സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് യുവാവ് മാളില്‍ താമസിച്ചത് ആറുമാസം; ഒടുവില്‍ പിടിയിലായി


ബെയ്ജിങ്: ഷോപ്പിങ് മാളിന്റെ സ്റ്റെയര്‍കേസിനുതാഴെ സുരക്ഷ ഉദ്യോഗസ്ഥരുടെയൊന്നും കണ്ണില്‍പ്പെടാതെ മാസങ്ങളോളം സുഖതാമസം… വെറും താമസമല്ല, ടെന്റ്, ടേബിള്‍, കംപ്യൂട്ടര്‍, കസേര ഉള്‍പ്പെടെ സര്‍വ്വവിധ സന്നാഹങ്ങളും ഒരുക്കിയുള്ള താമസം… സംഭവം നടന്നത് ചൈനയിലെ ഷാങ്ഹായ് മാളിലാണ്. ആറുമാസത്തോളമാണ് ഇയാള്‍ ആരുടെയും കണ്ണില്‍പ്പെടാതെ മാളില്‍ താമസിച്ചത്. ഓരോ ദിവസവും ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനായി ചുറ്റിതിരിഞ്ഞിട്ടും ആരും ശ്രദ്ധിച്ചില്ലെന്നും ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.എന്‍ട്രന്‍സ് പരീക്ഷയ്ക്കുള്ള ഒരുക്കത്തിനായാണ് ഇയാള്‍ മാളില്‍ താമസമാക്കിയതെന്നാണ് വിവരം. മാസങ്ങള്‍ക്ക് മുന്‍പ് ഒരു സുരക്ഷ ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും ശാന്തമായ പഠനത്തിനുള്ള അന്തരീക്ഷം തിരഞ്ഞെടുത്തതാണെന്നറിയിച്ചതോടെ മാളില്‍ തുടരുന്നതിന് മൗനാനുവാദം നല്‍കുകയായിരുന്നു. ഒക്ടോബര്‍ 30 ന് മറ്റൊരു സുരക്ഷ ഉദ്യോഗസ്ഥന്‍ കണ്ടെത്തിയതോടെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ഇയാളുടെ പ്രചോദനം എന്താണെന്ന് വ്യക്തമല്ല. അതേസമയം ചൈനയില്‍ ആളുകളിങ്ങനെ ഷോപ്പിങ് മാളുകളില്‍ താമസമാക്കുന്നത് ആദ്യമായിട്ടല്ല. ഇതിനുമുന്‍പും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയിലും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


Source link

Exit mobile version