INDIALATEST NEWS

ആ മുറിക്കണ്ണാടിയിൽ തെളിഞ്ഞു, മകനെ കൊന്നയാളുടെ ചിത്രം; മകനെ കാറിടിപ്പിച്ചയാളെത്തേടി ഒരച്ഛൻ അലഞ്ഞത് 8 വർഷം

ന്യൂഡൽഹി ∙ വസീറാബാദിലെ അച്ഛനുറങ്ങാത്ത വീട്ടിലേക്ക് 8 വർഷത്തിനു ശേഷമാണ് പ്രകാശമുള്ള ദീപാവലി കടന്നു വരുന്നത്. മകന്റെ മരണത്തിനു ശേഷം നീതി തേടി അലഞ്ഞ ജിതേന്ദർ ചൗബേ എന്ന അച്ഛന് ഇനിയുള്ള രാത്രികൾ സ്വസ്ഥമായി ഉറങ്ങാം. മരണം കവർന്നെടുത്ത മകനെ തിരിച്ചു കിട്ടില്ലെന്നറിയാം. പക്ഷേ, അതിനു കാരണക്കാരായവരെ കണ്ടെത്താൻ നീതിയും നിയമവും കൂട്ടുനിൽക്കാതെ വന്നപ്പോൾ സ്വന്തം നിലയിലുള്ള അന്വേഷണം ഫലം കണ്ടിരിക്കുന്നു. 
പൊലീസ് കൈയ്യൊഴിഞ്ഞു. തെളിവുകളുടെ അഭാവത്തിൽ കോടതിയും കനിഞ്ഞില്ല. അങ്ങനെയാണ് മകനെ ഇടിച്ചിട്ടു നിർത്താതെ പോയ കാറിൽ നിന്നും തെറിച്ചു വീണ ഒരു കണ്ണാടിച്ചില്ലുമായി 8 വർഷം ജിതേന്ദർ അലഞ്ഞത്. വിശ്രമം അറിയാത്ത ആ അന്വേഷണം ഒടുവിൽ കുറ്റവാളിയെ നിയമത്തിനു മുന്നിലെത്തിച്ചു. 

2015 ലാണ് ജിതേന്ദറിന്റെ മകൻ അമിത് (16) സ്കൂൾ വിട്ടു വരുന്ന വഴി കാർ ഇടിച്ചു മരിച്ചത്. പൊലീസ് കേസെടുത്തെങ്കിലും തികഞ്ഞ അലംഭാവത്തോടെയുള്ള അന്വേഷണം. ജിതേന്ദർ പലതവണ സ്റ്റേഷൻ കയറിയിറങ്ങി. തെളിവുകളും ദൃക്സാക്ഷിയും ഉണ്ടായിട്ടും അതൊന്നും എഫ്ഐആറിൽ ഉൾപ്പെടുത്തിയില്ല.
കുറ്റകൃത്യത്തിലെ റിയർ വ്യൂ മിറർ

അമിത്തിനെ ഇടിച്ചിട്ടു പോയ കാറിന്റെ റിയർ വ്യൂ മിററും ഒരു മെറ്റൽ സ്റ്റിക്കറും വഴിയിൽ വീണിരുന്നു. പൊലീസിനെ കാണിച്ചപ്പോൾ അതുകൊണ്ടൊരു കാര്യമില്ലെന്നു പറഞ്ഞു. ആ കണ്ണാടിച്ചില്ലിൽ നിന്നാണ് ജിതേന്ദറിന്റെ അന്വേഷണം ആരംഭിച്ചത്. 
ഗുരുഗ്രാമിലെ വസീറാബാദിൽ സ്കൂൾ വാൻ ഡ്രൈവറായിരുന്ന ജിതേന്ദർ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയം അന്വേഷണത്തിൽ മുഴുകി. അമിത്തിനെ കാറിടിക്കുമ്പോൾ പിതൃസഹോദരൻ സത്യേന്ദർ തൊട്ടടുത്ത കടയിൽ നിൽപ്പുണ്ടായിരുന്നു. വെള്ള നിറത്തിലുള്ള കാറിന്റെ നമ്പറായ 2960 മാത്രമാണ് സത്യേന്ദറിന്റെ കണ്ണിൽ പതിഞ്ഞത്. തെറിച്ചു വീണ കണ്ണാടിയും സ്റ്റിക്കറും സത്യേന്ദറാണു ജിതേന്ദറിനു കൈമാറിയത്. അതുമായി ഹരിയാനയിലെ മനേസറിൽ കാർ‌ കമ്പനിയിൽ പോയ ജിതേന്ദർ മകനെ ഇടിച്ചു തെറിപ്പിച്ച കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞു. 

അച്ഛന്റെ തെളിവുകൾ
തെളിവുകൾ സഹിതം ജിതേന്ദർ 2016 ൽ മജിസ്ട്രേട്ട് കോടതിയെ സമീപിച്ചു. കോടതി പൊലീസിനോട് അന്വേഷണ പുരോഗതിയെക്കുറിച്ച് ആരാഞ്ഞു. എന്നാൽ, 2017 ൽ പൊലീസ് കേസ് അന്വേഷണം അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് നൽകി. ഇതിനെതിരെ ജിതേന്ദർ അപ്പീൽ നൽകി. 2019 ൽ മജിസ്ട്രേട്ട് കോടതി ദൃക്സാക്ഷിക്കും കാർ‌ കമ്പനിക്കും പൊലീസിനും നോട്ടിസയച്ചു. അന്വേഷണം പുനരാരംഭിക്കാൻ കഴിഞ്ഞ ജൂലൈയിൽ കോടതി പൊലീസിനു നിർദേശം നൽകി. അങ്ങനെ കഴിഞ്ഞ ഒക്ടോബർ 21നു കാറിന്റെ ഉടമയായ ബാദ്ഷാപുർ സ്വദേശി ഗ്യാൻ ചന്ദിനെ (55) പൊലീസ് അറസ്റ്റ് ചെയ്തു.

English Summary:
A father’s investigation for the person who killed his son


Source link

Related Articles

Back to top button