ജമ്മു കശ്മീരിൽ ബസ് മറിഞ്ഞ് 37 മരണം – Bus overturn in Jammu and Kashmir | Malayalam News, India News | Manorama Online

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ ബസ് 300 അടി താഴ്ചയിലേക്കു മറിഞ്ഞ് 37 പേർ മരിച്ചു. 19 പേർക്കു പരുക്കേറ്റു. ബട്ടോട്ട്-കിഷ്ത്വാർ ദേശീയ പാതയിലെ മലഞ്ചെരുവിൽ ഇന്നലെ രാവിലെ 11.50 നാണ് അപകടം. മരണസംഖ്യ ഉയരാനാണു സാധ്യത. ഗുരുതരമായി പരുക്കേറ്റ 4 പേരെ ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളജിലേക്കു മാറ്റി.
കിഷ്ത്വറിൽ നിന്ന് ജമ്മുവിലേക്കു പോവുകയായിരുന്നു ബസ്. അശ്രദ്ധമായി യു ടേൺ എടുക്കുന്നതിനിടെ സുരക്ഷാവേലിക്കു മുകളിലൂടെ താഴേക്കു പതിക്കുകയായിരുന്നുവെന്നു ഡപ്യൂട്ടി കമ്മിഷണർ ഹർവീന്ദർ സിങ് പറഞ്ഞു. ബസ് പൂർണമായി തകർന്ന നിലയിലാണ്. മൃതദേഹങ്ങൾ പലതും ഛിന്നഭിന്നമായി. ദുരന്തനിവാരണ സേനയും പൊലീസും നടത്തിയ രക്ഷാപ്രവർത്തനത്തിൽ നാട്ടുകാരും പങ്കാളികളായി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കശ്മീർ ഗവർണർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ തുടങ്ങിയവർ അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിനു 2 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു സഹായധനം പ്രഖ്യാപിച്ചു.
English Summary:
Bus overturn in Jammu and Kashmir
Source link