ASTROLOGY

വ്രതശുദ്ധിയുടെ പുണ്യവുമായി മണ്ഡല കാലം; ഇനിയെങ്ങും ശരണംവിളിയുടെ നാളുകൾ

വ്രതശുദ്ധിയുടെ പുണ്യവുമായി മണ്ഡല കാലം; ഇനിയെങ്ങും ശരണംവിളിയുടെ നാളുകൾ- The annual Mandalam-Makaravilakku pilgrim season in Sabarimala begins on November 17

വ്രതശുദ്ധിയുടെ പുണ്യവുമായി മണ്ഡല കാലം; ഇനിയെങ്ങും ശരണംവിളിയുടെ നാളുകൾ

വെബ്‍ ഡെസ്ക്

Published: November 15 , 2023 05:04 PM IST

Updated: November 22, 2023 04:59 PM IST

1 minute Read

മണ്ഡല മകരവിളക്ക് കാലമാണ് ശബരിമലയിലെ പ്രധാന തീർഥാടന കാലം

ഭക്ത മനസ്സുകളിൽ ഇനി വ്രതാനുഷ്ഠാനത്തിന്റെയും ശരണം വിളികളുടെയും പുണ്യനാളുകൾ.ചിത്രം: നിഖിൽരാജ് ∙ മനോരമ

വ്രതശുദ്ധിയുടെ പുണ്യവുമായി മണ്ഡല കാലത്തിനു തുടക്കം. ഇനിയെങ്ങും ശരണംവിളിയുടെ നാളുകൾ. 2023 ലെ മണ്ഡല, മകരവിളക്ക് മഹോത്സവത്തിന് നവംബർ 17 വെള്ളിയാഴ്ച തുടക്കമാകും. മണ്ഡലപൂജ ഡിസംബർ 27ന് ബുധനാഴ്ചയും മകരവിളക്ക് ജനുവരി 14ന് ശനിയാഴ്ചയുമാണ്. ഡിസംബർ 27ന് രാത്രി മണ്ഡലപൂജ കഴിഞ്ഞ് നട അടയ്ക്കും. പിന്നീട് മകരവിളക്കിനായി ഡിസംബർ 30ന് തുറക്കുന്ന നട ജനുവരി 20ന് അടയ്ക്കും. ശബരിമല ക്ഷേത്രത്തിലെ പ്രധാന തീർഥാടന കാലമാണ് മണ്ഡലകാലം. ഇന്ത്യയിലെ പ്രശസ്തമായ തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്രം. പശ്ചിമഘട്ടത്തിലെ പതിനെട്ട് മലനിരകൾക്കിടയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കടൽ നിരപ്പിൽനിന്ന് ഏതാണ്ട് 914 മീറ്റർ ഉയരത്തിലാണ് ശബരിമല ക്ഷേത്രം നിലകൊള്ളുന്നത്. 
സാധാരണ ക്ഷേത്രങ്ങളിലേതു പോലെ എല്ലാ ദിവസം ഇവിടെ പൂജയോ തീർഥാടനമോ നടക്കുന്നില്ല. എല്ലാ മലയാളമാസവും ഒന്നാം തീയതി മുതൽ അഞ്ചാം തീയതി വരെ ഭക്തർക്ക് ക്ഷേത്രദർശനം നടത്താം. മണ്ഡല മകരവിളക്ക് കാലമാണ് ശബരിമലയിലെ പ്രധാന തീർഥാടന കാലം. മകരം ഒന്നിനു മുമ്പ് ഒൻപത് ദിവസവും മേടം ഒന്നിന് മുമ്പ് നാലുദിവസവും ഇടവത്തിൽ ഉത്രം, അത്തം, തിരുവോണം നാളുകളിലും നട തുറക്കും. ഇടവത്തിലെ അത്തമാണ് പ്രതിഷ്ഠാദിനം.

ശബരിമല ക്ഷേത്രത്തിലെ ഉത്സവം പത്ത് ദിവസമാണ്. മീനമാസത്തിലെ കാർത്തിക നാളിലാണ് കൊടിയേറ്റ്. അയ്യപ്പന്റെ പിറന്നാൾ ദിനമായ പൈങ്കുനി ഉത്രം നാളിൽ പമ്പാനദിയിൽ ആണ് ആറാട്ട്. ശബരിമലയിൽ ഭക്തനും ദൈവവും ഒന്നാണ്. രണ്ടു പേരും അയ്യപ്പൻ എന്നാണ് അറിയപ്പെടുന്നത്. ബ്രഹ്മചാരി സങ്കൽപത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ. അതുകൊണ്ടു തന്നെ പത്തു മുതൽ അൻപത് വയസ്സ് വരെയുള്ള സ്ത്രീകൾക്ക് പ്രവേശന വിലക്കുണ്ട്. മതസൗഹാർദത്തിന്റെ പ്രതീകം കൂടിയാണ് ശബരിമല. ഇവിടെ ആർക്കും വിലക്കില്ല. അഭൂതപൂർവമായ ഭക്തജനത്തിരക്കാണ് ഓരോ വർഷവും ഇവിടെ അനുഭവപ്പെടുന്നത്. 

ഹരിഹരസുതനാണ് അയ്യപ്പസ്വാമി. മഹിഷീ ശാപമോക്ഷത്തിനായി ശാസ്താവ് സ്വയംഭൂവായി അവതരിച്ചതാണ് അയ്യപ്പൻ. വലതുകയ്യിലെ തള്ളവിരലും ചൂണ്ടാണി വിരലും ചേർത്ത് ചിന്മുദ്രയിൽ കിഴക്കോട്ട് ദർശനമായി അമരുന്നു. തള്ളവിരൽ ആത്മാവും ചൂണ്ടാണി വിരൽ ജീവനുമായിട്ടാണ് കൽപിച്ചിരിക്കുന്നത്. തൊട്ടടുത്താണ് മാളികപ്പുറത്തമ്മ ക്ഷേത്രം. മാളികപ്പുറത്തമ്മയെ ഉപദേവതയായി കരുതുന്നു. രണ്ട് നിലയിലുള്ള മാളികയുടെ പുറത്താണ് ദേവി വിരാജിക്കുന്നത്. കന്നിമൂല ഗണപതിയാണ് മറ്റൊരു പ്രതിഷ്ഠ. വാവരു സ്വാമിയുടെയും കടുത്ത സ്വാമിയുടെയും സാന്നിധ്യവും ഇവിടെയുണ്ട്. വ്രതമെടുത്ത് കല്ലുംമുള്ളും താണ്ടി എത്തുന്ന ഭക്തന് നൽകുന്ന സന്ദേശം ‘തത്ത്വമസി’ എന്നാണ്. നിങ്ങൾ ആരെയാണോ കാണാൻ വന്നിരിക്കുന്നത് അത് നിങ്ങൾ തന്നെയാണ്. ഭക്തനും ഭഗവാനും ഒന്നാണിവിടെ. ജീവാത്മാ-പരമാത്മാ ബന്ധമാണ് ഇവിടെ സൂചിപ്പിക്കുന്നത്.

English Summary:
The annual Mandalam-Makaravilakku pilgrim season in Sabarimala begins on November 17

mo-religion-sabarimalapilgrimage2023 30fc1d2hfjh5vdns5f4k730mkn-list 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news mo-religion-sabarimala2023 mo-religion-sabarimala-pilgrimage 17k8ii50aucaoao5nmc58frja7


Source link

Related Articles

Back to top button