അഞ്ചു ദിവസം പിന്നിട്ട് ഉത്തരകാശി രക്ഷാദൗത്യം; പുതിയ ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് രക്ഷാപ്രവർത്തനം ഊർജിതം – Uttarakhand rescue mission | Malayalam News, India News | Manorama Online

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ചാർധാം തീർഥാടന പാതയിലെ തുരങ്കത്തിൽ കുടുങ്ങിയ 40 തൊഴിലാളികൾക്കായുള്ള രക്ഷാദൗത്യം 5 ദിവസം പിന്നിട്ടു. ഡൽഹിയിൽനിന്നെത്തിച്ച യുഎസ് നിർമിത ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് തുരങ്കത്തിലെ അവശിഷ്ടങ്ങൾ നീക്കാനുള്ള ശ്രമം രാത്രി വൈകിയും തുടരുകയാണ്.
തലകറക്കവും തലവേദനയും അനുഭവപ്പെട്ട 2 തൊഴിലാളികൾക്കു മരുന്നെത്തിച്ചു. എല്ലാവരെയും പുറത്തെത്തിക്കുമ്പോൾ അടിയന്തര ആവശ്യങ്ങൾക്കായി തുരങ്കത്തിനു സമീപം 6 കിടക്കകളുള്ള താൽക്കാലിക ആശുപത്രി സജ്ജമാണ്. തുരങ്കത്തിനുള്ളിലേക്കു ഭക്ഷണവും വെള്ളവും പൈപ്പ് വഴിയെത്തിക്കുന്നു. ഓക്സിജൻ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. വൈദ്യുതി സൗകര്യവുമുണ്ട്. തൊഴിലാളികളുമായി രക്ഷാപ്രവർത്തകർ വോക്കിടോക്കി വഴി നിരന്തരം ബന്ധപ്പെടുന്നു.
ഇപ്പോഴത്തെ ദൗത്യം പരാജയപ്പെട്ടാൽ നടപ്പാക്കാൻ ബദൽ പ്ലാനും തയാറാണ്. ഓസ്ട്രിയ, നോർവേ, തായ്‌ലൻഡ് എന്നിവിടങ്ങളിൽനിന്നു വിദഗ്ധരുടെ മാർഗനിർദേശങ്ങളുണ്ട്. 2018 ൽ തായ്‌ലൻഡിലെ ഗുഹയിലകപ്പെട്ട 12 കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ച രക്ഷാപ്രവർത്തകരെ ഇവിടേക്കെത്തിക്കുന്നതും പരിഗണിക്കുന്നു. ദുരന്തനിവാരണ സേനാ അധികൃതർ ഇവരുമായി ബന്ധപ്പെട്ടിരുന്നു. കേന്ദ്രമന്ത്രിയും മുൻ കരസേനാ മേധാവിയുമായ ജന. വി.കെ.സിങ്ങും സ്ഥലത്തുണ്ട്.
English Summary:
Uttarakhand rescue mission
Source link