ASTROLOGY

വഴിമുടക്കാതെ വന്യമൃഗങ്ങൾ, കൂട്ടുവരുന്ന കൃഷ്ണപ്പരുന്ത്; എന്നും ഒപ്പമുണ്ട് അയ്യനയ്യപ്പൻ


പുലിപ്പാലു തേടി കാട്ടിൽപോയ രാജകുമാരന്റെ കഥ കേട്ടു വളർന്ന ബാല്യം, അധർമികളെ അമർച്ച ചെയ്ത വീരബാലനെ ആരാധിച്ച കൗമാരം, പ്രണയം ചോദിച്ച പെൺകുട്ടിയോട് കന്നി അയ്യപ്പന്മാരാരും വരാത്ത കാലത്തു വിവാഹമെന്ന് വാഗ്ദാനം നൽകിയ ബ്രഹ്മചാരിയോട് ആദരം തോന്നിയ യൗവനം, 41 ദിവസത്തെ വ്രതമെടുത്ത് മലചവിട്ടാനുള്ള ഊർജം പകരുന്ന ഭക്തിയെ ഭസ്മക്കുറി പോലെ ശിരസ്സിലണിയുന്ന വാർധക്യം. ജനിച്ചു വീഴുന്ന സമയം മുതൽ അയ്യപ്പനെ അറിഞ്ഞും അനുഭവിച്ചും വളരുന്ന പന്തളത്തെ ഓരോ തലമുറയ്ക്കും അയ്യപ്പൻ കയ്യെത്താ ദൂരത്തുള്ള ദൈവസങ്കൽപമല്ല, ഒരു കൈപ്പാടകലെയുള്ള മകനോ സഹോദരനോ രക്ഷിതാവോ ആണ്. അഖിലാണ്ഡ‍കോടി ബ്രഹ്മാണ്ഡനായകനെന്നു വിളിക്കുമ്പോഴും കണ്ണുനിറഞ്ഞൊന്നു വിളിച്ചാൽ വിളിപ്പുറത്തുള്ള മണികണ്ഠൻ. 
ഹരിഹരസുത സ്തുതികളുമായി ഒരു മണ്ഡലകാലം കൂടിയെത്തുമ്പോൾ, അപൂർവമായൊരു നിയോഗത്തിന്റെ ധന്യതയിലാണ് പന്തളം തോന്നല്ലൂർ കുളത്തിനാൽ ഗംഗാധരൻ പിള്ള എന്ന ഗുരുസ്വാമി. അറുപത്തിയെട്ടു വർഷം തുടർച്ചയായി അയ്യപ്പന്റെ തിരുവാഭരണങ്ങൾ ശബരിമലയിലേക്കു കൊണ്ടുപോകാൻ കഴിഞ്ഞ ഗംഗാധരൻ പിള്ളയ്ക്ക് ജീവിതം മണികണ്ഠതൃപ്പാദങ്ങളിലുള്ള സമർപ്പണമാണ്. പതിനെട്ടാം വയസ്സിൽ, ആദ്യമായി അച്ഛനോടൊപ്പം തിരുവാഭരണങ്ങളുമായി കാടും മലയും നടന്നുകയറി അയ്യപ്പ സവിധത്തിലെത്തിയ ഗംഗാധരൻ പിള്ള 86 വയസ്സു വരെ ആ സപര്യ തുടർന്നു. രണ്ടു വർഷമായി വിശ്രമത്തിലാണെങ്കിലും തിരുവാഭരണ ഘോഷയാത്രയ്ക്കു മുമ്പ് ആഭരണപ്പെട്ടി കൊട്ടാരത്തിൽനിന്നു ക്ഷേത്രത്തിലെത്തിക്കുന്നത് അദ്ദേഹമാണ്. ഗുരുസ്വാമി  കുളത്തിനാൽ ഗംഗാധരൻ പിള്ള സംസാരിക്കുകയാണ്, ഒരായുസ്സു മുഴുവൻ അയ്യപ്പനോടു ചേർന്നു നിൽക്കാൻ ഭാഗ്യം ലഭിച്ചതിനെപ്പറ്റി, തിരുവാഭരണ ഘോഷയാത്രകളെപ്പറ്റി…
ആദ്യം അയ്യനെക്കണ്ടത് അച്ഛനൊപ്പം

ആദ്യമായി ശബരിമലയ്ക്കു പോകുന്നത് അച്ഛന്റെ കൂടെയാണ്; പതിനെട്ടാം വയസ്സിൽ. അച്‌ഛൻ കോമാട്ട് നാരായണപിള്ള തിരുവാഭരണ വാഹക സംഘത്തിന്റെ ഗുരുസ്വാമിയായിരുന്നു. അച്ഛനൊപ്പം ആദ്യമായി തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുത്തു. പിന്നെ ഒറ്റ വർഷം പോലും മുടങ്ങാതെ 68 വർഷം ഭഗവാന്റെ തിരുവാഭരണങ്ങളുമായി ശബരിമലയ്ക്കു പോകാൻ കഴിഞ്ഞു. 2006 മുതൽ ഗുരുസ്വാമിയായി. അതുവരെ കൊച്ചുതുണ്ടിൽ ഭാസ്‌കരൻ പിള്ളയായിരുന്നു ഗുരുസ്വാമി. 
കാടും മേടും കയറി…
വൃശ്ചികം ഒന്നു മുതൽ വ്രതമെടുത്താണ് യാത്ര. അന്ന് ഇതുപോലെ റോഡൊന്നുമില്ലല്ലോ. കാടും മലയും കയറിയിറങ്ങിയാണ് പോകുന്നത്. ഇപ്പോഴങ്ങനെ മലയൊന്നും കയറേണ്ടിവരുന്നില്ല. റോഡിലൂടെയാണു പോകുന്നത്. നീലിമല മാത്രമേ ഇപ്പോൾ കയറുന്നുള്ളൂ. അന്ന് ളാഹ വരെ പോകുന്നതു തന്നെ ബുദ്ധിമുട്ടിയാണ്. അവിടെനിന്നു മലകൾ കയറിയാണ് യാത്ര. അന്ന് ചാലക്കയം വരെയേ ബസ് സർവീസ് ഉണ്ടായിരുന്നുള്ളൂ. അവിടെനിന്ന് ദേവസ്വം ബോർഡാണ് ഭക്തരെ കൊണ്ടുപോയിരുന്നത്. അന്ന് തിരുവാഭരണവുമായി ളാഹയിലെത്തി അവിടെനിന്ന് രാജാംപാറ, മോതിരപ്പാറ, കൊട്ടകെട്ടി, കുടമുരുട്ടി വഴി മല കയറിയാണ് പോയിരുന്നത്. അന്ന് പ്ലാപ്പള്ളിയിൽ ചെന്നിട്ട് തലപ്പാറ വഴിയാണ് പോകുന്നത്. ഇന്ന് ആ മലകളൊന്നും അറിയില്ല. റോഡ് വെട്ടിയിട്ടുണ്ടല്ലോ. അതുവഴിയാണ് പോകുന്നത്. അക്കാലത്ത് തലപ്പാറയിൽ തിരുവാഭരണമെത്തുന്നത് വലിയ വിശേഷമായിരുന്നു. ഇപ്പോൾ തലപ്പാറയിലെ ചടങ്ങുകളെല്ലാം പ്ലാപ്പള്ളിയിലാക്കി. അയ്യപ്പന്റെ പൂങ്കാവനത്തിലെ പതിനെട്ടു മലകളിൽ ഒന്നാണല്ലോ തലപ്പാറ. അങ്ങനെ വലിയ പ്രാധാന്യമുള്ള സ്ഥലമാണത്. അവിടെനിന്ന് ഇലവുങ്കൽ വഴിയായിരുന്നു നിലയ്ക്കലെത്തിയിരുന്നത്. ഇന്ന് റോഡ് വന്നതോടെ നേരേ നിലയ്ക്കലേക്കു പോകുകയാണ്. 

കുളത്തിനാൽ ഗംഗാധരൻ‌ പിള്ള

ആദ്യകാലത്ത് ളാഹയിൽ‌നിന്നു മല കയറിപ്പോകുന്നത് കാട്ടുവഴിയിലൂടെയാണല്ലോ. യാത്രയ്ക്കു മുൻപുതന്നെ ഫോറസ്റ്റുകാർ വഴി തെളിച്ചിട്ടിരിക്കും. മൂന്നടിപ്പാതയാണത്. ആറു പേരായിരുന്നു അന്ന് തിരുവാഭരണ വാഹക സംഘത്തിലുള്ളത്. പെട്ടികൾ മാറിമാറി എടുക്കും. അന്ന് എല്ലാവർക്കും ചുമടുണ്ടാകും. ഭക്ഷണമുണ്ടാക്കാനുള്ള സാധനങ്ങളടക്കം കൊണ്ടുപോകണമല്ലോ, അപ്പോൾ എല്ലാവരുടെ ചുമലിലും കെട്ടുകളുണ്ടാകും. പെട്ടികളും ആ കെട്ടുകളും മാറിമാറിയെടുക്കും. സംരക്ഷണത്തിനായി മൂന്നോ നാലോ പൊലീസുകാരും ഉണ്ടാകും. അവരുടെ കയ്യിൽ രണ്ടു റൈഫിളും കാണും. പിന്നീടാണ് വലിയ പൊലീസ് സംഘമൊക്കെ വന്നത്. അന്ന് പന്തളം ആലപ്പുഴ ജില്ലയിലാണ്. അവിടെ നിന്നാണ് പൊലീസ് വന്നിരുന്നത്. പിന്നെയാണല്ലോ പത്തനംതിട്ട ജില്ലയായത്. അന്നു ശബരിമല കൊല്ലം ജില്ലയുടെ ഭാഗമാണ്. 
ഒരിക്കൽ, ഒരുപാടു കാലം മുമ്പാണ്, ഞങ്ങൾ കാട്ടിലൂടെ പെട്ടിയുമായി വരികയാണ്. ഞാനും ചെങ്ങാരംകുന്നിൽ രാഘവൻ പിള്ളയും പിന്നിലാണ്. ഫോറസ്റ്റുകാർ തെളിച്ച ജീപ്പുറോഡിലൂടെയാണ് വരുന്നത്. എതിരെ രണ്ടുപേർ നടന്നുവരുന്നുണ്ടായിരുന്നു. അവർ നടന്ന് ഞങ്ങളുടെ അടുത്തെത്തിയപ്പോൾ തമ്മിൽ സംസാരിക്കുന്നത് ഞങ്ങൾ കേട്ടു. ‘ഇപ്പോൾ പെട്ടി പിടിച്ചുപറിച്ചിട്ട് ഇവരെ പിടിച്ചു തള്ളിയാലെന്താ’ എന്നായിരുന്നു സംസാരം. അതുകേട്ട് ഞങ്ങൾ തിരിഞ്ഞുനിന്നു. ‘എന്നാലങ്ങനാട്ടെ, വാടാ’ എന്നു പറഞ്ഞു. അവർ ഞങ്ങളെയൊന്നു നോക്കിയിട്ട് ഒന്നുംമിണ്ടാതെ പെട്ടെന്നു നടന്നുപോയി. അതല്ലാതെ ഇത്രയും വർഷത്തിനിടെ അഹിതമായി യാതൊരനുഭവവുമുണ്ടായിട്ടില്ല. തിരുവാഭരണവുമായി പോയി തിരിച്ചെത്തുംവരെ അയ്യപ്പൻ ഒപ്പമുണ്ടാകും. അതാണ് ഞങ്ങളുടെ ബലവും ധൈര്യവും. 
മൃഗശല്യമില്ല, മുടങ്ങാതെത്തും പരുന്ത്

കൊടുംകാട്ടിലൂടെ പോകുന്ന കാലത്തും വന്യമൃഗങ്ങളുടെ ശല്യമൊന്നുമുണ്ടായിട്ടില്ല. ഒരൊറ്റ വന്യമൃഗത്തെപ്പോലും കണ്ടിട്ടുമില്ല. കാട്ടിലെ ചെറിയ ജീവികളെയൊക്കെ കണ്ടിട്ടുണ്ട്. അതല്ലാതെ മറ്റൊന്നുമുണ്ടായിട്ടില്ല. വലിയ മൃഗങ്ങളൊക്കെ അവിടെ ഉണ്ടാകുമായിരിക്കും. ശബ്ദമൊക്കെ കേട്ടിട്ടുണ്ട്. പക്ഷേ ഒരിക്കലും നമ്മുടെ മുന്നിലേക്കു വരികയോ ബുദ്ധിമുട്ടുണ്ടാക്കുകയോ ഒന്നുമുണ്ടായിട്ടില്ല.

തിരുവാഭരണം വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര കുളനടയിൽനിന്ന് ഉള്ളന്നൂരിലേക്കു പോകുന്നു. ചിത്രം: നിഖിൽ രാജ് ∙ മനോരമ

വിസ്മയമുള്ള ഒരു കാര്യം കൃഷ്ണപ്പരുന്തിന്റെ വരവാണ്. എല്ലാ വർഷവും ധനു 28 ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് പന്തളത്തുനിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്നത്. ക്ഷേത്രത്തിൽനിന്നു പെട്ടിയെടുക്കുന്ന സമയമാകുമ്പോൾ ആകാശത്തു കൃഷ്ണപ്പരുന്ത് പ്രത്യക്ഷപ്പെടും. അത് എവിടെനിന്നു വരുന്നെന്ന് അറിയില്ല. മഹാവിഷ്ണുവിന്റെ വാഹനമാണെന്നാണല്ലോ വിശ്വാസം. യാത്രയ്ക്കിടെ തിരുവാഭരണപ്പെട്ടികൾ ഇറക്കുന്ന സ്ഥലത്തെല്ലാം ആകാശത്തു പരുന്തുണ്ടാകും. അത് വട്ടമിട്ടുകൊണ്ടിരിക്കും. ഇത്രയും വർഷത്തിനിടെ ഒരിക്കൽപോലും അതു മുടങ്ങിയിട്ടില്ല.
രാജകുമാരന്റെ ആഭരണങ്ങൾ

രാജകുമാരനാണല്ലോ അയ്യപ്പൻ. വർഷത്തിലൊരിക്കൽ സർവാഭരണ വിഭൂ‌ഷിതനായി മകനെ കാണണമെന്ന പന്തളത്തു രാജാവിന്റെ ആഗ്രഹത്താലാണ് തിരുവാഭരണങ്ങൾ ശബരിമലയിലെത്തിച്ചു ഭഗവാനു ചാർത്തുന്നത്. മൂന്നു പെട്ടിയാണു കൊണ്ടുപോകുന്നത്. ആഭരണപ്പെട്ടിയാണു പ്രധാനം. തിരുമുഖം, പ്രഭാമണ്ഡലം, രണ്ടു ചുരിക, ആന, കടുവ, സ്വർണപൂത്തട്ടം. പതക്കമുള്ള മുത്തുമാല, ശരപ്പൊളിമാല, കച്ചക്കുടം, എരുക്കിൻപൂമണിമാല, നവരത്ന മോതിരം, വെള്ളി കെട്ടിയ ശംഖ്, രണ്ടു ദേവീ രൂപം തുടങ്ങിയവയാണ് ആഭരണപ്പെട്ടിയിലുള്ളത്. കളഭപ്പെട്ടിയിൽ മകരം അഞ്ചിന് ഭഗവാനു കളഭാഭിഷേകം നടത്താനുള്ള സ്വർണക്കുടവും പൂജാപാത്രങ്ങളുമാണ്. കൊടിപ്പെട്ടിയിലുള്ളത് ആനയുടെ നെറ്റിപ്പട്ടം, ജീവത, മലദൈവങ്ങൾക്കുള്ള കൊടിക്കൂറ, മെഴുവട്ടക്കുട എന്നിവയാണ്. കൊടിപ്പെട്ടിക്കാണ് വലുപ്പവും ഭാരവും കൂടുതൽ.
മുൻപ് തിരുവാഭരണം പുറപ്പെടുന്ന ദിവസം മാത്രമേ ഭക്തർ‌ക്കു ദർശനത്തിനായി ക്ഷേത്രത്തിൽ തുറന്നു വയ്ക്കാറുള്ളൂ. ഇത്രയും തിരക്കുമുണ്ടായിരുന്നില്ല. തിരുവാഭരണ ദർശനത്തിന് ഭക്തജനങ്ങളുടെ തിരക്കേറിയതോടെയാണ് മണ്ഡലകാലം തുടങ്ങുന്നതു മുതൽ തിരുവാഭരണ ദർശനം തുടങ്ങിയത്. ഇപ്പോൾ, ശബരിമലയ്ക്കു കൊണ്ടുപോകുന്നതിന്റെ തലേദിവസം വരെ കൊട്ടാരത്തിൽ ദർശനമുണ്ടാകും.
മണികണ്ഠപാദത്തിൽ ജീവിതം

അയ്യപ്പന്റെ സാന്നിധ്യം ജീവിതത്തിലെപ്പോഴുമുണ്ട്. അതിന്റെ തണലിലാണ് ജീവിതം എന്നുതന്നെ പറയാം. 68 വർഷം മുടങ്ങാതെ തിരുവാഭരണവുമായി ശബരിമലയ്ക്കു പോകാനാകുകയെന്നത് ഭഗവാന്റെ അനുഗ്രഹം കൊണ്ടുമാത്രമാണ്. കഴിഞ്ഞ രണ്ടു വർഷമായി യാത്രയിൽ പങ്കെടുക്കാറില്ല. ഘോഷയാത്രാ ദിവസം കൊട്ടാരത്തിൽനിന്നു പെട്ടിയെടുത്ത് ക്ഷേത്രത്തിലെത്തിക്കുക മാത്രം ചെയ്യും. മകൻ ഉണ്ണി തിരുവാഭരണ വാഹക സംഘത്തിലുണ്ട്. ഉണ്ണിയിലൂടെ ആ നിയോഗം തുടരാനാകുന്നതിൽ സന്തോഷമുണ്ട്. ശരീരം ഇവിടെയാണെങ്കിലും മനസ്സുകൊണ്ട് ഞാനും യാത്രാസംഘത്തിനൊപ്പമുണ്ടാകും.രാജകുമാരനാണല്ലോ അയ്യപ്പൻ. വർഷത്തിലൊരിക്കൽ സർവാഭരണ വിഭൂ‌ഷിതനായി മകനെ കാണണമെന്ന പന്തളത്തു രാജാവിന്റെ ആഗ്രഹത്താലാണ് തിരുവാഭരണങ്ങൾ ശബരിമലയിലെത്തിച്ചു ഭഗവാനു ചാർത്തുന്നത്. മൂന്നു പെട്ടിയാണു കൊണ്ടുപോകുന്നത്. ആഭരണപ്പെട്ടിയാണു പ്രധാനം. തിരുമുഖം, പ്രഭാമണ്ഡലം, രണ്ടു ചുരിക, ആന, കടുവ, സ്വർണപൂത്തട്ടം. പതക്കമുള്ള മുത്തുമാല, ശരപ്പൊളിമാല, കച്ചക്കുടം, എരുക്കിൻപൂമണിമാല, നവരത്ന മോതിരം, വെള്ളി കെട്ടിയ ശംഖ്, രണ്ടു ദേവീ രൂപം തുടങ്ങിയവയാണ് ആഭരണപ്പെട്ടിയിലുള്ളത്. കളഭപ്പെട്ടിയിൽ മകരം അഞ്ചിന് ഭഗവാനു കളഭാഭിഷേകം നടത്താനുള്ള സ്വർണക്കുടവും പൂജാപാത്രങ്ങളുമാണ്. കൊടിപ്പെട്ടിയിലുള്ളത് ആനയുടെ നെറ്റിപ്പട്ടം, ജീവത, മലദൈവങ്ങൾക്കുള്ള കൊടിക്കൂറ, മെഴുവട്ടക്കുട എന്നിവയാണ്. കൊടിപ്പെട്ടിക്കാണ് വലുപ്പവും ഭാരവും കൂടുതൽ.

തിരുവാഭരണം വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര അട്ടത്തോട് വനത്തിലൂടെ പമ്പാ നദി മുറിച്ച് കടക്കുന്നു. ചിത്രം: നിഖിൽ രാജ് ∙ മനോരമ

മുൻപ് തിരുവാഭരണം പുറപ്പെടുന്ന ദിവസം മാത്രമേ ഭക്തർ‌ക്കു ദർശനത്തിനായി ക്ഷേത്രത്തിൽ തുറന്നു വയ്ക്കാറുള്ളൂ. ഇത്രയും തിരക്കുമുണ്ടായിരുന്നില്ല. തിരുവാഭരണ ദർശനത്തിന് ഭക്തജനങ്ങളുടെ തിരക്കേറിയതോടെയാണ് മണ്ഡലകാലം തുടങ്ങുന്നതു മുതൽ തിരുവാഭരണ ദർശനം തുടങ്ങിയത്. ഇപ്പോൾ, ശബരിമലയ്ക്കു കൊണ്ടുപോകുന്നതിന്റെ തലേദിവസം വരെ കൊട്ടാരത്തിൽ ദർശനമുണ്ടാകും.
മണികണ്ഠപാദത്തിൽ ജീവിതം

അയ്യപ്പന്റെ സാന്നിധ്യം ജീവിതത്തിലെപ്പോഴുമുണ്ട്. അതിന്റെ തണലിലാണ് ജീവിതം എന്നുതന്നെ പറയാം. 68 വർഷം മുടങ്ങാതെ തിരുവാഭരണവുമായി ശബരിമലയ്ക്കു പോകാനാകുകയെന്നത് ഭഗവാന്റെ അനുഗ്രഹം കൊണ്ടുമാത്രമാണ്. കഴിഞ്ഞ രണ്ടു വർഷമായി യാത്രയിൽ പങ്കെടുക്കാറില്ല. ഘോഷയാത്രാ ദിവസം കൊട്ടാരത്തിൽനിന്നു പെട്ടിയെടുത്ത് ക്ഷേത്രത്തിലെത്തിക്കുക മാത്രം ചെയ്യും. മകൻ ഉണ്ണി തിരുവാഭരണ വാഹക സംഘത്തിലുണ്ട്. ഉണ്ണിയിലൂടെ ആ നിയോഗം തുടരാനാകുന്നതിൽ സന്തോഷമുണ്ട്. ശരീരം ഇവിടെയാണെങ്കിലും മനസ്സുകൊണ്ട് ഞാനും യാത്രാസംഘത്തിനൊപ്പമുണ്ടാകും.


Source link

Related Articles

Back to top button