സൗരവ് ഗാംഗുലി ബംഗാളിന്റെ ബ്രാൻഡ് അംബാസഡർ: പ്രഖ്യാപനവുമായി മമത ബാനർജി

കൊൽക്കത്ത∙ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ മുൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ ബംഗാളിന്റെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ചൊവ്വാഴ്ച കൊൽക്കത്തയിൽ നടന്ന ബംഗാൾ ഗ്ലോബൽ ബിസിനസ് സമ്മിറ്റ് 2023ലാണ് മമതയുടെ പ്രഖ്യാപനം.
‘‘സൗരവ് ഗാംഗുലി ജനപ്രിയനായ വ്യക്തിയാണ്. അദ്ദേഹത്തിന് യുവതലമുറയ്ക്ക് വേണ്ടി നല്ല രീതിയിൽ പ്രവർത്തിക്കാൻ കഴിയും. ബംഗാളിന്റെ ബ്രാൻഡ് അംബാസഡറായി അദ്ദേഹത്തെ ഉൾപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു’’– മമത പറഞ്ഞു.
#WATCH | At the Bengal Global Business Summit, West Bengal CM Mamata Banerjee says “Sourav Ganguly is a very popular figure and he can work for the young generation in a very good manner. I want to involve him as the Brand Ambassador of Bengal…” pic.twitter.com/ix2mrBGwwf— ANI (@ANI) November 21, 2023
യുകെ, യുഎസ്, ഓസ്‌ട്രേലിയ, കൊറിയ, ജപ്പാൻ, ജർമനി, ഫ്രാൻസ് എന്നിവയുൾപ്പെടെ 17 രാജ്യങ്ങളിൽ നിന്നായി നൂറുകണക്കിന് കമ്പനികൾ ബംഗാൾ ഗ്ലോബൽ ബിസിനസ് സമ്മിറ്റിൽ പങ്കെടുക്കുന്നുണ്ട്. ചൊവ്വാഴ്ചയാണ് രണ്ട് ദിവസത്തെ ഉച്ചകോടി ആരംഭിച്ചത്.
സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന നിരവധി നടപടികളെക്കുറിച്ച് മമത ബാനർജി പരിപാടിയിൽ വിശദീകരിച്ചു. നാല് പുതിയ വ്യവസായ ഇടനാഴികൾ സൃഷ്ടിക്കുന്നതിനെ കുറിച്ചും അവർ വിശദീകരിച്ചു. പരിപാടിയിൽ ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച മമത, സംസ്ഥാനത്തിന് കേന്ദ്രത്തിൽനിന്ന് ഒരു സാമ്പത്തിക സഹായവും ലഭിക്കുന്നില്ലെന്ന് ആരോപിച്ചു.
മുകേഷ് അംബാനി, സഞ്ജീവ് ഗോയങ്ക, റിഷാദ് പ്രേംജി തുടങ്ങിയ വ്യവസായ പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തു. റിലയൻസ് ഇൻഡസ്ട്രീസ് ചെയർപഴ്സൻ മുകേഷ് അംബാനി അടുത്ത മൂന്നു വർഷത്തിനുള്ളിൽ ബംഗാളിൽ 20,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു.
English Summary:
Mamata Banerjee announces Sourav Ganguly as ‘Brand Ambassador of Bengal’