കറാച്ചി: ഗ്രീക്ക് തീരത്തെ അഭയാർഥി ബോട്ട് ദുരന്തത്തിൽ മരിച്ചത് മുന്നൂറിലേറെ പാക്കിസ്ഥാൻകാർ. മത്സ്യബന്ധന ബോട്ടിൽ നൂറോളം കുട്ടികളടക്കം 750 പേരെ കുത്തിനിറച്ച ബോട്ട് കഴിഞ്ഞ ബുധനാഴ്ചയാണു ഗ്രീക്ക് തീരത്ത് മുങ്ങിയത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിലെ വിവിധ പ്രദേശങ്ങളിൽനിന്ന് 12 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ ഒരാൾ കറാച്ചി വിമാനത്താവളംവഴി ദുബായിലേക്കു രക്ഷപ്പെടാൻ ശ്രമിക്കവേയാണു പിടിയിലായത്. 400 പാക്കിസ്ഥാൻകാരും 200 ഈജിപ്തുകാരും 150 സിറിയക്കാരുമായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ഒരു ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ മനുഷ്യക്കടത്തുകാർക്കു നല്കിയാണ് ആളുകൾ യൂറോപ്പിലേക്കു കടക്കാൻ ശ്രമിച്ചത്.
ആദ്യം യുഇഎയിലെത്തിയ സംഘം അവിടെനിന്ന് ഈജിപ്റ്റിലും പിന്നീട് ലിബിയയിലുമെത്തി. ലിബിയയിൽനിന്ന് പുറപ്പെട്ട ഇവർ ഇറ്റലി വഴി യൂറോപ്പിലേക്കു കുടിയേറാനുള്ള ശ്രമത്തിലായിരുന്നു. ബോട്ടിലെ എൻജിനു തകരാറുണ്ടായതാണ് അപകടത്തിനു വഴിവച്ചതെന്നു കരുതുന്നു. യൂറോപ്യൻ തീരത്തുണ്ടായ വലിയ അഭയാർഥി ദുരന്തങ്ങളിലൊന്നാണ് ഈ അപകടം.
Source link