INDIALATEST NEWS

തിരഞ്ഞെടുപ്പിനു മുൻപ് വീണ്ടും നാഷനൽ ഹെറൾഡ് കേസ്

ന്യൂഡൽഹി ∙ കഴിഞ്ഞ വർഷം ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തപ്പോഴാണ് നാഷനൽ ഹെറൾഡ് കേസിൽ കോൺഗ്രസിന്റെ ഉന്നത നേതാക്കളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്തത്. ഇപ്പോൾ, രാജസ്ഥാൻ, തെലങ്കാന തിരഞ്ഞെടുപ്പുകൾക്കു ദിവസങ്ങളുള്ളപ്പോൾ കേസിൽ അടുത്ത നടപടിയുണ്ടാകുന്നതിൽ രാഷ്ട്രീയ താൽപര്യം ആരോപിക്കപ്പെടുക സ്വാഭാവികം.
നാഷനൽ ഹെറൾഡ്, ക്വാമി ആസാദ് (ഉറുദു), നവജീവൻ (ഹിന്ദി) എന്നീ പത്രങ്ങളുടെ പ്രസാധകരായിരുന്നു അസോഷ്യേറ്റഡ് ജേണൽസ് ലിമിറ്റഡ് (എജെഎൽ). ഈ പബ്ലിക് ലിമിറ്റഡ് കമ്പനിയെ പ്രതിസന്ധിയിൽ സഹായിക്കാൻ കോൺഗ്രസ് 90.2 കോടി രൂപ പലിശരഹിത വായ്പ നൽകി. എന്നാൽ, പ്രതിസന്ധി പരിഹരിക്കപ്പെട്ടില്ല. ബാങ്കുകളെ സമീപിച്ചെങ്കിലും 90 കോടി കടമുള്ള കമ്പനിയെ സഹായിക്കാൻ ആരും തയാറായില്ല. തുടർന്നാണ് യങ് ഇന്ത്യൻ എന്ന പുതിയ കമ്പനി രൂപീകരിക്കാൻ തീരുമാനിച്ചതെന്നാണ് കോൺഗ്രസ് വ്യക്തമാക്കിയിട്ടുള്ളത്.

കടബാധ്യത ഏറ്റെടുക്കുക, ബാധ്യതയെ ഓഹരികളാക്കി മാറ്റുക, എജെഎലിനെ പുനരുദ്ധരിച്ച് മുന്നോട്ടുകൊണ്ടുപോകുക എന്നിവയായിരുന്നു ലക്ഷ്യം. കമ്പനി നിയമത്തിലെ 25–ാം വകുപ്പു പ്രകാരം, ലാഭ ലക്ഷ്യമില്ലാത്തതാണ് (നോട്ട് ഫോർ പ്രോഫിറ്റ്) യങ് ഇന്ത്യൻ. എജെഎലിനെ ഏറ്റെടുത്തതിലൂടെ അതിന്റെ ആസ്തികളും യങ് ഇന്ത്യനിലേക്ക് എത്തി. പുതിയ കമ്പനിയിൽനിന്ന് 50 ലക്ഷം രൂപ കോൺഗ്രസിന് ലഭിച്ചു. വായ്പയിലെ ബാക്കിത്തുക എഴുതിത്തള്ളി. 

പാർട്ടിക്കു സംഭാവനയായി ലഭിച്ച തുക വായ്പയായി നൽകിയതും പിന്നീട് എഴുതിത്തള്ളാൻ‍ തീരുമാനിച്ചതും ക്രമവിരുദ്ധമാണ്, പുതിയ കമ്പനിയുടെ രൂപീകരണം ആസ്തികൾ തട്ടിയെടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്, എജെഎലിന്റെ ഓഹരികൾ ഡയറക്ടർ ബോർ‍ഡ് അറിയാതെ കൈമാറിയതു നിയമവിരുദ്ധമാണ് എന്നിവയായിരുന്നു പരാതിക്കാരനായ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ വാദങ്ങൾ. സ്വാമി 2013 ൽ നൽകിയ കേസിലാണ് ഇപ്പോഴത്തെ നടപടി.

കള്ളപ്പണം വെളുപ്പിക്കലും കൊൽക്കത്തയിൽനിന്നുള്ള ചിലരുൾപ്പെട്ട ഹവാല ഇടപാടും നടന്നെന്നാണ് 2015 സെപ്റ്റംബറിൽ കേസ് ഏറ്റെടുത്ത ഇ.ഡിയുടെ ആരോപണം. എന്നാൽ, പണമിടപാട് നടന്നിട്ടില്ലാത്ത കേസിലാണ് കള്ളപ്പണം വെളുപ്പിക്കൽ ആരോപിക്കുന്നതെന്നാണ് കോൺഗ്രസിന്റെ മറുപടി. സ്ഥാപന കൈമാറ്റത്തിന്റെ സുതാര്യതയിൽ മജിസ്ട്രേട്ട് കോടതി സംശയമുന്നയിച്ചിരുന്നു.
മജിസ്ട്രേട്ട് കോടതിയിൽനിന്നു ജാമ്യം ലഭിച്ച സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മറ്റും കേസ് പരിഗണിക്കുമ്പോൾ‍ നേരിട്ടു ഹാജരാകേണ്ടതില്ലെന്ന് 2016ൽ സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ, കേസ് മുന്നോട്ടു പോകേണ്ടതുണ്ടെന്നു പറഞ്ഞു.  യങ് ഇന്ത്യനിൽ 38% വീതം ഓഹരികളാണ് ഇവർക്കുള്ളത്. ഇവരെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ട്രഷറർ പവൻ ബൻസൽ എന്നിവരെയും കഴിഞ്ഞ വർഷം ഇ.ഡി. ചോദ്യം ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയാനുള്ള നിയമത്തിലെ (പിഎംഎൽഎ) 5(1) വകുപ്പു പ്രകാരമാണ് ഇന്നലെ വസ്തുവകകൾ കണ്ടുകെട്ടിയത്. 

English Summary:
National Herald case again before the election


Source link

Related Articles

Back to top button