INDIALATEST NEWS

യഥാർഥ അധികാരം ജനപ്രതിനിധികൾക്ക്: സുപ്രീം കോടതി

ന്യൂഡൽഹി ∙ രാഷ്ട്രപതി നിയമിച്ച ഗവർണറാണ് സർക്കാരിന്റെ തലപ്പത്തെങ്കിലും പാർലമെന്ററി ജനാധിപത്യത്തിൽ യഥാർഥ അധികാരം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കാണെന്നു പഞ്ചാബ് സർക്കാരും ഗവർണറും തമ്മിലുള്ള കേസിൽ സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിനാൽ നിയമസഭാ സമ്മേളനത്തിന്റെ സാധുതയിൽ ഗവർണർക്കു സംശയം ഉന്നയിക്കാനാകില്ല. വിശേഷാധികാരം ഉപയോഗിച്ചാണ് സ്പീക്കർ സഭാസമ്മേളനം മാറ്റിവച്ചതെന്നും കോടതി ഓർമിപ്പിച്ചു.
സഭ നിർത്തിവയ്ക്കാനുള്ള സ്പീക്കറുടെ അധികാരം ദുരുപയോഗം ചെയ്യപ്പെടരുത്. സഭ അനിശ്ചിതകാലത്തേക്കു റദ്ദാക്കാനോ നീട്ടിവയ്ക്കാനോ കഴിയില്ല. വർഷത്തിൽ 3 തവണ സഭ ചേരണമെന്നും ഓർമിപ്പിച്ചു. ഇക്കാര്യത്തിൽ ഉചിതമായ മാർഗനിർദേശം നൽകുമെന്ന് പഞ്ചാബ് സർക്കാരിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി അറിയിച്ചു.

ഗവർണർ– സർക്കാർ പോര് പരിഹരിക്കാൻ ഒരാഴ്ച അനുവദിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ അഭ്യർഥന സുപ്രീം കോടതി അവഗണിച്ചു. ഗവർണർക്കെതിരെ രൂക്ഷ പരാമർശങ്ങളിലേക്കു കോടതി കടക്കുന്ന ഘട്ടത്തിലാണ് കേന്ദ്രത്തിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചത്. നിയമസഭ ചേർന്ന രീതിയിലെ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും രേഖകൾ ഹാജരാക്കാൻ സമയം തേടിയും കോടതിയിൽനിന്നു പ്രതികൂല പരാമർശങ്ങൾ ഒഴിവാക്കാനാണ് ഗവർണറുടെ ഓഫിസ് ശ്രമിച്ചത്. ബില്ലുകൾ അംഗീകരിക്കുന്നതിനു പ്രശ്നമില്ലെന്നു ഗവർണർ നിലപാടു മാറ്റുകയും ചെയ്തു.
വാദവും മറുവാദവും

∙ പഞ്ചാബ് ഗവർണർ (സത്യപാൽ ജെയിൻ): മാർച്ചിൽ തീരേണ്ട ബജറ്റ് സമ്മേളനം നീട്ടി ജൂൺ, ഒക്ടോബർ മാസങ്ങളിൽ നടത്തി. ജൂണിൽ ചേർന്ന 3 ദിവസത്തെ സമ്മേളനത്തിലാണ് 4 ബില്ലുകൾ പാസാക്കിയത്. ഇക്കാര്യത്തിൽ നിയമോപദേശത്തിനു കാത്തിരിക്കുകയായിരുന്നു.
∙ പഞ്ചാബ് സർക്കാർ (അഭിഷേക് മനു സിങ്‍വി): ഒക്ടോബറിൽ 3 ദിവസം സഭ ചേർന്നതിനെ ശീതകാല സമ്മേളനമെന്നു വരുത്തിത്തീർക്കാനാണ് ഗവർണറുടെ ശ്രമം. സ്പീക്കറുടെ തീരുമാനത്തെ ചോദ്യം ചെയ്യാൻ കഴിയില്ല. ശീതകാല സമ്മേളനം ഈ മാസം നടക്കാനിരിക്കുന്നതേയുള്ളു. ജൂണിൽ ഗവർണർക്കു നൽകിയ ബില്ലുകളിലാണ് തീരുമാനമാകാത്തത്.

English Summary:
Real power vested in representatives of the people: Supreme Court


Source link

Related Articles

Back to top button