അൽഷിഫയിൽ രോഗികളെയും പരിക്കേറ്റവരെയും ഒഴിപ്പിച്ചു
ഗാസ സിറ്റി: ഇസ്രേലി സേനയുടെ നിയന്ത്രണത്തിലായ അൽ ഷിഫ ആശുപത്രിയിലെ രോഗികളെയും ജീവനക്കാരെയും അഭയാർഥികളെയും ഒഴിപ്പിച്ചു. 450 രോഗികളെ ഒഴിപ്പിച്ചതായി ഡോക്ടർമാർ പറഞ്ഞു. നവജാത ശിശുക്കൾ അടക്കം ആശുപത്രിയിൽനിന്നു മാറ്റാൻ പറ്റാത്ത 120 രോഗികളും കുറച്ചു ജീവനക്കാരും അവിടെ തുടരുന്നുണ്ട്. ആശുപത്രി ഒഴിപ്പിക്കൽ സംബന്ധിച്ച് പരസ്പരവിരുദ്ധമായ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇസ്രേലി സേനയുടെ നിർദേശപ്രകാരമാണ് ഒഴിപ്പിക്കലെന്ന് അൽ ഷിഫ ആശുപത്രി ഡയറക്ടർ മുഹമ്മദ് അബു സൽമിയ പറഞ്ഞു. എന്നാൽ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ആശുപത്രി വിടാൻ താത്പര്യമുള്ളവർക്ക് സുരക്ഷിതപാത ഒരുക്കണമെന്ന അൽ ഷിഫ ഡയറക്ടറുടെ നിർദേശം അംഗീകരിക്കുകയായിരുന്നുവെന്നുമാണ് ഇസ്രേലി സേന പറഞ്ഞത്. ഒഴിപ്പിക്കൽ ഉറപ്പാക്കണമെന്നും രോഗികളും പരിക്കേറ്റവരും അടക്കമുള്ളവർ കാൽനടയായി കടൽത്തീരത്തേക്കു പോകണമെന്നും ഇസ്രേലി സേന തന്നോട് ആവശ്യപ്പെട്ടതായി അൽ ഷിഫ ഡയറക്ടർ പറഞ്ഞു. രോഗികളും ആശുപത്രി ജീവനക്കാരും വെള്ളക്കൊടികളുമായാണ് ആശുപത്രിക്കു പുറത്തിറങ്ങിയതെന്ന് മറ്റു റിപ്പോർട്ടുകളിൽ പറയുന്നു.
ആശുപത്രി ഒഴിയണമെന്ന് ഇസ്രേലി സേന ഉച്ചഭാഷിണിയിലൂടെ ആവശ്യപ്പെടുന്നതു കേട്ടതായി സ്ഥലത്തുണ്ടായിരുന്ന എഎഫ്പി മാധ്യമപ്രവർത്തകൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയുടെ നിയന്ത്രണം ഇസ്രേലി സേന ബുധനാഴ്ച പിടിച്ചെടുത്തിരുന്നു. ഈ സമയത്ത് രോഗികളും പരിക്കേറ്റവരും അഭയം തേടിയവരും അടക്കം 2,300 പേർ ആശുപത്രിയിലുണ്ടായിരുന്നുവെന്നാണ് യുഎൻ കണക്ക്. ഇന്ധനം, വൈദ്യുതി, വെള്ളം, ഓക്സിജൻ മുതലായവയുടെ അഭാവത്താൽ മൂന്നു നവജാതരും മറ്റ് 24 പേരും ആശുപത്രിയിൽ മരിച്ചതായി ഗാസാ ആരോഗ്യമന്ത്രാലയം പറഞ്ഞിരുന്നു. ആശുപത്രിക്കു കീഴെ ഹമാസിന്റെ കമാൻഡ് സെന്റർ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്.
Source link