ഓസ്ട്രേലിയ: കിംഗ്സ് ഓഫ് നോക്കൗട്ട്
ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ നോക്കൗട്ട് കിംഗ്സ് എന്ന് വ്യക്തമാക്കുന്നതായിരുന്നു ഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള പ്രകടനം. നോക്കൗട്ട് മത്സരത്തിന്റെ സമ്മര്‍ദത്തില്‍ വീണുപോകാതെ, കൈവിട്ടെന്നു തോന്നിയ മത്സരം തിരിച്ചുപിടിക്കേണ്ടതെങ്ങനെയെന്നു വ്യക്തമാക്കുന്നതായിരുന്നു കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ നടന്ന രണ്ടാം സെമി ഫൈനല്‍ മത്സരം. വ്യാഴാഴ്ച രാത്രി, 46,000-ത്തോളം വരുന്ന കാണികള്‍ക്കു മുന്നില്‍, 2023 ഏകദിന ക്രിക്കറ്റിന്റെ ലോകകപ്പ് രണ്ടാം സെമി ഫൈനലില്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയയുടെ മധ്യനിര വിക്കറ്റുകള്‍ പെട്ടെന്നു വീഴുന്നതു കണ്ടപ്പോള്‍ കുറച്ചുനേരത്തേക്കെങ്കിലും ദക്ഷിണാഫ്രിക്ക വിചാരിച്ചതാണ്, തങ്ങള്‍ക്ക് പലപ്പോഴും കാലിടറുന്ന നോക്കൗട്ടെന്ന വലിയ കടമ്പ കടന്നെന്ന്. എന്നാല്‍, അവസാനം വരെ ജയത്തിനായി പൊരുതുന്ന ഓസീസ് കരുത്തിനുമുന്നില്‍ ദക്ഷിണാഫ്രിക്കയുടെ എല്ലാ പ്രതീക്ഷകളും തകരുകയായിരുന്നു. ഐസിസി ടൂര്‍ണമെന്റുകളുടെ നോക്കൗട്ട് ഘട്ടത്തില്‍ കളി മറക്കുന്നവരെന്ന അപഖ്യാതി ഒരിക്കല്‍ക്കൂടി ഉറപ്പിച്ചുകൊണ്ട് ദക്ഷിണാഫ്രിക്ക ഫൈനല്‍ കാണാതെ പുറത്തായി; മറ്റൊരു സെമിഫൈനല്‍ തോല്‍വി ഏറ്റുവാങ്ങി. ഇത്തവണ വെറുതെയങ്ങ് തോറ്റുകൊടുക്കാനുള്ള മനസായിരുന്നില്ല ദക്ഷിണാഫ്രിക്കയ്ക്ക് ഉണ്ടായിരുന്നത്. സ്വഭാവം മാറിമറിയുന്ന പിച്ചില്‍ ജയിക്കാന്‍ വേണ്ട 213 റണ്‍സ് പ്രതിരോധിക്കാന്‍ വേണ്ടതെല്ലാം ചെയ്തു. ജെറാള്‍ഡ് കോറ്റ്സിയുടെ മിന്നുന്ന പ്രകടനമുണ്ടായിരുന്നു. തബ്റിസ് ഷംസിയും കേശവ് മഹാരാജും ചേര്‍ന്ന് പന്തെറിയുമ്പോള്‍ ഓസീസ് ബാറ്റര്‍മാര്‍ ബുദ്ധിമുട്ടിക്കൊണ്ടിരുന്നു. എന്നാല്‍, നിര്‍ണായക ഘട്ടത്തില്‍ പിഴവുകള്‍ വരുത്തുന്ന പതിവ് തുടര്‍ന്നതോടെ ദക്ഷിണാഫ്രിക്ക ഒരിക്കല്‍ക്കൂടി ഫൈനലിനരികിലെത്തി പുറത്തായി. സ്വന്തം നാട്ടില്‍ 2027ല്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മാനസികമായി കരുത്ത് നേടിയെടുക്കുകയാണ് ഇനി ദക്ഷിണാഫ്രിക്കന്‍ ടീമിനു ചെയ്യാനുള്ളത്. നോക്കൗട്ട് ഘട്ടത്തില്‍ കളി മറക്കുന്നവരെന്ന അപഖ്യാതിയും പേറിയാണു ദക്ഷിണാഫ്രിക്ക ഒരിക്കല്‍ക്കൂടി ഐസിസി ടൂര്‍ണമെന്റിനോടു വിടപറയുന്നത്. 50 ഓവര്‍ ക്രിക്കറ്റില്‍ പ്രോട്ടീസ് ഇപ്പോള്‍ നാല് സെമിഫൈനലുകള്‍ തോറ്റു, 1999 ലെ സമനില ഒരു തോല്‍വിയേക്കാള്‍ വേദനാജനകമാകുമായിരുന്നു.
വ്യാഴാഴ്ച രാത്രിക്കു മുമ്പ്, ഓസ്ട്രേലിയയ്ക്കെതിരായ മുമ്പ് നടന്ന 18 മത്സരങ്ങളില്‍ 15ലും ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു, അതില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പാറ്റ് കമ്മിന്‍സും സംഘവും വലിയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. എന്നാല്‍ ഓസ്ട്രേലിയയും 50 ഓവര്‍ ലോകകപ്പിലെ നോക്കൗട്ടുകളും തമ്മിലുള്ള സ്നേഹബന്ധം തകര്‍ക്കാന്‍ ഇത്തവണയും ദക്ഷിണാഫ്രിക്കയ്ക്കായില്ല. ഈഡന് ഗാര്‍ഡന്‍സില്‍ ഡേവിഡ് മില്ലര്‍ പൊരുതി നേടിയ സെഞ്ചുറി മാത്രം പോരായിരുന്നു ഓസ്ട്രേലിയയുടെ വിജയത്തെ തടയാനെന്നു വ്യക്തമാക്കുന്നതായിരുന്നു കളത്തിലെ കാര്യങ്ങള്‍. കളിയില്‍ മുന്‍തൂക്കം ഉണ്ടായിരിക്കേ അത് എങ്ങനെ കൂടുതല്‍ ഫലവത്താക്കാമെന്ന പാഠമാണ് ദക്ഷിണാഫ്രിക്കയ്ക്കു അറിയാതെപോയത്. ക്യാച്ചുകള്‍ നഷ്ടമാക്കി വരുതിയിലായ കളി കൈവിട്ടു. 213 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഓസ്ട്രേലിയന്‍ ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും ഡേവിഡ് വാര്‍ണറും തകര്‍പ്പന്‍ തുടക്കം നല്കിയപ്പോള് അനായാസജയമാണു പ്രതീക്ഷിച്ചത്. വിട്ടുകൊടുക്കാന്‍ തയാറാകാതിരുന്ന ദക്ഷിണാഫ്രിക്ക സ്പിന്നര്‍മാരിലൂടെ പിടിമുറുക്കുന്നതാണു പിന്നെ കണ്ടത്. ഷംസി പ്രത്യേകിച്ച് കൃത്യ സമയത്ത് മാര്‍നസ് ലബുഷെയ്ന്, ഗ്ലെന്‍ മാക്സ്വെല് എന്നിവരുടെ വിക്കറ്റുകളെടുത്ത് സമ്മര്‍ദത്തിലാക്കി. 137/5 എന്ന നിലയിലെത്തിയപ്പോള്‍ ഓസീസ് ക്യാമ്പിൽ പരിഭ്രാന്തി ആരംഭിച്ചു. പ്രതീക്ഷയായിരുന്ന സ്റ്റീവ് സ്മിത്തിനെയും ജോഷ് ഇംഗ്ലീസിനെയും ജെറാള്‍ഡ് കോട്സി പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക ഒരു വിജയം പ്രതീക്ഷിച്ചു. മൂന്നു വിക്കറ്റുകള്‍ ശേഷിക്കേ ഓസീസിനു ജയിക്കാന്‍ വേണ്ടത് 20 റണ്‍സ്. ഈ ഘട്ടത്തില്‍ ഒരു സാഹസത്തിനും മുതിരാതെ മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും സാവധാനം ടീമിനെ വിജയത്തിലെത്തിച്ചു. കമ്മിന്‍സ് നല്കിയ സുവര്‍ണാവസരം വിക്കറ്റ്കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക് നിലത്തിട്ടു. ഇതു കൂടാതെ മൂന്നു ക്യാച്ചുകളാണു ഫീല്‍ഡര്‍മാര്‍ വിട്ടത്. വന്‍ സ്കോര്‍ പ്രതീക്ഷിച്ച് ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസിന്റെ നാലു വിക്കറ്റുകളാണ് 24 റണ്‍സിലെത്തിയപ്പോള്‍ നഷ്ടമായത്. പിന്നെ മില്ലറും ഹെന്റിച് ക്ലാസനും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ കരകയറ്റിയത്. ഈ കൂട്ടുകെട്ട് പൊളിഞ്ഞതേ വന്‍ സ്കോറെന്ന ദക്ഷിണാഫ്രിക്കന്‍ മോഹങ്ങള്‍ ഓസീസ് എറിഞ്ഞു തകര്‍ത്തു.
Source link