ഞങ്ങൾ നിസ്സഹായർ, മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് വിളിച്ചു പറഞ്ഞു’
റോബിൻ തമിഴ്നാട്ടിൽ കസ്റ്റഡിയിൽ, ഇറങ്ങാതെ യാത്രക്കാർ
ചെന്നൈ ∙ കേരളത്തിൽ രണ്ടാം ദിവസവും മോട്ടർ വാഹന വകുപ്പ് (എംവിഡി) തടഞ്ഞതിനു പിന്നാലെ, റോബിൻ ബസിനെ തമിഴ്നാട് മോട്ടർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. പെർമിറ്റ് ലംഘിച്ചതിന് ഗാന്ധിപുരം ആർടിഒയാണ് ബസ് കസ്റ്റഡിയിൽ എടുത്തത്. മോട്ടർ വാഹനവകുപ്പിന്റെ ജോയിന്റ് കമ്മിഷണറുടെ ഓഫിസിലാണ് ഇപ്പോൾ വാഹനം. തിങ്കളാഴ്ച ജോയിന്റ് കമ്മിഷണർ ഓഫിസിൽ എത്തിയശേഷം മാത്രമേ പിഴ അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമാകൂ. അതുവരെ ബസ് ഓഫിസിൽ കിടക്കുമെന്നാണ് വിവരം. പൊലീസ് എത്തി ബസിൽനിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബസ് ഉടമയും യാത്രക്കാരും തയാറായില്ല. കേരളത്തിലേക്ക് തിരികെ വരാനായി പകരം ബസ് വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വാഹനത്തിലുണ്ട്. കേരള സർക്കാരിന്റെ നിർദേശ പ്രകാരമാണ് വാഹനം പിടിച്ചെടുത്തതെന്ന് റോബിൻ ബസ് ഉടമ ഗിരീഷ് പരാതിപ്പെട്ടു. ‘‘പല രീതിയിലുള്ള ആളുകളെ കയറ്റിയെന്നാണ് ഇതിൽ എഴുതിയിരിക്കുന്നത്. ഈ വണ്ടി ഇന്നലെയും ഇവിടെ വന്നു എന്ന് അവർ പറയുന്നു. ഇന്നലെയും വന്നപ്പോൾ 71,000 രൂപ ടാക്സ് ആയി വാങ്ങിയതു നിങ്ങൾക്കൊരു സുഖമാ അല്ലേന്ന് ഞാൻ ചോദിച്ചു. കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് വിളിച്ചു പറഞ്ഞിട്ട് വാഹനം പിടിച്ചെടുക്കുന്നതാണെന്നും ഞങ്ങൾ നിസ്സഹായരാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കേരളത്തിൽ പിടിച്ചെടുക്കാൻ ഹൈക്കോടതി അനുവദിക്കുന്നില്ല. അതിനാൽ കേരള സർക്കാരിന്റെ മാനം കാക്കാൻ എന്റെ വാഹനം ഇവിടെ പിടിച്ചെടുക്കാനാണ് ഉന്നതങ്ങളിൽനിന്ന് നിർദേശം ലഭിച്ചത്. ഇവരുടെ സ്റ്റാറിനെ മാനിക്കാനല്ലേ നമുക്ക് കഴിയൂ. എന്നെ ഒരു തീവ്രവാദിയെപ്പോലെയാണ് കാണുന്നത്. എന്റെ വാഹനം ഓടുന്നതുകൊണ്ട് കെഎസ്ആർടിസിക്ക് നഷ്ടമെന്നാണ് കേരള സർക്കാർ പറയുന്നത്. ഞങ്ങൾക്ക് ഈ വാഹനം ഓടുന്നതിൽ ഒരു പ്രശ്നവുമില്ലെന്നാണ് തമിഴ്നാട് ആർടിഒ പറഞ്ഞത്. എന്നാൽ കേരള സർക്കാർ സഹായം ആവശ്യപ്പെട്ടത് തമിഴ്നാട് സർക്കാരിനോടാണ്. മാത്രമല്ല ഈ വാഹനം പിടിച്ചെടുക്കാൻ തയാറായില്ലെങ്കിൽ തമിഴ്നാട്ടിൽനിന്ന് ശബരിമലയ്ക്ക് പോകുന്ന വാഹനങ്ങൾക്കു മേൽ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് എന്നോട് വ്യക്തിപരമായി പറഞ്ഞിട്ടുണ്ട്.’’– റോബിൻ ബസ് ഉടമ ഗിരീഷ് പറഞ്ഞു. വാളയാർ അതിർത്തി കടന്നെത്തിയ ബസിനെ തമിഴ്നാട് ആർടിഒ ആണ് തടഞ്ഞത്. ബസിന്റെ രേഖകൾ പരിശോധിക്കാനാണ് തടഞ്ഞതെന്നാണ് വിവരം. തുടർന്ന് ബസ് ഗാന്ധിപുരം സെന്‍ട്രല്‍ ആര്‍ടിഒ ഓഫിസിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. പത്തനംതിട്ടയിൽനിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന റോബിൻ ബസിനെ ഞായറാഴ്ച തൊടുപുഴയ്ക്ക് സമീപം കരിങ്കുന്നത്ത് എംവിഡി ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധന നടത്തിയിരുന്നു. പെർമിറ്റ് ലംഘനത്തിന് 7500 രൂപ ബസിന് പിഴയിട്ടു. പിന്നീട് നാട്ടുകാരെത്തി പ്രതിഷേധിച്ചതോടെ പത്ത് മിനിറ്റിന് ശേഷം ബസ് വിട്ടയയ്ക്കുകയായിരുന്നു