രോഹിത്തിന്റെ ഓപ്പണിംഗ് ആദ്യം ബാറ്റ് ചെയ്താലും ചേസ് ചെയ്താലും ഇന്ത്യയുടെ വിജയസാധ്യത രോഹിത് ശർമയുടെ തകർപ്പൻ തുടക്കത്തെ ഏറെ ആശ്രയിക്കുന്നുണ്ട്. ടൂർണമെന്റിലുടനീളം ഇന്ത്യ വൻ സ്കോറുകൾ കണ്ടെത്തിയ മത്സരത്തിൽ രോഹിത്തിന്റെ തകർപ്പൻ പ്രകടനങ്ങൾ നിർണായകമായിരുന്നു. സഹ ഓപ്പണർ ശുഭ്മൻ ഗില്ലിനൊപ്പം ചേർന്ന് ബൗളർമാരെ തെല്ലും കൂസാതെ, ആക്രമണ ബാറ്റിംഗിലൂടെ ടീമിന് അടിത്തറയിട്ടു നൽകുന്നതു രോഹിത്താണ്. ഈ അടിത്തറയിൽനിന്നാണ് വിരാട് കോഹ്ലിയും ശ്രേയസ് അയ്യറും കെ.എൽ. രാഹുലും ഇന്നിംഗ്സ് കെട്ടിപ്പടുക്കുന്നത്. കോഹ്ലിയൻ ഇന്നിംഗ്സ് ഒന്പതു മത്സരങ്ങളിൽ മൂന്നു സെഞ്ചുറി, അഞ്ച് അർധസെഞ്ചുറി; ലോകകപ്പിലെ റണ് സ്കോറർമാരിൽ ഏറ്റവും മുന്നിലുള്ള വിരാട് കോഹ്ലിയിൽനിന്ന് മറ്റൊരു സ്ഥിരതയുള്ള ഇന്നിംഗ്സ് ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യ രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കിൽ, ഇന്നിംഗ്സിന്റെ ചലനം കോഹ്ലിയെ ചുറ്റിപ്പറ്റിയാകുമെന്നുറപ്പ്. മാക്സ്വെൽ-കുൽദീപ് അഫ്ഗാനിസ്ഥാനെതിരായ തോറ്റെന്നു കരുതിയ മത്സരം, തകർപ്പൻ ഡബിൾ സെഞ്ചുറി പ്രകടനത്തിലൂടെ ഒറ്റയ്ക്ക് ഓസ്ട്രേലിയയ്ക്കു നേടിക്കൊടുത്ത ഗ്ലെൻ മാക്സ്വെല്ലിനെ ഇന്ത്യ പേടിക്കണം. സ്പിന്നർ കുൽദീപ് യാദവിനെയാണ് മാക്സ്വെല്ലിനായി ഇന്ത്യ കരുതിവച്ചിരിക്കുന്നത്. സ്പിന്നർമാർക്കെതിരേ പതറുന്ന പതിവ് മാക്സ്വെല്ലിനുണ്ടെന്ന് ഇന്ത്യക്കു നന്നായറിയാം. ബാറ്റർമാരെ കുഴപ്പത്തിലാക്കുന്ന കുൽദീപിന്റെ പന്തുകൾ മാക്സ്വെല്ലിനെതിരേ ഇന്ത്യ ആയുധമാക്കും.
മാർഷ്, വാർണർ, ഹെഡ് 37-ാം വയസിലും ഓസീസിനായി തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കുന്ന ഓപ്പണർ ഡേവിഡ് വാർണറും മുൻനിരക്കാരായ മിച്ചൽ മാർഷ്, ട്രാവിസ് ഹെഡ് എന്നിവരും ഫോം കണ്ടെത്തിയാൽ ഇന്ത്യ വിയർക്കും. ഏതു നിമിഷവും ആക്രമണം അഴിച്ചുവിടാൻ കരുത്തുള്ളവരാണിവർ; പ്രത്യേകിച്ച് ഇന്ത്യയിലെ ബാറ്റിംഗ് സാഹചര്യങ്ങൾ അവർക്കു പരിചിതമാണെന്നിരിക്കേ. ഇവരെ നിലയുറപ്പിക്കാൻ അനുവദിക്കാതിരിക്കുകയെന്നതാണ് ഇന്ത്യൻ പേസ് പടയുടെ മുന്നിലുള്ള ഹിമാലയൻ ടാസ്ക്. ഷമി കുന്തമുന ഈ ലോകകപ്പിൽ വെറും ആറു കളിയിൽ 23 വിക്കറ്റ്; അതും 9.13 ശരാശരിയിൽ. മൂന്ന് അഞ്ചു വിക്കറ്റ് നേട്ടമുൾപ്പെടെ ലോകകപ്പിൽ ഷമി ഒരുപിടി റിക്കാർഡുകൾ തകർത്തെറിഞ്ഞുകഴിഞ്ഞു. ഹാർദിക് പാണ്ഡ്യക്കു പരിക്കേറ്റതിനെത്തുടർന്നു ടീമിലെത്തിയ ഷമി, നെതർലൻഡ്സിനെതിരായ മത്സരത്തിലൊഴികെ എല്ലാ കളിയിലും വിക്കറ്റ് വീഴ്ത്തി. സെമി ഫൈനലിൽ 7/57 പ്രകടനവുമായി ടീമിനെ ജയത്തിലെത്തിച്ചു.
Source link