INDIALATEST NEWS

സാമ്പത്തിക കുറ്റകൃത്യം: പ്രതികൾക്ക് വിലങ്ങ് വേണ്ട – Financial crime: did not want handcuff for accused | Malayalam News, India News | Manorama Online

ന്യൂഡൽഹി ∙ പീഡനം, കൊലപാതകം തുടങ്ങി ഹീനമായ കുറ്റകൃത്യങ്ങളിൽപെടുന്നവരെ പോലെ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രതിയായവരെ കൈവിലങ്ങണിയിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിനു വേണ്ടിയുള്ള പാർലമെന്ററി സമിതി ശുപാർശ ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടിചട്ടം, തെളിവു നിയമം എന്നിവയ്ക്കു പകരം കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ബില്ലുകൾ പരിശോധിച്ചാണ് സമിതി ശുപാർശ തയാറാക്കിയത്. ഹീനമായ കുറ്റകൃത്യങ്ങളിൽ പെടുന്നവർ രക്ഷപ്പെടാതിരിക്കാനും അന്വേഷണ ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാനുമാണ് കൈവിലങ്ങ് അണിയിക്കുന്നത്. ഇതു സാമ്പത്തിക കുറ്റകൃത്യങ്ങളിൽപെടുന്നവർക്കു വേണ്ട. ഇതിനായി ബില്ലിൽ ഭേദഗതി വേണമെന്നു ബിജെപി എംപി ബ്രിജ് ലാൽ അധ്യക്ഷനായ സമിതി നിർദേശിച്ചു.

∙ 15 ദിവസം പൊലീസ് കസ്റ്റഡിയിൽ വയ്ക്കാൻ അനുമതി നൽകുന്ന വ്യവസ്ഥയുടെ കാര്യത്തിൽ കൂടുതൽ വ്യക്തത ആവശ്യപ്പെട്ടു. ഒന്നിച്ചു 15 ദിവസമോ പല ഘട്ടങ്ങളിലായോ കസ്റ്റഡി കാലാവധി അനുവദിക്കുന്നതാണ് വ്യവസ്ഥ. ഇതിനുള്ള കാരണത്തിൽ വ്യക്തത വേണമെന്നതാണ് നിർദേശം.

∙ ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമം തടയാനും നിയമപരിരക്ഷ ഒരുക്കാനും ആവശ്യമായ വ്യവസ്ഥകൾ ഉൾപ്പെടുത്തുന്നതു സർക്കാർ പരിഗണിക്കണം.

∙ ഭക്ഷണത്തിൽ മായം കലർത്തുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥയും 6 മാസത്തിൽ കുറയാതെ തടവും 25,000 രൂപ പിഴയും ഉൾപ്പെടുത്തണം.

∙ വധശിക്ഷയും ജീവപര്യന്തവും ഇളവു ചെയ്തു നൽകുന്നതിലെ വ്യവസ്ഥകൾ പരിഷ്കരിക്കണം.

∙ ഇന്ത്യയി‍ൽ കുറ്റകൃത്യം ചെയ്തു വിദേശത്തു പോയ ആളെയും വിചാരണ ചെയ്യാൻ വഴിയൊരുക്കുന്ന വകുപ്പ് ഉൾപ്പെടുത്തിയതിനെ അഭിനന്ദിച്ചു.

∙ വിവാഹിതയായ സ്ത്രീയ്ക്ക് ലൈംഗികബന്ധത്തിന് ഉഭയസമ്മതം നൽകാനുള്ള പ്രായപരിധി 15ൽ നിന്ന് 18 ആക്കിയ നടപടിയേയും അംഗീകരിച്ചു. 

∙ മൈനർ എന്നതിനു പകരം ‘കുട്ടി’ എന്നുപയോഗിക്കണമെന്ന നിർദേശം സമിതി മുന്നോട്ടുവച്ചു.

∙ ഗ്യാങ്, മാഫിയ, റാക്കറ്റ് തുടങ്ങിയ വാക്കുകൾക്ക് വ്യക്തമായ നിർവചനം വേണം.

പുതുമയില്ല, കോപ്പിയടി: ചിദംബരം, ഒബ്രയൻ

ശിക്ഷാ നിയമം ഉൾപ്പെടെ പരിഷ്കരിക്കാനുള്ള സർക്കാർ നടപടി അർധശൂന്യമാണെന്നും കോപ്പിയടി മാത്രമാണ് ഇതിൽ ചെയ്തിരിക്കുന്നതെന്നും കോൺഗ്രസ് എംപി പി.ചിദംബരവും തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രയനും ആരോപിച്ചു. നിലവിലെ നിയമങ്ങൾ അങ്ങോട്ടുമിങ്ങോട്ടും മാറ്റുകയേ ചെയ്തിട്ടുള്ളൂവെന്നും ചിദംബരം ആരോപിച്ചു.


Source link

Related Articles

Back to top button