ആഥൻസ്: ഗ്രീക്ക് തീരത്തെ അഭയാർഥിബോട്ട് ദുരന്തത്തിൽ 79 പേരുടെ മരണം സ്ഥിരീകരിച്ചു. മത്സ്യബന്ധന ബോട്ടിൽ 750 പേരെ കുത്തിനിറച്ചിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഇതിൽ നൂറോളം പേർ കുട്ടികളാണ്. കാണാതായവർക്കായി വലിയ തോതിൽ തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും വലിയ പ്രതീക്ഷയില്ലെന്നാണു ഗ്രീക്ക് അധികൃതർ സൂചിപ്പിച്ചത്. ഈജിപ്ത്, സിറിയ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, പലസ്തീൻ എന്നിവിടങ്ങളിൽനിന്നുള്ളവരാണു ബോട്ടിലുണ്ടായിരുന്നത്. ലിബിയയിൽനിന്ന് പുറപ്പെട്ട ഇവർ ഇറ്റലി വഴി യൂറോപ്പിലേക്കു കുടിയേറാനുള്ള ശ്രമത്തിലായിരുന്നു. ബുധനാഴ്ച പുലർച്ചെ രണ്ടിനാണ് ഗ്രീസിലെ പൈലോസിന് 80 കിലോമീറ്റർ അകലെ ബോട്ട് മുങ്ങിയത്.
അപകടമൊഴിവാക്കാൻ ഗ്രീസിലെ തീരരക്ഷാസേന ഇടപെട്ടില്ലെന്ന ആരോപണമുണ്ട്. എന്നാൽ അപകടത്തിനു മുന്പേ സഹായം വാഗ്ദാനം ചെയ്തിട്ടും ബോട്ടിലുണ്ടായിരുന്നവർ നിരസിച്ചതായി ഗ്രീക്ക് വൃത്തങ്ങൾ പറഞ്ഞു. രക്ഷപ്പെടുത്തിയവരെ ഗ്രീസിലെ കലമാട്ട നഗരത്തിലാണ് എത്തിച്ചിരിക്കുന്നത്. ഇവർക്കു വൈദ്യസഹായം നല്കിയവരാണ് ബോട്ടിൽ 750ഓളം പേരുണ്ടായിരുന്നുവെന്നു പറഞ്ഞത്. ഗ്രീക്ക് സർക്കാർ വൃത്തങ്ങളും ഇക്കാര്യം സൂചിപ്പിച്ചു. ബോട്ടിലെ എൻജിനു തകരാറുണ്ടായതാണ് അപകടത്തിനു വഴിവച്ചതെന്നു കരുതുന്നു. യൂറോപ്യൻ തീരത്തുണ്ടായ വലിയ അഭയാർഥി ദുരന്തങ്ങളിലൊന്നാണ് ഈ അപകടം.
Source link