ബന്ദിയാക്കപ്പെട്ട 19-കാരി സേനാംഗത്തിന്റെ മൃതദേഹം ലഭിച്ചതായി ഇസ്രയേല്‍; വധിച്ചത് തങ്ങളല്ലെന്ന് ഹമാസ്

ടെല്‍ അവീവ്: ഇസ്രയേല്‍ സൈന്യത്തിലെ അംഗമായ 19-കാരിയുടെ മൃതദേഹം ലഭിച്ചതായി ഇസ്രയേല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്). ഒക്ടോബര്‍ ഏഴിന് നടത്തിയ ആക്രമണത്തിന് പിന്നാലെ ഹമാസ് ബന്ദിയാക്കിയ കോര്‍പ്പറല്‍ നോവ മാര്‍സിയാനോയുടെ മൃതദേഹമാണ് ലഭിച്ചത്. ഗാസയിലെഅല്‍ ശിഫ ആശുപത്രിയ്ക്ക് സമീപമത്തുനിന്നാണ് മൃതദേഹം ലഭിച്ചതെന്നും ഐ.ഡി.എഫ്. എക്‌സിലൂടെ അറിയിച്ചു.

‘ഒക്ടോബര്‍ ഏഴിനാണ് 19 വയസുള്ള കോര്‍പ്പറല്‍ നോവ മാര്‍സിയാനോയെ ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ടുപോകുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്തത്. ഗാസയിലെ ശിഫ ആശുപത്രിയ്ക്ക് സമീപത്തുവെച്ചാണ് ഐ.ഡി.എഫ്. സംഘം അവളുടെ മൃതദേഹം കണ്ടെത്തി പുറത്തെടുത്തത്’, ഐ.ഡി.എഫ്. ട്വീറ്റ് ചെയ്തു.

നോവ മാര്‍സിയാനോ മരിച്ചതായി ബുധനാഴ്ച ഇസ്രയേല്‍ സ്ഥിരീകരിച്ചിരുന്നു. ഇസ്രയേല്‍ സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെത്തില്‍ നിന്നുള്ള ഇന്റലിജന്‍സ് വിവരങ്ങള്‍ പിന്തുടര്‍ന്നാണ് ഐ.ഡി.എഫ്. സംഘം അല്‍ ശിഫ ആശുപത്രിക്ക് സമീപമുള്ള കെട്ടിടത്തില്‍ പരിശോധന നടത്തിയത്.

നോവയുടെ മരണത്തിന് പിന്നില്‍ തങ്ങളല്ലെന്ന് ഹമാസ് ബുധനാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു. ഇസ്രയേല്‍ നവംബര്‍ ഒമ്പതിന് നടത്തിയ വ്യോമാക്രമണത്തിലാണ് നോവ കൊല്ലപ്പെട്ടതെന്നാണ് ഹമാസ് പറയുന്നത്.

ഇസ്രയേല്‍ സൈന്യത്തിലെ കോംബാറ്റ് ഇന്റലിജന്‍സ് കളക്ഷന്‍ കോപ്‌സ് 414-ാം യൂണിറ്റിന്റെ ഭാഗമായിരുന്നു നോവ മാര്‍സിയാനോ. ഗാസ അതിര്‍ത്തിക്ക് സമീപമുള്ള നഹല്‍ ഓസ് സൈനികതാവളത്തിലായിരുന്നു നോവ സേവനമനുഷ്ഠിച്ചിരുന്നത്. ഇവിടെയാണ് ഒക്ടോബര്‍ ഏഴിന് ഹമാസ് ആക്രമണം നടത്തുകയും നോവ ഉള്‍പ്പെടെ 240 പേരെ ബന്ദികളാക്കുകയും ചെയ്തത്.

ബന്ദിയാക്കി നാല് ദിവസങ്ങള്‍ക്ക് ശേഷം ഹമാസ് നോവയുടെ വീഡിയോ പുറത്തുവിട്ടിരുന്നു. താന്‍ ആരാണെന്നും തന്റെ കുടുംബാങ്ങളുടെ പേരും വീട് എവിടെയാണെന്നുമാണ് വീഡിയോയില്‍ നോവ പറഞ്ഞത്.


Source link
Exit mobile version