ന്യൂസ്ക്ലിക് കേസ്: നെവിൽ റോയ് സിംഘത്തിന് വീണ്ടും ഇ.ഡിയുടെ നോട്ടിസ് – Enforcement Directorate notice again to Neville roy singham again | Malayalam News, India News | Manorama Online

ന്യൂഡൽഹി ∙ ന്യൂസ്ക്ലിക്കിനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസിൽ അമേരിക്കൻ വ്യവസായി നെവിൽ റോയ് സിംഘത്തിനു വീണ്ടും നോട്ടിസ്. ചൈനയിലെ ഷാങ്‌ഹായ് കേന്ദ്രമായി പ്രവർത്തിക്കുന്ന നെവിൽ റോയ് സിംഘത്തിനു ‘ലെറ്റർ റൊഗേറ്ററി’ സംവിധാനം വഴിയാണു നോട്ടിസ് അയച്ചിരിക്കുന്നത്. ക്രിമിനൽ കേസുകളിൽ അന്വേഷണത്തിനു സഹായം തേടി ഒരു രാജ്യത്തെ കോടതി മറ്റൊരു രാജ്യത്തെ കോടതിക്ക് കത്തയക്കുന്ന രീതിയാണ് ലെറ്റർ റൊഗേറ്ററി.
ചൈനീസ് അനുകൂല പ്രചാരണത്തിനു വിദേശസഹായം കൈപ്പറ്റിയെന്ന വിഷയത്തിലാണ് ഓൺലൈൻ മാധ്യമസ്ഥാപനമായ ന്യൂസ്ക്ലിക്കിനെതിരെ ഇ.ഡി കള്ളപ്പണം വെളുപ്പിക്കലിനു കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ചൈനീസ് സർക്കാരുമായി ബന്ധമുള്ള ശതകോടീശ്വരൻ നെവിൽ റോയ് സിംഘം ന്യൂസ്ക്ലിക്കിനു പണം നൽകിയെന്ന ന്യൂയോർക്ക് ടൈംസ് വാർത്തയ്ക്കു പിന്നാലെ ഡൽഹി പൊലീസ് സ്പെഷൽ സെല്ലും കേസ് റജിസ്റ്റർ ചെയ്തിരുന്നു. യുഎപിഎ നിയമം അനുസരിച്ചു റജിസ്റ്റർ ചെയ്ത കേസിൽ പ്രബീർ പുർകായസ്ഥ, എച്ച്ആർ മേധാവി അമിത് ചക്രവർത്തി എന്നിവരെ കഴിഞ്ഞമാസം പൊലീസ് അറസ്റ്റ് ചെയ്തു.
നെവിൽ റോയ് സിംഘത്തെ ചോദ്യം ചെയ്യാൻ നേരിട്ടു നോട്ടിസ് നൽകാനുള്ള ശ്രമം ചൈനീസ് അധികൃതർ തടഞ്ഞിരുന്നു. തുടർന്നാണു ഡൽഹി ഹൈക്കോടതിയെ സമീപിച്ചു പ്രത്യേക അനുമതി വാങ്ങിയ ശേഷമാണു നോട്ടിസ് അയച്ചിരിക്കുന്നത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് അനുകൂലമായി ലോകമെങ്ങും ആശയപ്രചാരണത്തിനു പണം മുടക്കുന്നയാളാണു നെവിൽ റോയ് സിംഘമെന്നും ഇയാളിൽ നിന്നുള്ള പണം ന്യൂസ്ക്ലിക്ക് വഴി ഇന്ത്യയിലെ വിവിധ രാഷ്ട്രീയപ്രവർത്തകർക്കും സന്നദ്ധപ്രവർത്തകർക്കും ലഭിച്ചിട്ടുണ്ടെന്നുമാണണ് ഇ.ഡി ആരോപിക്കുന്നത്.
Source link