INDIALATEST NEWS

ചുവന്ന ഡയറി ചർച്ചാവിഷയം; ‘ഗുഡ’തന്ത്രം ഫലിക്കുമോ

രാജസ്ഥാനിൽ സതി മാത്രമേ നിരോധിച്ചിട്ടുള്ളൂ, ചതി നിരോധിച്ചിട്ടില്ലെന്ന് രാജേന്ദ്രസിങ് ഗുഡ മനസ്സിലാക്കിയത് അടുത്ത കാലത്താണ്. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ രാജസ്ഥാൻ സർക്കാർ ആത്മപരിശോധന നടത്തണമെന്ന സത്യം പറഞ്ഞതിനു മുഖ്യമന്ത്രി അശോക് ഗെലോട്ട് രാജേന്ദ്രസിങ് ഗുഡയെ മന്ത്രി പദവിയിൽനിന്നെടുത്തു പുറത്തിട്ടു. പ്രതിസന്ധിഘട്ടത്തിൽ ബിഎസ്പിയിൽ നിന്ന് 5 എംഎൽഎമാരോടൊപ്പം കൂറുമാറി കോൺഗ്രസിലെത്തി ഗെലോട്ട് സർക്കാരിനെ താങ്ങി നിർത്തിയ ആളാണ് ഗുഡ. പ്രത്യുപകാരമായിരുന്നു മന്ത്രി സ്ഥാനം.
അന്ന് അദ്ദേഹം വിചാരിച്ചത് ഗെലോട്ടും താനും തമ്മിൽ ആജീവനാന്ത ബന്ധമാണെന്നാണ്. എന്നാൽ, പുറത്തായതോടെ കയ്യിലുണ്ടായിരുന്ന തുറുപ്പെടുത്തുവെട്ടി. രാജസ്ഥാനിൽ വീശിയടിച്ച ‘ചുവന്ന ഡയറി’ വിവാദത്തിന്റെ തുടക്കം അവിടെനിന്നാണ്. 2020 ജൂലൈയിൽ കോൺഗ്രസ് മുൻമന്ത്രി ധർമേന്ദ്ര റാത്തോഡിന്റെ വീട് ആദായനികുതി വകുപ്പ് പരിശോധിച്ചപ്പോൾ മുഖ്യമന്ത്രി ഗെലോട്ട് നിർദേശിച്ചതനുസരിച്ച് താൻ കൈവശപ്പെടുത്തിയതാണെന്നു പറഞ്ഞ് ഒരു ചുവന്ന ഡയറി ഗുഡ പുറത്തെടുത്തു. ഗെലോട്ട് അടക്കമുള്ളവരുടെ അഴിമതി സംബന്ധിച്ച വിവരമാണിതിൽ ഉള്ളതെന്നുമായിരുന്നു ഗുഡ പറഞ്ഞ കഥ. അതോടെ രാജേന്ദ്രസിങ് പാർട്ടിക്കും പുറത്തായി. 

മണ്ഡലത്തിലെ ‘ബാഹുബലി’ 

മറ്റൊരു പാർട്ടിയും ചേർക്കാത്തതിനാൽ ശിവസേനയുടെ ചിഹ്നത്തിലാണ് രാജേന്ദ്രസിങ് ഉദയ്പുർവാതി മണ്ഡലത്തിൽ മത്സരിക്കുന്നത്. പാർട്ടി ചെറുതായിപ്പോയോ എന്നതൊന്നും വിഷയമല്ല. കാരണം ഗുഡ ഒരു പ്രസ്ഥാനമാണ്. ‘ബാഹുബലി’ എന്നാണ് നാട്ടുകാർ വിളിക്കുന്നത്. ആളെക്കൂട്ടാൻ ആശാനറിയാം. അതിന്റെ ഉദാഹരണമാണ് ഞങ്ങൾ ഉദയ്പുർവാതി മണ്ഡലത്തിലെ ഗുഡ അങ്ങാടിയിൽ കണ്ടത്. മുസ്‌ലിം സമുദായത്തിനു സ്വാധീനമുള്ള മേഖലയിൽ വന്നപാടെ സഹായിയിൽനിന്ന് ഒരു മുസ്‍‌ലിം തൊപ്പി വാങ്ങി തലയിൽ വച്ചു. മുതിർന്ന മുസ്‌ലിം പണ്ഡിതർ അണിയും പോലുള്ള ഷാൾ വാങ്ങി പുതച്ചു. സമ്മേളന നഗരിയിൽ നിർത്താത്ത കയ്യടി. ഭാര്യ നിഷ, മകൻ ശിവം, മകൾ മാൻസ എന്നിവർ സ്ത്രീ വോട്ടർമാരെ പിടിക്കാൻ മറ്റു ഗ്രാമങ്ങളിൽ പ്രചാരണത്തിലാണ്. കോൺഗ്രസിന്റെ ഭഗ്‌വാൻ രാം സൈനി, ബിജെപിയുടെ ശുഭ്കരൺ ചൗധരി എന്നിവരാണ് പ്രധാന എതിരാളികൾ. 

ഡയറി തുറന്നുവിട്ട ഭൂതം 
ഓങ്ങി നിന്നിരുന്ന ബിജെപിക്ക് ഈ തിരഞ്ഞെടുപ്പിൽ അടിക്കാൻ പറ്റുന്ന വടിയായിരുന്നു ചുവന്ന ഡയറി. കോൺഗ്രസിന്റെ അഴിമതിക്കടയിലെ ഏറ്റവും പുതിയ ഉൽപന്നമാണ് ഈ ഡയറി എന്നായിരുന്നു തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ നരേന്ദ്ര മോദി പറഞ്ഞത്. ചുവന്ന ഡയറിയെക്കുറിച്ച് പ്രസംഗിക്കാതെ ബിജെപി നേതാക്കളുടെ ഒരു ദിവസം പോലും കടന്നു പോകാറില്ല. 

English Summary:
Rajendra singh gudha shiv sena candidate campaign in Rajasthan assembly election 2023


Source link

Related Articles

Back to top button