‘‘ഞങ്ങൾ സുരക്ഷിതരാണ്; അച്ഛനും അമ്മയുമോ…’’: ബന്ധുക്കളോട് സംസാരിച്ച് തൊഴിലാളികൾ, ഡ്രില്ലിങ് പുനഃരാരംഭിച്ചു

ഉത്തരകാശി∙ ‘‘ഞങ്ങൾ സുരക്ഷിതരാണ്. നമ്മുടെ അച്ഛനും അമ്മയും സുഖമായിരിക്കുന്നോ’’– ഉത്തർകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങികിടക്കുന്ന പുഷ്കർ സിങ് തന്റെ സഹോദരൻ വിക്രം സിങ്ങിനോട് സംസാരിക്കാൻ അവസരം കിട്ടിയപ്പോൾ ആദ്യം പറഞ്ഞത് ഇതാണ്. പത്തു ദിവസമായി പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുടുങ്ങിക്കിടക്കുന്ന 41 പേരിൽ ഒരാളാണ് പുഷ്കർ. ഇന്ന് ബന്ധുക്കളുമായി സംസാരിക്കാൻ അവസരം കിട്ടിയപ്പോൾ അവരുടെ സന്തോഷം പറഞ്ഞറിയിക്കാനാകാത്തതാണ്. തുരങ്കത്തിനിപ്പുറം പ്രാർഥനയോടെ കാത്തിരിക്കുന്ന കുടുംബവും ‘‘ഞങ്ങൾ കൂടെയുണ്ട്, നിങ്ങളെ രക്ഷപ്പെടുത്താൻ’’ എന്ന് തെല്ലും ആശങ്കയില്ലാതെ പറഞ്ഞ രക്ഷാപ്രവർത്തകരും തൊഴിലാളികൾക്കു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. 
കുടുങ്ങിക്കിടക്കുന്നവരെ എത്രയും പെട്ടെന്ന് പുറത്തെത്തിക്കുമെന്നാണ് ദൗത്യസംഘം അറിയിച്ചതെന്നും വിക്രം സിങ് ദേശീയ മാധ്യമത്തോട് പറഞ്ഞു. നവംബർ 12ന് സിൽക്യാരാ തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് കുടുങ്ങിയ 41 തൊഴിലാളികളിൽ ഒരാളാണ് വിക്രം സിങ്ങിന്റെ സഹോദരൻ പുഷ്കർ സിങ്. കഴിഞ്ഞ രണ്ടര മാസമായി തുരങ്കത്തിൽ ജോലി ചെയ്തു വരികയാണ് പുഷ്കർ. സംഭവം നടന്ന് നാലാം ദിവസം പുഷ്കറിന്റെ സുഹൃത്തു വഴിയാണ് അദ്ദേഹം തുരങ്കത്തിൽ കുടുങ്ങിയ വിവരം അറിഞ്ഞതെന്ന് വിക്രം അറിയിച്ചു. 

ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യം നടക്കുമ്പോൾ ടണലിനുള്ളിൽ നിന്നു നിർമാണ സാമഗ്രികളുമായി പുറത്തേക്ക് വരുന്ന എൻഡിആർഎഫ് സംഘം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ

41 തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങി പത്തു ദിവസം പിന്നിടുമ്പോൾ അവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. പത്തു ദിവസത്തിനിടെ ആദ്യമായാണ് തൊഴിലാളികളിൽ ബന്ധുക്കളുമായി സംസാരിച്ചത്. ഇന്നു രാവിലെ കുടുങ്ങികിടക്കുന്ന തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറത്തുവന്നത് ഏറെ ആശ്വാസം നൽകിയിരുന്നു. തുരങ്കത്തിലേക്കു പുതിയതായി സ്ഥാപിച്ച പൈപ്പിലൂടെ ക്യാമറ കടത്തിവിട്ടാണു തൊഴിലാളികളുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. 

‘‘നിങ്ങൾ വിഷമിക്കേണ്ട, എത്രയും പെട്ടെന്ന് ഞങ്ങൾ നിങ്ങൾക്കരികിലെത്തും. ദയവായി ഒരോരുത്തരായി ക്യാമറയ്ക്കു മുന്നിലേക്ക് എത്തൂ. നിങ്ങൾ പ്രശ്നങ്ങളൊന്നുമില്ലാതെ ഇരിക്കുന്നു എന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരെ അറിയിക്കാനാണ്’’ എന്നാണ് രക്ഷാസംഘത്തിലെ അംഗം വിഡിയോയിലൂടെ തൊഴിലാളികളോട് പറഞ്ഞത്. തൊഴിലാളികൾ ആരോഗ്യവാന്മാരാണ്. രക്ഷാപ്രവർത്തകരുമായി വാക്കി ടോക്കിയിലൂടെ സംസാരിച്ചു. ഭക്ഷണവും വെള്ളവും മരുന്നും തൊഴിലാളികൾക്കു പൈപ്പിലൂടെ തുരങ്കത്തിനുള്ളിലേക്കു നൽകുന്നുണ്ട്.

അതിനിടെ, കഴിഞ്ഞ ദിവസം നിർത്തിവച്ച ഡ്രില്ലിങ് പുനഃരാരംഭിച്ചു. തുരങ്കത്തിനുള്ളിലെ അവശിഷ്ടങ്ങൾ ഡ്രിൽ ചെയ്ത് നീക്കി തൊഴിലാളികളുടെ അടുത്തേക്ക് കുഴലുകൾ എത്തിക്കാനാണ് നോക്കുന്നത്. ഇത് സുഗമമായി നടന്നാൽ രണ്ടര ദിവസത്തിനകം എല്ലാവരെയും പുറത്തെടുക്കാനാകുമെന്നാണ് അധികൃതർ പറയുന്നത്. തൊഴിലാളികളിലേക്ക് എത്തുന്നതിനുള്ള അടുത്ത വഴിയെന്ന നിലയിൽ മലമുകളിൽനിന്നു താഴേക്കു തുരന്നിറങ്ങുന്നതിനുള്ള പ്രവർത്തനങ്ങൾ‌ ആരംഭിച്ചു. ഇവിടെ ഒന്നര മീറ്റർ വ്യാസത്തിൽ 90 മീറ്റർ കുഴിച്ചാൽ തൊഴിലാളികളിലേക്കെത്താമെങ്കിലും ഉറച്ച പാറകൾ ഏറെയുള്ളതു വെല്ലുവിളിയാണ്.
വിദേശത്തുനിന്നുള്ള വിദഗ്ധ സംഘവും രക്ഷാദൗത്യത്തിന്റെ ഭാഗമായി ചേർന്നിട്ടുണ്ട്. തുരങ്കങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തനത്തിൽ വൈദഗ്ധ്യമുള്ള രാജ്യാന്തര ടണലിങ് ആൻഡ് അണ്ടർഗ്രൗണ്ട് സ്പേസ് അസോസിയേഷൻ പ്രസിഡന്റ് ആർനോൾഡ് ഡിക്സിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഇവിടെയെത്തി. വിദേശത്തുള്ള മറ്റു വിദഗ്ധരുമായും ദൗത്യസംഘം ബന്ധപ്പെട്ടതോടെ, സിൽക്യാര രക്ഷാപ്രവർത്തനം ആഗോളതലത്തിലെ കൂട്ടായ പ്രവർത്തനമായി മാറി. 

English Summary:
“I’m Safe, How Are Parents”: Worker’s Chat With Brother From Tunnel


Source link
Exit mobile version