ബോധമില്ലാത്ത നടനാണ് മൻസൂർ അലിഖാൻ, ഞങ്ങളൊക്കെ ഒരുപാട് സഹിച്ചു: വൈറലായി ഹരിശ്രീ അശോകന്റെ വാക്കുകൾ

നടി തൃഷയ്ക്കെതിരെ മൻസൂർ അലിഖാൻ നടത്തിയ അപകീർത്തി പരാമർശം സിനിമാ ലോകത്ത് വലിയ ചർച്ചയാകുമ്പോൾ നടനെതിരെ ഹരിശ്രീ അശോകൻ ഒരഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ‘സത്യം ശിവം സുന്ദരം’ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ മൻസൂർ അലിഖാൻ കാരണം തനിക്കുണ്ടായ ഒരു മാനസിക വിഷമമാണ് ഹരിശ്രീ അശോകൻ അഭിമുഖത്തിൽ പറയുന്നത്. എന്നും വിവാദങ്ങളുടെ വഴിയെപ്പോകുന്ന മൻസൂർ അലിഖാന്റെ പുതിയ വിവാദം തമിഴകത്ത് കത്തിപ്പടരുമ്പോൾ ഹരിശ്രീ അശോകന്റെ അഭിമുഖത്തിലെ ഭാഗങ്ങളും തെന്നിന്ത്യയിലാകെ ചർച്ചയാകുകയാണ്.
സത്യം ശിവം സുന്ദരം’ എന്ന ചിത്രത്തിൽ ഫൈറ്റ് രംഗങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ നടൻ മൻസൂർ അലിഖാന്റെ അടി കൊള്ളേണ്ടി വന്നിട്ടുണ്ടെന്നായിരുന്നു ഹരിശ്രീ അശോകൻ പറഞ്ഞത്. ഒരു തവണ അടി കൊണ്ടപ്പോൾ താൻ വിലക്കിയെന്നും പിന്നീട് താൻ ദേഷ്യപ്പെട്ടതായും ഒരു ബോധമില്ലാത്ത നടനാണ് മൻസൂർ അലി ഖാൻ എന്നും ഹരിശ്രീ അശോകൻ പറയുന്നു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ വെളിപ്പെടുത്തൽ. 

‘‘സത്യം ശിവം സുന്ദരം സിനിമയിൽ എന്നെയും ഹനീഫിക്കയെയും മൻസൂർ അലി ഖാൻ ബസ് സ്റ്റാൻഡിൽ ഇട്ട് തല്ലുന്ന സീൻ ഉണ്ട്. ഞങ്ങൾ അന്ധൻമാരുടെ വേഷം ചെയ്യുന്നതുകൊണ്ട് കണ്ണ് എപ്പോഴും മുകളിലേക്ക് വയ്ക്കണം. അപ്പോൾ നമുക്ക് ഒന്നും കാണാൻ പറ്റില്ല. മൻസൂർ അലിഖാൻ രണ്ടുമൂന്ന് തവണ കൈക്കിട്ട് ഇടിച്ചു. പിന്നെ നെഞ്ചിനിട്ടും ചവിട്ട് കിട്ടി. ഇനി ചവിട്ടരുത്, ടൈമിങ് നിങ്ങളുടെ കയ്യിലാണ്, ഞങ്ങൾക്ക് ഒന്നും കാണാൻ പറ്റില്ല എന്ന് ഞാൻ ഒരു തവണ പറഞ്ഞു. പുള്ളി മൈൻഡ് ചെയ്തില്ല. 

രണ്ടാമതും ചവിട്ടി. ഞാൻ നിർത്താൻ പറഞ്ഞു. ‘‘നിന്നോട് ഒരു തവണ പറഞ്ഞതാണ് ചവിട്ടരുതെന്ന്. ഇനി നീയെന്റെ ദേഹത്ത് തൊട്ടാൽ മദ്രാസ് കാണില്ലെന്ന്’’ ഞാൻ പറഞ്ഞു. പിന്നെ ഒരു കുഴപ്പവും ഉണ്ടായില്ല. എന്റെ നാലിരട്ടി ഉണ്ടായിരുന്നു അയാൾ. നമ്മളെ ചവിട്ടിയിട്ട് എന്തായാലും അയാൾ ഇവിടുന്ന് പോകില്ല. ഞാൻ ഇങ്ങനെ ഇരിക്കുന്നു എന്നേയുള്ളു. ഒരു ബോധമില്ലാത്ത നടനാണ് ഈ മൻസൂർ അലി ഖാൻ. അയാൾക്ക് വേണ്ടി ഞങ്ങളൊക്കെ ഒരുപാട് സഹിച്ചു. അയാൾക്കെതിരെ നൂറ്റി അൻപതോളം കേസുകൾ ഉണ്ട്. ഇപ്പോഴും ജയിലിലാണ്. വീട്ടിൽ വല്ലപ്പോഴുമാണ് വരുന്നത്. ലീവിന് വീട്ടിൽ വരും.’’ ഹരിശ്രീ അശോകൻ പറഞ്ഞു.

ലിയോ സിനിമയുമായി ബന്ധപ്പെട്ടു നൽകിയ ഒരു അഭിമുഖത്തിലാണ് മൻസൂർ അലിഖാൻ തൃഷയ്ക്കെതിരെ വിവാദ പരാമർശം നടത്തിയത്. ചിത്രത്തിൽ തൃഷയുമായി ‘കിടപ്പുമുറി സീൻ’ പങ്കിടാന്‍ അവസരം ലഭിച്ചില്ലെന്നായിരുന്നു പരാമർശം. മൻസൂർ അലിഖാനൊപ്പം സ്ക്രീൻസ്പേസ് പങ്കിടാത്തതിൽ അഭിമാനിക്കുന്നുവെന്നും ഇനി ഒരിക്കലും അത് സംഭവിക്കില്ലെന്നും തൃഷ ട്വീറ്റ് ചെയ്തു. മൻസൂർ അലി ഖാൻ നടത്തിയ പരാമർശത്തിന്റെ വിഡിയോയും അവർ എക്സിൽ പങ്കുവച്ചു.

‘‘മൻസൂർ അലി ഖാൻ എന്ന നടൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വിഡിയോ കാണുകയുണ്ടായി. ഞാൻ ഇതിനെ ശക്തമായി അപലപിക്കുന്നു.  ലൈംഗികച്ചുവയുള്ളതും സ്ത്രീവിരുദ്ധവും വെറുപ്പുളവാക്കുന്നതും സ്ത്രീകളോട് അനാദരവ് പ്രകടമാക്കുന്നതുമാണ് അയാളുടെ കമന്റ്. അയാളെപ്പോലെ മോശം സ്വഭാവമുള്ള ഒരാളുമായി സ്‌ക്രീൻ സ്‌പേസ് പങ്കിടാത്തതിൽ ഞാൻ അഭിമാനിക്കുന്നു.  എന്റെ സിനിമാ ജീവിതത്തിൽ ഇത് ഒരിക്കലും സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പു നൽകുന്നു.  ഇയാളെപ്പോലുള്ള ആളുകൾ മനുഷ്യരാശിക്ക് തന്നെ ചീത്തപ്പേരാണ്.’’– തൃഷ കുറിച്ചു.  

തൃഷയ്‌ക്കൊപ്പം അഭിനയിക്കുന്നു എന്ന് കേട്ടപ്പോൾ സിനിമയിൽ കിടപ്പുമുറി സീൻ ഉണ്ടാകുമെന്ന് കരുതിയെന്നും ഇവർ തൃഷയെ എന്നെ ഒന്ന് കാണിക്കുകപോലും ചെയ്തില്ല എന്നതരത്തിലാണ് മൻസൂർ പറഞ്ഞത്. ‘‘‘‘തൃഷയ്‌ക്കൊപ്പം അഭിനയിക്കുന്നുവെന്ന് കേട്ടപ്പോൾ, സിനിമയിൽ ഒരു കിടപ്പുമുറി സീൻ ഉണ്ടാകുമെന്ന് ഞാൻ കരുതി. എന്റെ മുൻകാല സിനിമകളില്‍ മറ്റു നടിമാരെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയതുപോലെ അവരെയും കൊണ്ടുപോകുമെന്ന് കരുതി. ഞാൻ ഒരുപാട് ബലാത്സംഗ രംഗങ്ങൾ ചെയ്തിട്ടുണ്ട്. അത് എനിക്ക് പുതിയ കാര്യമല്ല. എന്നാൽ കശ്മീരിലെ ഷൂട്ടിങ്ങിനിടെ സെറ്റിൽവച്ച് അവർ തൃഷയെ കാണിച്ചില്ല’’– മൻസൂറിന്റെ വാക്കുകൾ.

English Summary:
Harisree Ashokan About Mansoor Ali Khan


Source link
Exit mobile version