‘ഇത് തീക്കളി’: പഞ്ചാബ് ഗവർണറോട് സുപ്രീം കോടതി – Supreme Court instructs Punjab Governor Banwarilal Purohit to take decision on all the four bills that have been withheld | Malayalam News, India News | Manorama Online


ന്യൂഡൽഹി ‌∙ നിയമസഭ പാസാക്കിയ ബില്ലുകൾ അംഗീകരിക്കാത്ത പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിതിന്റെ നടപടി തീക്കളിയെന്നു സുപ്രീം കോടതി. ഗവർണറുടെ അധികാരങ്ങൾക്കു പരിധി നിശ്ചയിക്കുകയും ചെയ്തു. ബില്ലുകൾ പാസാക്കിയ ജൂണിലെ നിയമസഭാ സമ്മേളനത്തിന്റെ സാധുത ചോദ്യം ചെയ്താണ് ഗവർണർ അവ തടഞ്ഞുവച്ചത്. ഇങ്ങനെ പ്രവർത്തിക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും സമ്മേളനം സാധുവാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സർക്കാർ നൽകിയ 4 ബില്ലുകളിലും തീരുമാനമെടുക്കാൻ ഗവർണറോടു നിർദേശിക്കുകയും ചെയ്തു.

ഇക്കൊല്ലം മാർച്ചിൽ ചേർന്ന നിയമസഭയുടെ ബജറ്റ് സമ്മേളനം ഇടയ്ക്കു നിർത്തിവച്ചശേഷം ജൂണിൽ വീണ്ടും ചേർന്നാണ് ബില്ലുകൾ പാസാക്കിയത്. ഇതിനെയാണ് ഗവർണർ ചോദ്യം ചെയ്തത്. എന്നാൽ, സമ്മേളനം മാറ്റിവയ്ക്കുന്നതും വീണ്ടും വിളിച്ചുചേർക്കുന്നതുമെല്ലാം സ്പീക്കറുടെ അധികാരപരിധിയിൽപെട്ട കാര്യങ്ങളാണെന്നു കോടതി വ്യക്തമാക്കി. വാദത്തിനിടെയാണ് ഗവർണറുടെ പ്രവൃത്തി തീക്കളിയാണെന്നു ചീഫ് ജസ്റ്റിസ് പറഞ്ഞത്. ‘‘ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ പാസാക്കിയ ബില്ലുകൾ അംഗീകരിക്കാതിരിക്കുന്നത് ഗുരുതര പ്രശ്നമാണ്; ഇത് അനുവദിച്ചാൽ എന്താകും സ്ഥിതി?’’– കോടതി ചോദിച്ചു.

അതേസമയം, ഭരണഘടന അനുശാസിക്കുംവിധം നിയമസഭ വിളിച്ചുചേർക്കാതിരുന്നതിനു പഞ്ചാബ് സർക്കാരിനെയും വിമർശിച്ചു. സർക്കാരിന്റെയും ഗവർണറുടെയും നടപടികൾ ജനാധിപത്യത്തെ തോൽപിക്കുന്നതാണെന്നു ബെഞ്ച് പറഞ്ഞു.

തമിഴ്നാടിന്റെ ഹർജിയിൽ കേന്ദ്രത്തിന് നോട്ടിസ്

ന്യൂഡൽഹി ∙ ബില്ലുകളിലും ഫയലുകളിലും തീരുമാനമെടുക്കാത്ത തമിഴ്നാട് ഗവർണർ ആർ.എൻ.രവിയുടെ നടപടി അതീവ ഗൗരവമുള്ളതെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. തമിഴ്നാട് സർക്കാർ നൽകിയ ഹർജിയിൽ കേന്ദ്രസർക്കാരിനു കോടതി നോട്ടിസയച്ചു. ഹർജി ദീപാവലിക്കു ശേഷം പരിഗണിക്കും. നിയമസഭ പാസാക്കിയ 12 ബില്ലുകൾ ഗവർണറുടെ തീ‍ർപ്പു കാത്തുകിടക്കുകയാണെന്നു തമിഴ്നാട് സർക്കാർ ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ ഹർജി 20ന്

ന്യൂഡൽഹി ∙ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബില്ലുകളിൽ തീരുമാനമെടുക്കാത്തതിെനതിരെ സംസ്ഥാന സർക്കാർ നൽകിയ റിട്ട് ഹർജിയും പ്രത്യേകാനുമതി ഹർജിയും സുപ്രീം കോടതി 20നു പരിഗണിക്കും. ഇന്നലെ പഞ്ചാബ്, തമിഴ്നാട് കേസുകൾക്കൊപ്പം ഇതു പരിഗണിക്കണമെന്നു കേരളം ആവശ്യപ്പെട്ടില്ല. വ്യത്യസ്ത സാഹചര്യമാണെന്നതിനാൽ നിയമപ്രശ്നങ്ങൾ പ്രത്യേകം അവതരിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം. 

English Summary:

Supreme Court instructs Punjab Governor Banwarilal Purohit to take decision on all the four bills that have been withheld


Source link
Exit mobile version