ഗാസ സിറ്റി: ഗാസയിലെ അൽ ഷിഫ ആശുപത്രി മരണമേഖലയായി മാറിയെന്ന് ലോകാരോഗ്യ സംഘടന. ഐക്യരാഷ്ട്രസഭാ സംഘത്തോടൊപ്പം ആശുപത്രി പരിശോധിച്ചശേഷമാണു സംഘടനാ പ്രവർത്തകർ ഇതു പറഞ്ഞത്. സംയുക്ത സംഘം ഒരു മണിക്കൂർ നേരം ആശുപത്രി ചുറ്റിക്കണ്ടു. വെടിവയ്പിന്റെയും ഷെല്ലാക്രമണത്തിന്റെയും തെളിവുകൾ കണ്ടതായി സംഘം പറഞ്ഞു. എൺപതോളം പേരെ അടക്കിയ കൂട്ടക്കുഴിമാടം ആശുപത്രി കവാടത്തിലുണ്ട്. ഗുരുതരാവസ്ഥയിലുള്ള 291 രോഗികൾകൂടി ആശുപത്രിയിലുണ്ട്. ഇവരെ അടിയന്തരമായി ഒഴിപ്പിക്കാൻ ശ്രമിക്കുന്നതായും സംഘം അറിയിച്ചു. ഇസ്രേലി സേന പിടിച്ചെടുത്ത അൽ ഷിഫ ആശുപത്രിയിലെ ഒട്ടുമുക്കാൽ രോഗികളും ജീവനക്കാരും അഭയാർഥികളും ശനിയാഴ്ച ഒഴിഞ്ഞുപോയിരുന്നു. ഇസ്രേലി സേനയുടെ നിർദേശപ്രകാരമാണ് ഒഴിഞ്ഞതെന്ന് ആശുപത്രി അധികൃതർ പറയുന്നു. എന്നാൽ, ഒഴിയാൻ നിർദേശിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതരുടെ അഭ്യർഥന മാനിച്ച് ഒഴിഞ്ഞുപോകാൻ താത്പര്യമുള്ളവർക്കു സുരക്ഷിതപാത ഒരുക്കുകയായിരുന്നുവെന്നും ഇസ്രേലി സേന പറയുന്നു. അൽ ഷിഫയ്ക്കു കീഴെ ഹമാസിന്റെ ഭൂഗർഭ കമാൻഡ് സെന്റർ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഇസ്രയേൽ പറയുന്നത്. ബുധനാഴ്ച നിയന്ത്രണത്തിലായ ആശുപത്രിയിൽ ഇസ്രേലി സേന തെരച്ചിൽ നടത്തി. അതേസമയം, കമാൻഡ് സെന്റർ നിലവിലുണ്ടെന്നതിനുള്ള തെളിവ് ഇതുവരെ നല്കിയിട്ടില്ല.
ഇതിനിടെ, ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 12,300 ആയെന്ന് ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒക്ടോബർ ഏഴിനു ഹമാസ് ഇസ്രയേലിൽ നടത്തിയ ഭീകരാക്രമണത്തിൽ 1,200 പേരാണു കൊല്ലപ്പെട്ടത്. 31 നവജാത ശിശുക്കളെ ഒഴിപ്പിച്ചു മാസം തികയതെ ജനിച്ച 31 ശിശുക്കളെ അൽഷിഫ ആശുപത്രിയിൽനിന്ന് ഒഴിപ്പിച്ചു. തെക്കൻ ഗാസയിലെ യൂറോപ്യൻ, നാസർ, എമിറേറ്റ്സ് ആശുപത്രികളിലേക്കാണ് ഇവരെ ആംബുലൻസുകളിൽ എത്തിച്ചത്. ഒഴിപ്പിക്കുന്നതിനു മുന്പേ രണ്ടു നവജാതർ മരിച്ചതായി റിപ്പോർട്ടുകളിൽ പറയുന്നു. അതേസമയം, തെക്കൻ ഗാസയിലെ ആശുപത്രികളെല്ലാം രോഗികളാലും പരിക്കേറ്റവരാലും നിറഞ്ഞിരിക്കുകയാണ്. ശിശുക്കൾക്കു വേണ്ട ഇൻക്യുബേറ്റർ ആശുപത്രികളിലില്ലെന്നും പറയുന്നു.
Source link