നെഹ്റുവിന്റെ നിലപാടുകൾക്ക് ഏറെ പ്രസക്തി: വി.ഡി. സതീശൻ

ലണ്ടൻ: നെഹ്റുവിയൻ തത്വങ്ങളിൽനിന്ന് ഇന്ത്യ മാറുകയും തീവ്രവലതുപക്ഷ സ്വേച്ഛാധിപതികൾ ലോകത്തെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന കാലഘട്ടത്തിൽ നെഹ്റുവിന്റെ നിലപാടുകൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. കേംബ്രിജ് സർവകലാശാലയിൽ നെഹ്റുവിയൻ സോഷ്യലിസത്തിന്റെ പുനരുജ്ജീവനവും മാർഗങ്ങളും എന്ന വിഷയത്തിൽ പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്. സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുകയും ആസൂത്രണ കമ്മീഷൻ ചട്ടക്കൂട് രൂപപ്പെടുത്തുകയും പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികൾ പദ്ധതികളും പരിപാടികളും നടപ്പാക്കുകയും ചെയ്യുന്നു എന്നതാണ് നെഹ്റു വിഭാവനം ചെയ്ത സോഷ്യലിസ്റ്റ് ഇന്ത്യയിലെ ആസൂത്രിത, സമ്മിശ്ര സന്പദ് വ്യവസ്ഥയുടെ അടിസ്ഥാനം. എതിരാളികൾ ഇതിനെ സോവിയറ്റ് പദ്ധതിയുടെ പകർപ്പെന്നും ലൈസൻസ് രാജെന്നും അസാധ്യമായ രീതിയെന്നും പറഞ്ഞു.
പക്ഷെ നെഹ്റുവിന്റെ സ്വപ്നം യാഥാർഥ്യമായി. ജനാധിപത്യവും സോഷ്യലിസവും ഉപയോഗിച്ചു മാത്രമേ സാമ്രാജ്യത്വത്തിനെതിരേ പോരാടാനും താഴെയിറക്കാനും കഴിയൂവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ആധുനിക സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ലിബറലിസത്തിലൂടെ മാത്രമേ കഴിയൂവെന്ന ബോധ്യവും അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു.
Source link