ഇരുട്ടിന്റെ മറവിൽ പുലർച്ചെ ഒരു മണിക്ക് റോബിൻ ബസിന് വീണ്ടും പിഴ; നേതൃത്വം നൽകിയത് സമൂഹമാധ്യമ പോസ്റ്റിട്ട ഉദ്യോഗസ്ഥൻ

പത്തനംതിട്ട∙ കോയമ്പത്തൂരിൽനിന്നു മടങ്ങിയ റോബിൻ ബസിന് ബുധനാഴ്ച പകൽ പിഴയീടാക്കാൻ എത്താതിരുന്ന മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇരുട്ടിന്റെ മറ പറ്റി വ്യാഴാഴ്ച പുലർച്ചെ ഒരു മണിക്ക്  7500 രൂപ പിഴയിട്ടു. പെർമിറ്റ് ലംഘനം എന്ന പേരിലാണു പിഴയീടാക്കിയതെന്നു ബേബി ഗിരീഷ് പറഞ്ഞു. മുൻപു നൽകിയ മറ്റൊരു ചെലാനിലെ 7500 രൂപയും വാങ്ങിയിട്ടുണ്ട്. ബസിൽ ഗിരീഷ് ഉണ്ടായിരുന്നില്ല.
ബസിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചു ഫെയ്സ്ബുക് പോസ്റ്റിട്ട മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു പുലർച്ചെ പരിശോധന നടന്നത്. ഉദ്യോഗസ്ഥന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ചെങ്ങന്നൂർ–പമ്പ സർവീസ് തടയാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും ഗിരീഷ് ആരോപിച്ചു.

ഇന്നലെ മോട്ടർ വാഹന വകുപ്പിന്റെ തടസ്സങ്ങളില്ലാതെയാണ് റോബിൻ ബസ് പത്തനംതിട്ട – കോയമ്പത്തൂർ സർവീസ് നടത്തിയത്. സാങ്കേതിക തകരാർ മൂലം രാവിലെ 5ന് പുറപ്പെടേണ്ട ബസ് ഏഴരയോടെയാണ് പത്തനംതിട്ട വിട്ടത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ബസിൽ യാത്ര ചെയ്യാനായി എത്തിയിരുന്നു. കോടതി വിധിയുള്ളതിനാൽ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ എവിടെയും ബസ് തടഞ്ഞു പരിശോധിച്ചില്ല. ചൊവ്വാഴ്ച കോയമ്പത്തൂർ ആർടിഒ വിട്ടയച്ച ബസ് പത്തനംതിട്ടയിൽ എത്തിയപ്പോൾ വലിയ സ്വീകരണമാണു ലഭിച്ചത്.
തമിഴ്നാട്ടിൽ 1 ലക്ഷത്തോളം രൂപ പിഴയടച്ചാണ് ബസ് പുറത്തിറക്കിയതെങ്കിലും കേരളത്തിൽ ബസുടമകൾ പിഴയടച്ചിട്ടില്ല. അതുകൊണ്ട് ബസ് പിടിച്ചെടുക്കാനാകുമോയെന്ന നിയമവശമാണ് സർക്കാർ ആലോചിക്കുന്നത്. എന്നാൽ ഹൈക്കോടതി റോബിൻ ബസിന്റെ കേസിൽ ചില പരാമർശങ്ങൾ നടത്തിയതോടെ സർക്കാർ പ്രതിരോധത്തിലാണ്.

English Summary:
Fine for Robin Bus by MVD Again


Source link
Exit mobile version