കൊച്ചി∙ കണ്ടല സഹകരണബാങ്ക് തട്ടിപ്പിൽ സിപിഐ നേതാവും മുൻ ബാങ്ക് പ്രസിഡന്റുമായ എൻ.ഭാസുരാംഗൻ, മകൻ അഖിൽജിത്ത് എന്നിവരെ എൻഫോഴ്‍സ്‍മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. ഇരുവരെയും ഇന്ന് 10 മണിക്കൂർ ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർനടപടികൾ പുരോഗമിക്കുകയാണ്. പുലർച്ചയോടെ മാത്രമേ പൂർത്തിയാകുവെന്നാണ് വിവരം. ഇവരെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
ഇരുവരുടെയും മൊഴികൾ തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് ഇഡി ഉദ്യോഗസ്ഥർ നൽകുന്ന സൂചന. കൂടാതെ സ്വത്തുക്കളും സ്രോതസ്സും വ്യക്തമാക്കിയിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.
കണ്ടല ബാങ്ക് തട്ടിപ്പിൽ മൂന്നാംതവണയാണ് ഭാസുരാംഗനെ ഇ.ഡി ചോദ്യം ചെയ്യുന്നത്. 101 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിന്റെ മുൻ പ്രസിഡന്റും സിപിഐ പ്രാദേശിക നേതാവുമായിരുന്നു ഭാസുരാംഗൻ. ഇ.ഡി. അന്വേഷണം പുരോഗമിക്കുന്നതിനിടെ സിപിഐ ഭാസുരാംഗനെ പാർട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
Source link