റിയോ ഡി ജനീറോ: കൈയാങ്കളിക്കും നാടകീയതയ്ക്കുമൊടുവിൽ ചരിത്രമുറങ്ങുന്ന മാരക്കാന സ്റ്റേഡിയത്തിൽ ബ്രസീലിനെതിരേ ചരിത്രജയം കുറിച്ച് ലോക ചാന്പ്യന്മാരായ അർജന്റീന. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീനയുടെ വിജയം. നിക്കോളാസ് ഒട്ടമെൻഡിയാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്. ഹെഡറിലൂടെയായിരുന്നു ഗോൾ. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ സ്വന്തം നാട്ടിൽ ബ്രസീലിന്റെ പരാജയം ഇതാദ്യമാണ്. 81-ാം മിനിറ്റിൽ ബ്രസീലിന്റെ ജോളിൻടൻ ചുവപ്പുകാർഡ് കണ്ടു പുറത്തുപോയി. ഇടപെട്ട് പോലീസ് ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ആരാധകർ ആവേശത്തോടെ കാത്തിരുന്ന മത്സരമായിരുന്നു ബ്രസീൽ-അർജന്റീന പോര്. ഇതിനു മുന്പ് കോപ്പ അമേരിക്കയിൽ ഇരു ടീമും ഏറ്റുമുട്ടിയപ്പോഴും ജയം അർജന്റനയ്ക്കൊപ്പമായിരുന്നു. ഇന്നലെ, മത്സരത്തിനായി ലയണൽ മെസിയുടെ നേതൃത്വത്തിൽ അർജന്റൈൻ താരങ്ങൾ ഗ്രൗണ്ടിലിറങ്ങിയതിനു പിന്നാലെ ഗാലറിയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. അർജന്റീനയുടെ ദേശീയഗാന സമയത്ത് ബ്രസീലുകാർ കൂക്കിവിളിച്ചതാണു പ്രകോപനം. ഇതോടെ പോലീസ് ഇടപെട്ടു. ആരാധകരെ ലാത്തിച്ചാർജ് ചെയ്തു. ഇതേത്തുടർന്നു നായകൻ ലയണൽ മെസിയുടെ നേതൃത്വത്തിൽ അർജന്റൈൻ ടീം ലോക്കർ റൂമിലേക്കു തിരികെ പോയി. സ്ഥിതിഗതികൾ ശാന്തമായതോടെയാണു വീണ്ടും കളിക്കാനെത്തിയത്. പോരാട്ടച്ചൂട് ഇന്ത്യൻ സമയം രാവിലെ ആറു മണിക്കു തുടങ്ങേണ്ട മത്സരം 6.30ഓടെ ആരംഭിച്ചെങ്കിലും കളിക്കളത്തിലും പോരാട്ടച്ചൂടിനു കുറവുണ്ടായില്ല. താരങ്ങൾ തമ്മിൽ വാഗ്വാദങ്ങളും കൈയാങ്കളിയുമുണ്ടായി. മത്സരത്തിന്റെ തുടക്കത്തിൽ ബ്രസീലിനായിരുന്നു ആധിപത്യമെങ്കിലും ഗോൾ നേടാനായില്ല. ഗബ്രിയേൽ മാർട്ടിനല്ലിയുടെ തകർപ്പൻ ഷോട്ട് ഗോൾലൈനിൽ രക്ഷപ്പെടുത്തി ക്രിസ്റ്റ്യൻ റൊമേറോ അർജന്റീനയുടെ രക്ഷകനായി. തുടർന്നും ബ്രസീൽ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അർജന്റൈൻ ഗോളി എമിലിയാനോ മാർട്ടിനസിനെ മറികടക്കാനായില്ല. 63-ാം മിനിറ്റിൽ കോർണർ ഹെഡ് ചെയ്താണ് ഒട്ടമെൻഡി അർജന്റീനയുടെ വിജയഗോൾ നേടിയത്. പിന്നാലെ, റോഡ്രിഗോ ഡിപോളിനെ ഫൗൾ ചെയ്ത ജോളിൻടനെ റഫറി ചുവപ്പു കാർഡ് നൽകി പുറത്താക്കി. 72-ാം മിനിറ്റിൽ മെഗൽഹാസിനു പകരക്കാരനായാണു ജോളിൻടണ് കളത്തിലിറങ്ങിയത്. പത്തു പേരായി ചുരുങ്ങിയ ബ്രസീൽ അവസാനനിമിഷം വരെ പോരാടിയെങ്കിലും ഫലം കണ്ടില്ല. മത്സരത്തിൽ നിറംമങ്ങിയ ലയണൽ മെസി ശാരീരിക ബുദ്ധിമുട്ടിനെത്തുടർന്ന് ഇടയ്ക്കു കളംവിട്ടിരുന്നു. മത്സരത്തിൽ ബ്രസീൽ 26 ഫൗളുകളും അർജന്റീന 16 ഫൗളുകളുമാണു വരുത്തിയത് (ആകെ 42). ബ്രസീൽ താരങ്ങൾക്കെതിരേ മൂന്നു മഞ്ഞക്കാർഡും ഒരു ചുവപ്പുകാർഡും റഫറിക്കു പുറത്തെടുക്കേണ്ടിവന്നു.
മൂന്നാം തോൽവി ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. കഴിഞ്ഞ മത്സരങ്ങളിൽ ഉറുഗ്വെ എതിരില്ലാത്ത രണ്ടു ഗോളിനും കൊളംബിയ ഒന്നിനെതിരേ രണ്ടു ഗോളിനും ബ്രസീലിനെ കീഴടക്കിയിരുന്നു. യോഗ്യതാ റൗണ്ടിൽ 15 പോയിന്റുമായി അർജന്റീനയാണ് ഒന്നാം സ്ഥാനത്ത്. 13 പോയിന്റുള്ള ഉറുഗ്വെ രണ്ടാമതും 12 പോയിന്റുമായി കൊളംബിയ മൂന്നാമതുമുണ്ട്. ആറു മത്സരങ്ങളിൽ രണ്ടു ജയം മാത്രമുള്ള ബ്രസീൽ ആറാം സ്ഥാനത്താണ്. സ്കലോണി വഴി മാറും? റിയോ ഡി ജനീറോ: അർജന്റീനയ്ക്കു ലോകകപ്പ് കിരീടം സമ്മാനിച്ച പരിശീലകൻ ലയണൽ സ്കലോണി സ്ഥാനമൊഴിഞ്ഞേക്കും. ലോകകപ്പ് ഫുട്ബാൾ ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ടിൽ ബ്രസീലുമായുള്ള മത്സരത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കവേയാണ്, സ്ഥാനമൊഴിയുന്നതിന്റെ സൂചന സ്കലോണി നൽകിയത്. അർജന്റൈൻ ടീമിനു കൂടുതൽ ഊർജം പകരാൻ കഴിയുന്ന മറ്റൊരു പരിശീലകനെ ആവശ്യമുണ്ട്. കളിക്കാർ പരിശീലകനെന്ന നിലയിൽ നിറഞ്ഞ പിന്തുണ തന്നു. ഭാവിയെക്കുറിച്ച് താൻ കാര്യമായി ചിന്തിക്കുന്നുണ്ട്. ഇതു വിടപറയലല്ല. ടീമിന്റെ നിലവാരം വളരെ ഉയരത്തിലാണ്. അതു നിലനിർത്തുന്നത് വളരെ ബുദ്ധിമുട്ടേറിയതുമാണ്. വിജയം തുടരാൻ ഏറെ ബുദ്ധിമുട്ടേണ്ടിവരും. അർജന്റീന സോക്കർ ഫെഡറേഷൻ പ്രസിഡന്റുമായും കളിക്കാരുമായും പിന്നീട് സംസാരിക്കുമെന്നും സ്കലോണി പറഞ്ഞു. ഈ പ്രസതാവനയ്ക്കുശേഷം മറ്റു ചോദ്യങ്ങളോട് സ്കലോണി പ്രതികരിച്ചില്ല. മാധ്യമങ്ങളെ കാണുംമുന്പ് സ്കലോണി അർജന്റൈൻ ടീമിന്റെ സ്റ്റാഫിനെ കെട്ടിപ്പിടിക്കുന്നതും ഫോട്ടോയെടുക്കുന്നതും കാണാമായിരുന്നു. 2018ൽ ഹൊർഗെ സാംപോളിക്കു പകരക്കാരനായാണു ലയണൽ സ്കലോണി അർജന്റൈൻ ടീം മാനേജരായി ചുമതലയേൽക്കുന്നത്. അർജന്റീനയുടെ 36 വർഷത്തെ ലോകകപ്പ് കിരീടവരൾച്ചയ്ക്ക് അറുതി വരുത്തി, ഖത്തറിൽ ലോകകപ്പ് കിരീടം ഉയർത്തിയപ്പോൾ സ്കലോണിയായിരുന്നു അർജന്റൈൻ ടീമിന്റെ പരിശീലകസ്ഥാനത്ത്. 2021-ൽ അർജന്റീന കോപ്പ അമേരിക്ക കിരീടം നേടിയതും സ്കലോണിക്കു കീഴിലാണ്. ലോകകപ്പ് വിജയത്തിനുശേഷം 2026 വരെ സ്കലോണിയുടെ കരാർ നീട്ടിയിരുന്നു.
Source link