WORLD

ഇസ്രയേൽ-ഹമാസ് യുദ്ധം: ‘ഒരു ധാരണയിലും എത്തിയിട്ടില്ല’; വെടിനിർത്തൽ കരാറിൽ പ്രതികരിച്ച് വൈറ്റ് ഹൗസ്

വാഷിങ്ടൺ: ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ താത്ക്കാലിക വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട് ഒരു ധാരണയും ഉണ്ടായിട്ടില്ലെന്ന് വൈറ്റ് ഹൗസ് വക്താവും ദേശീയ സുരക്ഷാ കൗൺസിൽ അംഗവുമായ അഡ്രിയെന്ന വാട്സൺ. വെടിനിർത്തലുമായി ബന്ധപ്പെട്ട് ഇതുവരെ യാതൊരു ധാരണയിൽ എത്തിയിട്ടില്ലെന്നും യു.എസ്. ഇതിനുവേണ്ടി ഇരുഭാഗങ്ങളിലുമായി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തടവിൽ പാർപ്പിച്ചിരിക്കുന്ന 50 പേരെ കൈമാറുമെന്നും അഞ്ച് ദിവസത്തെ വെടിനിർത്തൽ ധാരണയിൽ ഇരുഭാഗങ്ങളും എത്തി എന്ന തരത്തിൽ ശനിയാഴ്ച വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിലാണ് വൈറ്റ് ഹൗസ് വ്യക്തതവരുത്തിയിരിക്കുന്നത്.

ഓരോ 24 മണിക്കൂറിലും ചെറുസംഘങ്ങളായി തടവിൽ പാർപ്പിച്ചവരെ മോചിപ്പിക്കുമെന്നായിരുന്നു വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട്. അമ്പതിലേറെ തടവുകാരെ ഇത്തരത്തിൽ മോചിപ്പിക്കുമെന്ന് ആറുപേജുള്ള കരാർ പത്രത്തിൽ പറയുന്നതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. എന്നാൽ വാർത്തകൾ നിഷേധിച്ചു കൊണ്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെ രംഗത്തെത്തി. വാർത്ത തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിലവിൽ അത്തരത്തിൽ യാതൊരു ധാരണയിലും എത്തിയിട്ടില്ല എന്ന് നെതന്യാഹു പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു.


Source link

Related Articles

Back to top button