കുവൈറ്റ് സിറ്റി: ഹോം സ്റ്റേഡിയമെന്നു തോന്നിക്കുംവിധം ജാബര്‍ അല്‍ അഹമ്മദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നിറഞ്ഞ ഇന്ത്യന്‍ ആരാധകരുടെ മുന്നില്‍ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തില്‍ രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കു ജയം. ഗ്രൂപ്പ് എയില്‍ ഇന്ത്യ 1-0നു കുവൈറ്റിനെ തോല്‍പ്പിച്ചു. 75-ാം മിനിറ്റില്‍ മന്‍വിര്‍ സിംഗിന്റെ ഗോളിലാണ് ഇന്ത്യയുടെ ജയം. മത്സരത്തില്‍ കുവൈറ്റിനായിരുന്നു ആധിപത്യമെങ്കിലും ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിനെതിരേ ഭീഷണി ഉയര്‍ത്താന്‍ തക്ക നീക്കമൊന്നുമുണ്ടായില്ല. ആദ്യ പകുതിയില്‍ ഇന്ത്യന്‍ നായകന് സുനില്‍ ഛേത്രിക്കു ലഭിച്ച അവസരം ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കായിരുന്നു.
രണ്ടാം പകുതിയിലും കുവൈറ്റ് നന്നായിത്തന്നെ തുടങ്ങി പന്തിലുള്ള ആധിപത്യവും നേടി. എന്നാല്‍ ഈ ആധിപത്യം ഗോളിലേക്കെത്തിക്കാനായില്ല. ഇന്ത്യയാണെങ്കില്‍ സുവര്‍ണാവസരത്തിനായി കാത്തിരിക്കുകയായിരുന്നു. 75-ാം മിനിറ്റില്‍ ഈ അവസരം ലഭിച്ചു. ആകാശ് മിശ്ര വഴി ലാലിയാന്‍സുല ചാങ്തെയ്ക്കു ലഭിച്ച പാസില്‍നിന്നു മന്‍വീര്‍ കുവൈറ്റിന്റെ വല കുലുക്കി.
Source link