2018 നെക്കാൾ മെച്ചപ്പെട്ട സ്ഥിതി; 156 സീറ്റ് നേടും: ഗെലോട്ട്


5 വർഷം കൂടുമ്പോൾ സർക്കാരുകളെ മാറ്റുന്ന രാജസ്ഥാന്റെ ശീലം ഇക്കുറി തെറ്റിക്കാൻ കച്ചമുറുക്കുകയാണു മുഖ്യമന്ത്രി അശോക് ഗെലോട്ട്. താൻ നടപ്പാക്കിയ ക്ഷേമപദ്ധതികൾ കോൺഗ്രസിന്റെ ഭരണത്തുടർച്ചയ്ക്കു വഴിയൊരുക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിനിടെ ഗെലോട്ട് സംസാരിക്കുന്നു. 
∙ ഇഞ്ചോടിഞ്ചു പോരാട്ടമായിരുന്നു 2018ൽ. ഇത്തവണ എത്ര സീറ്റാണു പ്രതീക്ഷിക്കുന്നത്? 

2018 നെക്കാൾ മെച്ചപ്പെട്ട സ്ഥിതിയാണ് ഇത്തവണ. ഞങ്ങൾ നടപ്പാക്കിയ ജനക്ഷേമ പദ്ധതികളാണ് അതിന്റെ കാരണം. കോൺഗ്രസ് ചുരുങ്ങിയത് 156 സീറ്റ് നേടും. 
∙ ക്ഷേമപദ്ധതികളെ ജനങ്ങൾക്കുള്ള സൗജന്യങ്ങൾ എന്നാണ് താങ്കളുടെ എതിരാളികൾ വിശേഷിപ്പിക്കുന്നത്. ഇത്തരം പദ്ധതികൾ സംസ്ഥാനത്തെ ധനസ്ഥിതിയെ ബാധിക്കില്ലേ? 

സംസ്ഥാനത്തെ സാമ്പത്തികനിലയെ അതു പ്രതികൂലമായി ബാധിച്ചിട്ടില്ല. 2018 നെക്കാൾ മികച്ച നിലയാണ് ഇപ്പോഴുള്ളത്. ക്ഷേമ പദ്ധതികളെ സൗജന്യങ്ങൾ എന്നു വിശേഷിപ്പിക്കുന്നത് ജനങ്ങളെ അപമാനിക്കലാണ്. അതിനുള്ള ശക്തമായ മറുപടി അവർ തിരഞ്ഞെടുപ്പിൽ നൽകും. 
∙ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ക്ഷേമപദ്ധതികളിലൂന്നിയായിരിക്കുമോ കോൺഗ്രസിന്റെ പ്രചാരണം? 

പാർട്ടിയുടെ പ്രത്യയശാസ്ത്രം എന്താണെന്നു വ്യക്തമാക്കുന്നതാണ് രാജസ്ഥാൻ, കർണാടക, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ കോൺഗ്രസ് സർക്കാരുകൾ ആവിഷ്കരിച്ച ക്ഷേമപദ്ധതികൾ. ഇത് ഏതെങ്കിലും നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതല്ല. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുതൽ ഭക്ഷ്യസുരക്ഷാ പദ്ധതി വരെ നടപ്പാക്കിയ സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും വീക്ഷണം നോക്കൂ; സാധാരണക്കാരനൊപ്പമാണ് കോൺഗ്രസ് നിലകൊള്ളുന്നത്. 
∙ ‘രാജസ്ഥാൻ മിഷൻ 2030’ എന്ന പദ്ധതി താങ്കൾ കൊണ്ടുവന്നു. രാജസ്ഥാൻ രാഷ്ട്രീയത്തിൽ നിന്ന് ഉടനൊന്നും മാറാൻ ഉദ്ദേശ്യമില്ലെന്ന സന്ദേശം കൂടിയാണോ ഇതിലൂടെ നൽകുന്നത്? 

രാജസ്ഥാന്റെ പുരോഗതിക്കു വേണ്ടിയുള്ള രൂപരേഖ തയാറാക്കുകയാണു മിഷൻ 2030 പദ്ധതിയുടെ ലക്ഷ്യം. തുടർച്ചയായുള്ള തിരഞ്ഞെടുപ്പുകൾക്കിടയിൽ വികസനത്തിനുള്ള രൂപരേഖ പലപ്പോഴും അവഗണിക്കപ്പെടുന്നെന്ന് എനിക്കു തോന്നിയിട്ടുണ്ട്. പൊതുജനപങ്കാളിത്തത്തോടെ രാജസ്ഥാനെ ഇന്ത്യയിലെ ഒന്നാം നമ്പർ സംസ്ഥാനമാക്കുകയാണ് എന്റെ ലക്ഷ്യം.
∙ സച്ചിൻ പൈലറ്റുമായി മുൻപ് പലതവണ താങ്കൾ കൊമ്പുകോർത്തിട്ടുണ്ട്. 2 പേർക്കും ഇനി സഹകരിച്ചു മുന്നോട്ടുപോകാനാവുമോ? 

ഒരു കുടുംബത്തിനുള്ളിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്. അവ രമ്യമായി പരിഹരിക്കപ്പെടുന്നുവെന്നതാണു പ്രധാനം. അതു സാധിച്ചുവെന്നതിൽ ഞാൻ സന്തുഷ്ടനാണ്. 
(അഭിമുഖത്തിന്റെ പൂർണരൂപം ‘ദ് വീക്ക്’ പുതിയ ലക്കത്തിൽ). 


Source link
Exit mobile version