ബ്രിട്ടീഷുകാർ മുക്കിയ കപ്പൽ, 2000 കോടി ഡോളറിൻ്റെ നിധിശേഖരം; ‘സാൻ ഹൊസെയ്’ വീണ്ടെടുക്കാൻ കൊളംബിയ
മാഡ്രിഡ്: പ്രശസ്തമായ സ്പാനിഷ് കപ്പല്‍ സാൻ ഹൊസെയ് കരീബിയന്‍ കടലില്‍ നിന്ന് വീണ്ടെടുക്കാന്‍ ഉത്തരവിട്ട് കൊളംബിയന്‍ സര്‍ക്കാര്‍. 1708-ല്‍ ബ്രിട്ടീഷുകാര്‍ മുക്കിയ കപ്പലിന്റെ അവശിഷ്ടങ്ങള്‍ 2015-ലാണ് കൊളംബിയ കണ്ടെത്തിയത്. 200 ടണ്ണോളം വരുന്ന നിധിശേഖരം കപ്പലിലുണ്ടായിരുന്നു. 2000 കോടി ഡോളര്‍ വിലമതിക്കുന്നതാണ് സ്വര്‍ണവും വെള്ളിയും മരതകവും മറ്റുമടങ്ങുന്ന നിധിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 1701 മുതല്‍ 1714 വരെ നീണ്ടു നിന്ന സ്പാനിഷ് യുദ്ധത്തിനിടെയാണ് 1708-ല്‍ ബ്രിട്ടീഷുകാര്‍ 600 പേരടങ്ങിയ സാൻ ഹൊസെയ് കപ്പലിനെ മുക്കിയത്. ഒരു വര്‍ഷം മുമ്പ് സാന്‍ ഹൊസെയ്ക്ക് സമീപത്ത് നിന്ന് മറ്റു രണ്ട് കപ്പലുകളുടെ അവശിഷ്ടം കൂടി കണ്ടെത്തിയിരുന്നു. ഇവയ്ക്ക് 200 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. കൊളംബിയന്‍ നാവിക അധികൃതര്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണക്കട്ടിയും വാളുകളും കപ്പലുകള്‍ക്കൊപ്പം കണ്ടെത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. അതേസമയം കപ്പലിലെ നിധിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി കടുത്ത തര്‍ക്കത്തിലാണ് സ്‌പെയ്‌നും കൊളംബിയയും ബൊളീവിയയും. ഗ്ലോക്ക മോറ എന്ന യു.എസ്. കമ്പനി തങ്ങളാണ് 1981-ല്‍ കപ്പല്‍ കണ്ടെത്തിയതെന്നും നിധിയുടെ പകുതി നല്‍കാമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ കൊളംബിയയുമായി ധാരണയില്‍ എത്തിച്ചേരുകയാണെന്നും വാദിക്കുന്നുണ്ട്.
Source link