LATEST NEWS

‘എന്നെയും മകളെയും 15 മിനിറ്റോളം ചവിട്ടി, തല്ലി’: സിംഘാനിയയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നവാസ് മോദി

മുംബൈ∙ റെയ്മണ്ട് ഗ്രൂപ്പ് ചെയർമാന്‍ ഗൗതം സിംഘാനിയയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ നവാസ് മോദി. തന്നെയും മകളെയും സിംഘാനിയ ചവിട്ടുകയും തല്ലുകയും ചെയ്തുവെന്ന് അവർ ആരോപിച്ചു. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. സെപ്തംബർ 10ന് രാവിലെയാണ് തന്നെയും മകളെയും സിംഘാനിയ ആക്രമിച്ചതെന്ന് അവർ പറഞ്ഞു. 32 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ വേർപിരിയുന്നതായി കഴിഞ്ഞയാഴ്ചയാണ് സിംഘാനിയ പ്രഖ്യാപിച്ചത്. വിവാഹമോചനത്തിന്റെ ഭാഗമായി സിംഘാനിയയുടെ 1.4 ബില്യൻ ഡോളർ ആസ്തിയുടെ 75 ശതമാനം നവാസ് മോദി ആവശ്യപ്പെട്ടിരുന്നു.
‘‘ഗൗതം, പ്രായപൂർത്തിയാകാത്ത മകളെയും എന്നെയും 15 മിനിറ്റോളം തല്ലുകയും ചവിട്ടുകയും ചെയ്തു. സെപ്തംബർ 9ന് നടന്ന ഗൗതമിന്റെ ജന്മദിന പാർട്ടിക്കുശേഷം പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു ആക്രമണം. ഇതിനുപിന്നാലെ പെട്ടെന്ന് കടന്നുകളഞ്ഞു. തോക്കുകളോ ആയുധങ്ങളോ എടുക്കാൻ പോയതാണെന്നാണ് ഞാൻ ഊഹിച്ചത്.  മകളെ സുരക്ഷിതമായി മറ്റൊരു മുറിയിലേക്കു മാറ്റി. പിന്നാലെ എന്റെ സുഹൃത്ത് അനന്യ ഗോയങ്കയെ വിളിച്ചു. അവർ ഉടൻ സഹായം വാഗ്ദാനം ചെയ്തു. പൊലീസിനെ വിളിക്കണമെന്നു പറഞ്ഞ് മകൾതന്നെ വിളിച്ചു. എന്നാൽ പൊലീസുകാർ വരാൻ പോകുന്നില്ലെന്നാണ് അനന്യ പറഞ്ഞത്. എല്ലാം ഗൗതം കൈകാര്യം ചെയ്യുന്നുണ്ടായിരുന്നു. അവരും ഭർത്താവ് അനന്തും കൂടി പൊലീസ് സ്റ്റേഷനിൽ പോകാമെന്നും എന്നിട്ട് എന്റടുത്ത് എത്താമെന്നും അനന്യ പറഞ്ഞു. 

ഇതിനിടെ മകൾ, ത്രിഷകർ ബജാജിന്റെ മകൻ വിശ്വരൂപിനെ വിളിച്ചു. ത്രിഷകർ ബജാജും ഗൗതം സിംഘാനിയയും ബന്ധുക്കളാണ്. വീട്ടിലെ കാര്യങ്ങൾ മകൾ വിശ്വരൂപിനോടു പറഞ്ഞു. അച്ഛനെയും കൂട്ടിവരാൻ മകൾ ആവശ്യപ്പെട്ടു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നതിനു മുൻപ്, നിത അംബാനിയും മകൻ അനന്ത് അംബാനിയും ഫോണിൽ വിളിച്ചു. കുടുംബം മുഴുവൻ ലൈനില്‍ ഉണ്ടായിരുന്നു. അതിനു ദൈവത്തോടു നന്ദി. എന്നാൽ, പൊലീസ് നിന്നെ രക്ഷിക്കാൻ പോകുന്നില്ലെന്ന് ഗൗതം മകളോടു പറഞ്ഞു. എല്ലാം എന്റെ കയ്യിൽക്കൂടിയാണ് പോകുന്നതെന്നും. ഇതു കേട്ടതും അവള്‍ കൂടുതൽ അസ്വസ്ഥയായി. ഞാൻ അവളോടു ശാന്തയാകാൻ പറഞ്ഞു. ഗൗതം പൊലീസുകാരുടെ വരവ് തടയുകയായിരുന്നു. പക്ഷേ, അവരെത്തിയെന്ന് അംബാനി കുടുംബം ഉറപ്പുവരുത്തി.

അതിനുശേഷം, ഗൗതമിന്റെ അമ്മയെ കാണാൻ പോയി. അവരോടു സംഭവം വിവരിച്ചു. മകൻ ഈ കുടുംബത്തിലെ ഓരോരുത്തരോടും ചെയ്തത് പുറത്തുവരണമെന്നും ഒപ്പം താമസിക്കാമെന്നും അവർ പറഞ്ഞു.  ആ വീട്ടിലെ രണ്ടു മുറി ഞങ്ങൾക്കുവേണ്ടി തയാറാക്കി. അവിടെ താമസിക്കാമായിരുന്നെങ്കിലും മക്കളെയും കൂട്ടി എന്റെ അച്ഛനെ കാണാൻ പോയി. മക്കളെ അവരെ ഏൽപ്പിച്ച് ആശുപത്രിയിൽ പോയി. എന്റെ ദേഹമാസകലം മുറിവേറ്റിരുന്നു. പിൻഭാഗത്താണ് ഏറ്റവും കൂടുതൽ മുറിവേറ്റത്. എന്നെ ഐസിയുവിലേക്കു മാറ്റി. മകൾക്കും പരുക്കേറ്റു. പക്ഷേ, അനുജത്തിക്ക് അവളെ ആവശ്യമുണ്ടെന്നു പറഞ്ഞ് അവൾ ആശുപത്രിയിലേക്കു വന്നില്ല.

എന്റെ പുസ്തക പ്രകാശനം മാറ്റിവയ്ക്കാൻ കഴിയില്ലെന്ന് ഡോക്ടർമാരോട് പറഞ്ഞതിനെ തുടർന്ന് സെപ്തംബർ 13ന് ഡിസ്ചാർജ് ചെയ്യുകയായിരുന്നു. ആശുപത്രിയിൽനിന്നു പുറത്തുവന്നതിനുശേഷം പൊലീസിന് വിശദമായ മൊഴിനൽകി. എല്ലാ തെളിവും കൈവശമുണ്ട്, ചിത്രങ്ങളും വിഡിയോകളുമെല്ലാം…’’–അവർ പറഞ്ഞു. പൊലീസിന്റെയും തന്റെ സുരക്ഷാ സുരക്ഷാ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഗൗതവുമായി മൂന്നുതവണ മധ്യസ്ഥത ചർച്ച നടന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
കുടുംബത്തെ ഭൂരിഭാഗവും ഗൗതം തെരുവിലാക്കി. വ്യവസായം മുന്നോട്ടുകൊണ്ടുപോകാൻപോലും ആരുമില്ല. ഒരിക്കൽ ഞാൻ ഗൗതമിനോടു പറഞ്ഞു, നിങ്ങളുടെ പാരമ്പര്യത്തിന് ഭീഷണി നിങ്ങൾത്തന്നെയാണെന്ന്. ശരി ചെയ്യണമെങ്കിൽ അതിപ്പോൾ ചെയ്യുകയെന്നും പറഞ്ഞു. ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഗൗതം സമ്മതിച്ചു. എന്നാൽ അടുത്ത കൂടിക്കാഴ്ചയിൽ അതു നിഷേധിക്കുകയാകും ഗൗതം ചെയ്യുക. ധാരണയിലെത്താൻ പോകുകയായിരുന്നു കാര്യങ്ങൾ. എന്നാൽ അടുത്തിടെ ഗൗതം വിളിച്ചിട്ട് എന്തുവേണമെങ്കിലും ചെയ്തോളു എന്നാണ് പറഞ്ഞത്’’ – അവർ കൂട്ടിച്ചേർത്തു. 

മുൻ സോളിസിറ്റർ ജനറൽ നടാർ മോദിയുടെ മകളായ നവാസ് മോദിയെ 1999ൽ ആണ് സിംഘാനിയ (58) വിവാഹം ചെയ്തത്. വസ്ത്രവ്യാപാര രംഗത്തെ ഭീമനായ റെയ്മണ്ട് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണു ഗൗതം സിംഘാനിയ. ഇവർക്കു രണ്ടു മക്കളുണ്ട്. താനെയിലെ ദീപാവലി പാർട്ടിയിൽ പങ്കെടുക്കാൻ നവാസ് എത്തിയപ്പോൾ ഗൗതം സിംഘാനിയ ഗേറ്റ് പൂട്ടിയിട്ടതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 

English Summary:
Gautam Singhania kicked, punched me and my daughter: Estranged wife’s big charge


Source link

Related Articles

Back to top button