നാളെ സൂപ്പര്‍ക്ലാസികോ
റിയോ ഡി ഷാനെറോ: ഫിഫ ലോകകപ്പ് ദക്ഷിണ അമേരിക്കന്‍ യോഗ്യതാ മത്സരത്തില്‍ നാളെ ബ്രസീല്‍-അര്‍ജന്റീന സൂപ്പര്‍ക്ലാസികോ പോരാട്ടം. നാളെ രാവിലെ ഇന്ത്യന്‍ സമയം ആറിനു പ്രശസ്തമായ മാറക്കാന സ്റ്റേഡിയത്തിലാണു മത്സരം. തുടര്‍ച്ചയായി രണ്ടു തോല്‍വി ഏറ്റുവാങ്ങിയ ബ്രസീല്‍ ജയത്തിലേക്കു തിരിച്ചെത്താനാണ് അര്‍ജന്റീനയ്ക്കെതിരേ സ്വന്തം കാണികളുടെ മുന്നില്‍ ഇറങ്ങുന്നത്. അര്‍ജന്റീനയാണെങ്കില്‍ ഉറുഗ്വെയ്ക്കെതിരേ കഴിഞ്ഞ മത്സരത്തിലേറ്റ തോല്‍വിയില്‍നിന്നു ജയത്തിലേക്കു വരാനുമാണു പോരാടുന്നത്. ലോകകപ്പ് നേടിയശേഷം അര്‍ജന്റീന നേരിട്ട ആദ്യ പരാജയമായിരുന്നു അത്. അഞ്ചു കളിയില്‍ ഏഴു പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള ബ്രസീലിന് ഈ മത്സരം നിര്‍ണായകമാണ്. ഇത്രതന്നെ മത്സരങ്ങളില്‍ 12 പോയിന്റുമായി അര്‍ജന്റീനയാണ് ഒന്നാമത്.
പരിക്കേറ്റു വിശ്രമത്തിലായിരിക്കുന്ന നെയ്മര്‍ ടീമിനൊപ്പമില്ലാത്തത് ബ്രസീലിന്റെ മുന്നേറ്റത്തെ ബാധിച്ചിട്ടുണ്ട്. പരിക്കേറ്റ വിനിഷ്യസ് ജൂണിയര്ക്കും നാളെ കളിക്കാനാവില്ല. ഗബ്രിയേല്‍ ജീസസ്, ഗബ്രിയേല്‍ മാര്‍ട്ടിനെലി, റോഡ്രിഗോ, റാഫിഞ്ഞ എന്നിവരെ കേന്ദ്രീകരിച്ചാകും ബ്രസീല്‍ പരിശീലകന് ഫെര്‍ണാണ്ടോ ഡിനിസ് ആക്രമണത്തിനൊരുക്കുക. ബ്രസീലിനെതിരേ അര്‍ജന്റൈന്‍ പരിശീലകന് ലയണല്‍ സ്കലോണി ടീമിന്റെ വിംഗ് ശക്തമാക്കാന്‍ എയ്ഞ്ചല്‍ ഡി മരിയയെ ഇറക്കിയേക്കും.
Source link