോബെഷെവോ ജില്ലയിലെ കുമാചൊവ് ഗ്രാമത്തിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഇവിടെ യുക്രെയ്ൻ സേനയ്ക്കെതിരേ യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന സൈനികർക്കായി സ്ഥലത്തെ ഡാൻസ് ഹാളിൽ സംഗീതപരിപാടി അവതരിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. 150 സൈനികർ പരിപാടി ആസ്വദിക്കാനെത്തിയിരുന്നു. ആക്രമണത്തിൽ 20 റഷ്യൻ സൈനികരും കൊല്ലപ്പെട്ടതായി യുക്രെയ്ൻ അവകാശപ്പെട്ടു.
എന്നാൽ, സംഭവത്തെക്കുറിച്ച് റഷ്യൻ അധികൃതർ പ്രതികരിച്ചിട്ടില്ല. ഷെല്ലാക്രമണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പോളിന മെൻഷിക് ഗിറ്റാർ വായിച്ചുകൊണ്ട് പാട്ടുപാടുന്നതിനിടെ സ്ഫോടനമുണ്ടാകുന്നതും ഹാളിലെ ലൈറ്റുകൾ അണയുന്നതും വീഡിയോയിൽ കാണാം. ഗുരുതരമായി പരിക്കേറ്റ പോളിനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചലച്ചിത്ര നടിയെന്നതിലുപരി അറിയപ്പെടുന്ന കൊറിയോഗ്രാഫറും സംവിധായികയുമാണ് പോളിന. ഡൊനെട്സ്ക് റിപ്പബ്ലിക്കിലെ വിവിധ ഭാഗങ്ങളിൽ യുക്രെയ്ൻ-റഷ്യൻ സൈനികർ തമ്മിൽ രൂക്ഷമായ പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്.
Source link