ASTROLOGY

കുട്ടികൾക്ക് ധരിക്കാൻ ഷഡ്മുഖ രുദ്രാക്ഷം; ഫലം വിദ്യ, ധൈര്യം, ദീർഘായുസ്സ്

ഹൈന്ദവാചാരപ്രകാരം ഏറെ ശ്രേഷ്ഠകരമായി കാണുന്ന ഒന്നാണ് രുദ്രാക്ഷം.  ഭക്തിയുടേയും ശുദ്ധിയുടേയും പ്രതീകമായ രുദ്രാക്ഷത്തിന് വമ്പിച്ച ഔഷധഗുണങ്ങൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. അതിനാൽ തന്നെ പ്രാചീനകാലം മുതൽക്ക്  ഭാരതീയ ഋഷിവര്യന്മാർ രുദ്രാക്ഷം ശരീരത്തിൽ ധരിച്ചിരുന്നു. ഇന്നും വിശ്വാസത്തിന്റെ ഭാഗമായി നിരവധിയാളുകൾ രുദ്രാക്ഷം ധരിക്കുന്നു. രുദ്രാക്ഷം ധരിക്കുന്നവർ മത്സ്യ മാംസങ്ങൾ കഴിക്കരുത്. ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കാൻ പാടില്ല എന്നെല്ലാമാണ് പറയപ്പെടുന്നത്. തമോഗുണദായകമായ ഉള്ളി, വെളുത്തുള്ളി, മുരിങ്ങാക്കായ എന്നിവ രുദ്രാക്ഷം ധരിക്കുന്നവർ ഉപയോഗിക്കരുതെന്നും ഒരു വിഭാഗം പറയുന്നു. 

മുഖങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് രുദ്രാക്ഷത്തിന്റെ ഫലസിദ്ധി നിർണയിക്കുന്നത്. ഒന്ന് മുതൽ പതിന്നാലു മുഖങ്ങൾ വരെയുള്ള രുദ്രാക്ഷങ്ങളുണ്ട്. രുദ്രാക്ഷം ദര്‍ശിച്ചാല്‍ തന്നെ പുണ്യമാണ് എന്നാണ് ഹൈന്ദവ വിശ്വാസം. സ്പര്‍ശിച്ചാല്‍ കോടി പുണ്യം ലഭിക്കുമെന്നും പറയപ്പെടുന്നു. രുദ്രാക്ഷം വിധി പ്രകാരം ധരിച്ചാല്‍ നൂറുകോടിയിലധികം പുണ്യം ലഭിക്കുമെന്നും  നിത്യവും രുദ്രാക്ഷം ധരിച്ചു ജപം നടത്തിയാൽ അനന്തമായ പുണ്യം ലഭിക്കും എന്നുമാണ് വിശ്വാസം. രുദ്രാക്ഷം ധരിക്കുന്നത് വ്രതം എടുക്കുന്നതിനേക്കാൾ ഗുണകരമാണ്. അക്ഷയമായ ദാനങ്ങളില്‍ ഉത്തമമാണ് രുദ്രാക്ഷദാനം. 

രുദ്രാക്ഷത്തിന്റെ ഐതിഹ്യംപണ്ട് ത്രിപുരൻ എന്നൊരു ശക്തനായ അസുരനുണ്ടായിരുന്നു. ദേവന്മാരേയും ദേവാധിപരെയും തോല്പിച്ച് ഏകചത്രാധിപതിയായിതീർന്ന ത്രിപുരൻ കാരണം ദേവന്മാർ സങ്കടത്തിലായി. ഈ അവസ്ഥയ്ക്ക് ഒരു പരിഹാരം തേടിക്കൊണ്ട് ദേവന്മാർ പരമശിവന്റെ അടുക്കൽ ചെന്നു. ത്രിപുരനെ എങ്ങനെയാണ് വധിക്കേണ്ടത് എന്ന്  കണ്ണടച്ചിരുന്ന് ചിന്തിച്ച പരമശിവൻ ഒരായിരം ദിവ്യവർഷങ്ങൾക്ക് ശേഷമാണു കണ്ണ് തുറന്നത്. കണ്ണ് തുറന്നപ്പോൾ കണ്ണുകളിൽ നിന്നും കണ്ണുനീർ തുള്ളികൾ താഴെ വീണു.  ഈ ബാഷ്പ ബിന്ദുക്കളിൽ നിന്നാണത്രെ രുദ്രാക്ഷ വ്യക്ഷങ്ങളുണ്ടായത്.

പരമശിവന്റെ സൂര്യ നേത്രത്തിൽ നിന്ന് പന്ത്രണ്ട് തരം രുദ്രാക്ഷങ്ങളും ചന്ദ്ര നേത്രത്തിൽ നിന്ന് പതിനാറ് തരം രുദ്രാക്ഷങ്ങളും അഗ്നി നേത്രത്തിൽ നിന്ന് പത്ത് തരം രുദ്രാക്ഷങ്ങളും ആണ് ഉണ്ടായത്. സൂര്യനേത്രത്തിൽ നിന്ന് ഉണ്ടായ രുദ്രാക്ഷങ്ങൾക്ക് രക്ത വർണ്ണമാണ്. ചന്ദ്രനേത്രത്തിൽ നിന്ന് ഉണ്ടായവക്ക് വെള്ള നിറവും അഗ്നിനേത്രത്തിൽ നിന്ന് ഉണ്ടായവക്ക് കറുപ്പ് നിറവുമാണുള്ളത്.

കുട്ടികൾക്ക് ധരിക്കാൻ ആറുമുഖ രുദ്രാക്ഷംആറ് മുഖങ്ങളുള്ള രുദ്രാക്ഷമാണ് കുട്ടികൾക്ക് ധരിക്കാൻ ഉചിതം. ചങ്കിൽ തട്ടി നിൽക്കുന്ന രീതിയിലാണ് ഇത് കെട്ടേണ്ടത്. ആറ് മുഖങ്ങളുള്ള രുദ്രാക്ഷം സുബ്രഹ്മണ്യ ദേവനെ പ്രതിനിധാനം ചെയ്യുന്നു. സേനാനായകനായ സുബ്രഹ്മണ്യനാണു ഇതിന്റെ ദേവത എന്നതിനാൽ തന്നെ ഇത് ധരിക്കുന്ന കുട്ടികളിൽ നേതൃപാഠവം ഉണ്ടാകും. വിധി പ്രകാരം ആറ് മുഖ രുദ്രാക്ഷം ധരിക്കുന്ന കുട്ടികളിൽ  ജ്ഞാനം വർധിക്കുകയും മത്സരബുദ്ധി ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് ശരീരത്തോട് ചേർന്ന് കിടക്കുന്നതിലൂടെ  ഏകാഗ്രതയും മനോബലവും വർധിക്കുന്നു.
ഒപ്പം വിവേകവും കാര്യശേഷിയും സാമര്‍ത്ഥ്യവും ഇച്ഛാശക്തിയും ഫലമായി വരുന്നു. ആറ് മുഖ രുദ്രാക്ഷം ധരിക്കുന്ന കുട്ടികൾ സ്വയം പ്രേരകനായിത്തീരുകയും ഏത് കഠിന സാഹചര്യങ്ങളെയും അതിജീവിക്കുകയും ചെയ്യും. ആറുമുഖ രുദ്രാക്ഷം ബ്രഹ്മഹത്യാപാപത്തെ നശിപ്പിക്കും.സംഗീതം, നൃത്തം തുടങ്ങിയ രംഗങ്ങളില്‍ ശോഭിക്കാനുള്ള അവസരങ്ങളും ഇതിലൂടെ ലഭിക്കുമെന്നാണ് വിശ്വാസം. ആരോഗ്യപരമായി പറയുകയാണെങ്കിൽ തൊണ്ട രോഗം, ഗര്‍ഭാശയരോഗം എന്നിവ ശമിക്കും. ആറുമുഖ രുദ്രാക്ഷത്തിന്റെ ഗ്രഹം ശുക്രനാണ് . അതിനാൽ തന്നെ ശുക്രദശാകാലം മെച്ചമാകാനും നല്ല ദാമ്പത്യ ജീവിതത്തിനും ഇത് നല്ലതാണ്.

പൊതുഫലങ്ങൾ 
രുദ്രാക്ഷധാരണം ശരീരത്തെ ഒരു കവചം പോലെ സംരക്ഷിക്കുന്നു . മനസ്സിന് സമാധാനവും ഉന്മേഷവും നൽകുന്നു . വിഷജീവികളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നുവെന്നും പറയപ്പെടുന്നു. ദുഷ്ടശക്തികളെ അകറ്റി നിർത്തി പോസറ്റിവ് ചിന്തകൊണ്ട് മനസ് നിറക്കുന്നു. മുഖം ഐശ്വര്യം നിറഞ്ഞതും പ്രശാന്തവുമാകുന്നു. മാത്രമല്ല, ശരീരത്തിന്റെ ഓറയെ ബലപ്പെടുത്തുവാൻ രുദ്രാക്ഷധാരണം കൊണ്ടു സാധിക്കുമെന്നു ബനാറസ് ഹിന്ദു സർവകലാശാലയിലെ ഒരു പഠനം തെളിയിച്ചിട്ടുണ്ട്. ഓറയുടെ സ്വാധീനത്തിലൂടെ ഹൃദയസ്പന്ദനത്തെ ക്രമീകരിക്കാനും രുദ്രാക്ഷത്തിനു കഴിയുന്നു. 

English Summary:
Shanmukhi Rudraksha Bead for Children


Source link

Related Articles

Back to top button