ലെവർകൂസൻ: 2024 യൂറോകപ്പിന് ഇറ്റലി യോഗ്യത നേടി. ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിൽ യുക്രെയ്നുമായി ഇറ്റലി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഇറ്റലിക്കും യുക്രെയ്നും 14 പോയിന്റ് വീതമാണ്. രണ്ടാം സ്ഥാനക്കാരായാണ് ഇറ്റലി യോഗ്യത നേടിയത്. നേരിട്ടുള്ള ഏറ്റുമുട്ടലിലെ മുൻതൂക്കമാണ് ഇറ്റലിയെ തുണച്ചത്. ഗ്രൂപ്പിൽ ഇരുടീമും മുന്പ് ഏറ്റുമുട്ടിയപ്പോൾ ഇറ്റലി 2-1നു ജയിച്ചിരുന്നു. പ്ലേ ഓഫിലൂടെ യോഗ്യത നേടാൻ യുക്രെയ്ന് ഇനിയും അവസരമുണ്ട്. ഗ്രൂപ്പിൽനിന്ന് ഇംഗ്ലണ്ട് (20 പോയിന്റ്) നേരത്തെതന്നെ യൂറോ യോഗ്യത നേടിയിരുന്നു. ഇംഗ്ലണ്ടിനു നിരാശ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ട് 1-1ന് നോർത്ത് മാസിഡോണിയയുമായി സമനിലയിൽ പിരിഞ്ഞു. ദുർബലരായ മാസിഡോണിയയ്ക്കെതിരേ ഇംഗ്ലണ്ടിനു സ്വന്തമായി ഒരു ഗോൾ നേടാനായില്ല. 41-ാം മിനിറ്റിൽ എനിസ് ബാർദിയിലൂടെ മാസിഡോണിയ മുന്നിലെത്തി. 59-ാം മിനിറ്റിൽ ജാനി അറ്റനസോവിന്റെ ഓണ്ഗോളിലൂടെയാണ് ഇംഗ്ലണ്ട് സമനില പിടിച്ചത്.
ഡെൻമാർക്കിനു തോൽവി ഗ്രൂപ്പ് എച്ചിലെ ഒന്നാം സ്ഥാനക്കാരായ ഡെന്മാർക്കിനെ അവസാന മത്സരത്തിൽ വടക്കൻ അയർലൻഡ് എതിരില്ലാത്ത രണ്ടുഗോളിനു തകർത്തു. യൂറോ ഫൈനൽസിനു യോഗ്യത നേടാനായില്ലെങ്കിലും സ്വന്തം കാണികളുടെ മുന്നിൽവച്ച് വടക്കൻ അയർലൻഡിന് ഗ്രൂപ്പ് ചാന്പ്യന്മാരെ തോൽപ്പിക്കാനായി. ഡെൻമാർക്കിന് 22 പോയിന്റാണ്. ഇത്രതന്നെ പോയിന്റുള്ള സ്ലോവേനിയയും യോഗ്യത നേടി. സ്ലോവേനിയ 2-1ന് കസാഖിസ്ഥാനെ പരാജയപ്പെടുത്തി. ഗ്രൂപ്പ് ഇയിൽനിന്ന് അൽബേനിയയും ചെക് റിപ്പബ്ലിക്കും യോഗ്യത നേടി.
Source link