വടക്കൻ ഗാസയിൽ ഇന്തോനേഷ്യൻ ആശുപത്രിയിൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു

ടെൽ അവീവ്: വടക്കൻ ഗാസയിലെ ഇന്തോനേഷ്യൻ ആശുപത്രിയിൽ ഇസ്രേലി സേന നടത്തിയ വ്യോമാക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും ഒട്ടനവധിപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിനു പിന്നാലെ ഇസ്രേലി ടാങ്കുകൾ ആശുപത്രി പരിസരത്തെത്തി. ഇന്നലെ രാവിലെയായിരുന്നു ആക്രമണം. രോഗികളും പരിക്കേറ്റവരും ജീവനക്കാരും അടക്കം എഴുനൂറോളം പേർ ആശുപത്രിയിലുണ്ടെന്ന് ഗാസയിലെ ആരോഗ്യമന്ത്രാലയം പറഞ്ഞു. ഇസ്രേലി ടാങ്കുകൾ ആശുപത്രിയുടെ 20 മീറ്റർ അടുത്തെത്തിയതായി ആശുപത്രി ഡയറക്ടർ ഡോ. മാർവാൻ അൽ സുൽത്താൻ പറഞ്ഞു. അതേസമയം, ഇന്തോനേഷ്യൻ ആശുപത്രിയിലെ ആക്രമണത്തെക്കുറിച്ച് ഇസ്രേലി സേന പ്രതികരിച്ചില്ല. ഗാസയിലുടനീളം ഭീകരകേന്ദ്രങ്ങളിൽ ആക്രമണം തുടരുന്നതായിട്ടാണ് അറിയിച്ചത്. ആശുപത്രി ആക്രമിച്ചതിനെ ഇന്തോനേഷ്യൻ വിദേശകാര്യമന്ത്രി രെത്നോ മർസൂദി അപലപിച്ചു. ഇന്തോനേഷ്യൻ ഫണ്ടുകൊണ്ട് 2016ലാണ് ആശുപത്രി നിർമിച്ചത്. തെക്കൻ ഗാസയിലെ റാഫയിൽ അബു യൂസഫ് അൽ നജ്ജർ ആശുപത്രിക്കു സമീപം ഭവനങ്ങൾക്കു നേർക്കുണ്ടായ ബോംബാക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 15 പേർ കൊല്ലപ്പെട്ടതായും പലസ്തീൻ വാർത്താ ഏജൻസിയായ വാഫ റിപ്പോർട്ട് ചെയ്തു. ഇതിനിടെ, ഇസ്രേലി ആക്രമണങ്ങളിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 13,000 ആയതായി ഹമാസിന്റെ ആരോഗ്യമന്ത്രാലയം അറിയിച്ചു.
28 നവജാതരെ ഈജിപ്തിലെത്തിച്ചു വടക്കൻ ഗാസയിലെ അൽ ഷിഫ ആശുപത്രിയിൽനിന്നു രക്ഷിച്ച നവജാത ശിശുക്കളെ ഇന്നലെ വിദഗ്ധ ചികിത്സയ്ക്കായി ഈജിപ്തിലെത്തിച്ചു. മാസം തികയാതെ ജനിച്ച 31 കുഞ്ഞങ്ങളെ കഴിഞ്ഞദിവസം തെക്കൻ ഗാസയിലെ എമിറേറ്റ്സ് ആശുപത്രിയിലെത്തിച്ചിരുന്നു. ഇതിൽ 28 കുഞ്ഞുങ്ങളെയാണ് ഇന്നലെ റാഫ അതിർത്തി വഴി ഈജിപ്തിലേക്കു കൊണ്ടുപോയത്. രണ്ടു കുഞ്ഞുങ്ങളെ ഈജിപ്തിലേക്ക് അയയ്ക്കാൻ രക്ഷിതാക്കൾ സമ്മതിച്ചില്ല. ഒരു കുഞ്ഞിന്റെ രക്ഷിതാക്കളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. 28 കുഞ്ഞുങ്ങളെ ഈജിപ്ഷ്യൻ ആരോഗ്യമന്ത്രാലയം പ്രതിനിധികൾ സ്വീകരിച്ചു. കുഞ്ഞുങ്ങൾക്കു വിദഗ്ധ ചികിത്സ നല്കാൻ വിമാനമാർഗം കൊണ്ടുപോകുമെന്നാണ് റിപ്പോർട്ട്. ബന്ദിമോചനം വൈകാതെ ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികളിൽ കുറച്ചുപേർ വൈകാതെ മോചിതരാകുമെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖത്തറും അമേരിക്കയുമാണ് ഇതിനുള്ള ശ്രമങ്ങൾ നടത്തുന്നത്. സാങ്കേതികമായ ചില തടസങ്ങൾ മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നു ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽ താനി പറഞ്ഞു. മധ്യസ്ഥ ചർച്ചകൾ ഊർജിതമാണെന്ന് യുഎസ് സുരക്ഷാ വൃത്തങ്ങളും സൂചിപ്പിച്ചു. അഞ്ചു ദിവസത്തെ വെടിനിർത്തലിനും അന്പതോളം ബന്ദികളുടെ മോചനത്തിനും ധാരണയായതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
Source link