പഠനത്തിൽ പിന്നിലാണോ? ബുധനാഴ്ച വ്രതമെടുക്കാം, ബുധനെ ഇങ്ങനെ ധ്യാനിക്കാം

ആഗ്രഹിച്ച രീതിയിൽ ഉജ്വലമായി പഠനം മുന്നോട്ട് കൊണ്ട് പോകുന്നതിന് വിദ്യാർത്ഥികൾക്ക് നവഗ്രഹങ്ങളിലൊന്നായ ബുധനെ പ്രീതിപ്പെടുത്തേണ്ടത് അനിവാര്യമാണ്. എല്ലാ ബുധനാഴ്ചയും ശുദ്ധിയോടെ ബുധനെ ധ്യാനിക്കുകയും വ്രതമോ പൂർണമായ ഉപവാസമോ അനുഷ്ഠിക്കുകയും ചെയ്യുന്നത് പഠനത്തിൽ പുരോഗതി ഉണ്ടാവാനും ഉന്നത വിജയം ലഭിക്കാനും സഹായിക്കുമെന്ന് കരുതപ്പെടുന്നു.

ഒരു വ്യക്തിയുടെ തലച്ചോറിനെയും ബുദ്ധിയെയും സംരക്ഷിക്കുകയും പ്രകാശമാനമാക്കുകയും ചെയ്യുന്നതിൽ ബുധനുള്ള പങ്ക് വലുതാണെന്ന് വിശ്വസിക്കപ്പെടുന്നു. വിദ്യാഗുണം പ്രദാനം ചെയ്യുന്നതിന് പുറമെ, ബിസിനസ് സംരംഭങ്ങളിലും  ഗാർഹിക ജീവിതത്തിലും വളർച്ചയും സമൃദ്ധിയും കൊണ്ടുവരാൻ ബുധൻ സഹായിക്കുന്നു. മഹാവിഷ്ണുവിന്റെ ദിവസമാണ് ബുധനാഴ്ച എന്നതിനാൽ സർവ ഐശ്വര്യത്തിനായും ബുധനാഴ്ച വ്രതമെടുക്കുന്നു. 

ബുധനാഴ്ച വ്രതശുദ്ധിയോടെ കുളിയും മറ്റ് കർമങ്ങളും തീർത്ത ശേഷം, മഹാവിഷ്ണു ക്ഷേത്രത്തിലോ മഹാവിഷ്ണുവിന്റെ അംശാവതാരം വരുന്ന ശ്രീകൃഷ്ണ ക്ഷേത്രത്തിലോ ശ്രീരാമക്ഷേത്രത്തിലോ ദർശനം നടത്തുക എന്നതാണ് ബുധനാഴ്ച വ്രതത്തിന്റെ ആദ്യപടി. ഇന്നേ ദിവസം ഒരിക്കലൂണോ പൂർണ ഉപവാസമോ എടുക്കാവുന്നതാണ്. പൂർണമായ ഉപവാസം മികച്ച ഫലസിദ്ധി, ആഗ്രഹ പൂർത്തീകരണം എന്നിവ ഉറപ്പ് നൽകുന്നു. 

ബുധനാഴ്ച വ്രതം അനുഷ്ഠിക്കുന്നവർ വ്യാഴാഴ്ച രാവിലെ തുളസീ തീർത്ഥം കഴിച്ച് വേണം വ്രതം അവസാനിപ്പിക്കുവാൻ. ബുധന്റെ പ്രീതിക്കായി പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും ചെറുപയർ ദാനമായി നൽകുന്നതും ഉത്തമമായി കരുതുന്നു. നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ സന്ദർശനം നടത്താൻ കഴിഞ്ഞാൽ ഉത്തമമാണ്. സർവാഭീഷ്ട ഫലസിദ്ധിക്കായി ബുധന് പട്ട് ചാർത്തുന്നത് ഉചിതമാണ്. 

“ഓം ക്ലീം കൃഷ്ണായ നമഃ” എന്ന മന്ത്രം ദിവസത്തിൽ 108 തവണ ചൊല്ലുന്നതിലൂടെ ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു. 21  ബുധനാഴ്ചകളിൽ തുടർച്ചയായി വ്രതമെടുക്കുന്നത് ഉത്തമ ഫലസിദ്ധിക്ക് ഉതകും. ശുക്ലപക്ഷത്തിലെ ആദ്യത്തെ ബുധനാഴ്ച മുതൽ ആരംഭിച്ച് 21 ബുധൻ ദിവസങ്ങളിൽ അനുഷ്ഠിക്കാവുന്നതാണ്.
  “ഓം ബ്രാം ബ്രീം ബ്രൌം സഃ ബുധായ നമഃ”  എന്ന  മന്ത്രം 108 തവണ ജപിക്കുന്നത് കുടുംബ ബന്ധങ്ങളിൽ സമാധാനവും ഐക്യവും കൊണ്ടുവരുന്നു.

English Summary:
Struggling With Your Studies? Find Out How Mercury Can Help You Excel


Source link
Exit mobile version