അഹമ്മദാബാദില്‍നിന്ന് അനീഷ് ആലക്കോട് ശാന്തമായി ഒഴുകുന്ന സബര്‍മതിയുടെ തീരത്ത് ഇന്ന് അവസാനവട്ട പരിശീലനം, തുടര്‍ന്ന് നിലപാട് വ്യക്തമാക്കുന്ന പ്രസ് മീറ്റ്, ഇരുട്ടി വെളുക്കുന്നതോടെ തീര്‍പ്പ്… ലോക കിരീടത്തിനായി സ്വന്തം രാജ്യത്തിനുവേണ്ടി കൊല്ലാനും ചാകാനും തയാറായി 22 വാര നീളമുള്ള യുദ്ധവേദിയിലും ചുറ്റുമുള്ള പുല്‍ത്തകിടിയിലുമായി ഒരേ സമയം 13 കളിക്കാര്‍… 200 ഗ്രാമില്‍ താഴെയുള്ള വെള്ളപ്പന്ത് എത്ര പേരുടെ മടങ്ങിപ്പോക്കിനു തീര്‍പ്പു കല്പ്പിക്കുന്നു, എത്ര തവണ ബാറ്റിനെ മുത്തംവച്ച് ദൂരേക്കു പായുന്നു എന്നതിന്റെ ആകെത്തുകയായി ഒരു സംഘം ചിരിക്കും. ആ ചിരി രോഹിത് ശര്‍മയുടെയും സംഘത്തിന്റേതുമായിരിക്കണമെന്ന പ്രാര്‍ഥനയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍… അതേ, 2023 ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ സബര്‍മതി നദീതീരത്തുള്ള അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നാളെ അരങ്ങേറും. അഞ്ച് തവണ ചാമ്പ്യന്മാരായ ഓസ്ട്രേലിയയാണ് കിരീടവഴിയില്‍ ഇന്ത്യയുടെ എതിരാളികള്‍. ഒക്ടോബര്‍ അഞ്ചിന് ആരംഭിച്ച 13-ാം ഏകദിന ലോകകപ്പിന് 46-ാം നാളില്‍ തീര്‍പ്പ് കല്‍പ്പിക്കപ്പെടും… ആ തീര്‍പ്പിനു സാക്ഷികളാകാന്‍ ആരാധകര്‍ അഹമ്മദാബാദിലേക്ക് ഒഴുകിയെത്തുകയാണ്… 2003ന്റെ കടം വീട്ടണം കടങ്ങള്‍ വീട്ടാനുള്ളതാണ്. ഓസ്ട്രേലിയയുമായി ഒരു പഴയ കടം ഇന്ത്യക്കു വീട്ടാനുണ്ട്… 2003 മാര്‍ച്ച് 23ന് ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്ഗില്വച്ചുള്ളതാണ്. 2003 ഐസിസി ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ 125 റണ്‍സിനു ദയനീയമായി കീഴടക്കി ഓസ്ട്രേലിയ ചാമ്പ്യന്മാരായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ അടിച്ചെടുത്തത് 359/2 എന്ന കൂറ്റന്‍ സ്കോര്‍. 39.2 ഓവറില്‍ 234ന് ഇന്ത്യയുടെ മറുപടി അവസാനിച്ചു. 81 പന്തില്‍ 82 റണ്‍സ് നേടിയ വീരേന്ദര്‍ സെവാഗും 57 പന്തില്‍ 47 റണ്‍സ് നേടിയ രാഹുല്‍ ദ്രാവിഡുമായിരുന്നു അന്ന് ഇന്ത്യയുടെ ടോപ് സ്കോറര്‍മാര്‍. ദ്രാവിഡിന്റെ ശിക്ഷണത്തിലാണ് ഇത്തവണ ടീം ഇന്ത്യ ഇറങ്ങുന്നത്. അന്ന് നഷ്ടപ്പെട്ട കിരീടം സ്വന്തമാക്കി കടം വീട്ടാന്‍ ദ്രാവിഡിനും ടീം ഇന്ത്യക്കും മുന്നില്‍ നാളെ ശുഭമുഹൂര്‍ത്തം… പിന്നില്‍നിന്നെത്തിയ കംഗാരു ആമയും മുയലും നടത്തിയ പന്തയത്തെക്കുറിച്ച് കുട്ടിക്കാലം മുതല്‍ കേള്ക്കുന്നതാണ്്. ഇവിടെ ആമയല്ല, കംഗാരുവാണെന്നു മാത്രം. ഈ ലോകകപ്പില്‍ ആദ്യ രണ്ടു മത്സരവും തോറ്റ് പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെയായിരുന്ന ഓസ്ട്രേലിയ ഫൈനലിലേക്ക് എത്തുമെന്ന് അന്നാരും പ്രതീക്ഷിച്ചില്ല. എന്നാല്‍, തുടര്‍ച്ചയായ എട്ടു ജയത്തോടെ കംഗാരുക്കള്‍ ഫൈനലിലെത്തി. തുടര്‍ച്ചയായ 10 ജയത്തോടെയാണ് ഇന്ത്യ ഫൈനലിലെത്തിയതെങ്കിലും കംഗാരുക്കളെ കരുതലോടെ സമീപിക്കണം. കാരണം, ലോകകപ്പില്‍ എങ്ങനെ കിരീടം നേടണമെന്ന കുറുക്കുവഴി അറിയാവുന്നവരാണവർ. അതിന്റെ നേര്‍ചിത്രമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെമി ഫൈനല്‍ ജയം.
ആറാം ഏകദിന ലോകകപ്പിനായി ഓസീസും മൂന്നാം കിരീടത്തിനായി ഇന്ത്യയും തമ്മില്‍ നാളെ നടക്കുക ക്ലാസിക് ഫൈനല്‍ ആയിരിക്കുമെന്നുറപ്പ്. ഈ ലോകകപ്പിന്റെ ലീഗ് റൗണ്ടില്‍ ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യ ആറ് വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു. ടൂര്‍ണമെന്റില്‍ ഇരുടീമിന്റെയും ആദ്യ മത്സരമായിരുന്നു അത്. ഇരുടീമും തമ്മിലുള്ള മറ്റൊരു പോരാട്ടത്തോടെ ലോകകപ്പ് സമാപിക്കുമെന്നത് തികച്ചും യാദൃച്ഛികം മാത്രം… ഓസീസിന്റെ 59-ാം നാള് പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഓസ്ട്രേലിയയ്ക്ക് ഇന്ത്യന്‍ മണ്ണില്‍ നാളെ 59-ാം പോരാട്ടദിനം. സെപ്റ്റംബര്‍ 22ന് ഇന്ത്യക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പര മുതലുള്ള കണക്കാണിത്. മൂന്നു മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന് ഓസ്ട്രേലിയ കീഴടക്കിയിരുന്നു. ലോകകപ്പും സ്വന്തമാക്കാനുള്ള തയാറെടുപ്പിലാണ് രോഹിതും സംഘവും. അഹമ്മദാബാദില്‍വച്ച് 2011 ലോകകപ്പിലും ഇന്ത്യയും ഓസ്ട്രേലിയയും കൊമ്പുകോര്‍ത്തിരുന്നു. അന്ന് സെമിയില്‍ ഇന്ത്യ അഞ്ചു വിക്കറ്റിനു ജയിച്ചു. അഹമ്മദാബാദില്‍വച്ച് ഇരുടീമും തമ്മില്‍ ഇതുവരെ മൂന്ന് ഏകദിന പോരാട്ടങ്ങളാണ് അരങ്ങേറിയത്. അതില്‍ രണ്ട് ജയം ഇന്ത്യക്ക് അവകാശപ്പെട്ടതാണ്. ലോകകപ്പില്‍ 14-ാം അങ്കം ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും നേര്‍ക്കുനേര്‍ ഇറങ്ങുന്നത് ഇത് 14-ാം തവണ. ഇതുവരെ നടന്ന 13 പോരാട്ടങ്ങളില്‍ എട്ട് ജയം ഓസീസ് സ്വന്തമാക്കി. ഇന്ത്യ അഞ്ചു തവണ വെന്നിക്കൊടി പാറിച്ചു. ഏകദിന ചരിത്രത്തില്‍ ഇരുടീമും തമ്മിലുള്ള 151-ാം പോരാട്ടമാണു നാളത്തേത്. ഓസ്ട്രേലിയ 83ഉം ഇന്ത്യ 57ഉം ജയം ഇതുവരെ നേടി. 10 മത്സരങ്ങള്‍ ഫലമില്ലാതെ അവസാനിച്ചു. പ്രധാനമന്ത്രി എത്തിയേക്കും അഹമ്മദാബാദ്: നാളെ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയേക്കും. പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങളാണ് മുഖ്യാതിഥിയായി മോദി ഫൈനല്‍ മത്സരം കാണാനെത്തുമെന്ന് റിപ്പോര്‍ട്ട് ചെയ്തത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ കലാശപ്പോരാട്ടം. ന്യൂസിലന്‍ഡിനെ തകര്‍ത്ത്് ഇന്ത്യയും, ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഓസ്ട്രേലിയയും ഫൈനലിലെത്തി. ഈ വര്‍ഷം ആദ്യം അഹമ്മദാബാദില്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് മത്സരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസും എത്തിയിരുന്നു. ലോകകപ്പ് ഫൈനൽ: വിമാന ടിക്കറ്റ് നിരക്ക് ഉയർന്നു അഹമ്മദാബാദ്: നാളെ നടക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലേക്ക് ആരാധകര്‍ ഉറ്റുനോക്കുമ്പോള്‍ വന്‍ ലാഭം കൊയ്യുകയാണ് വിമാന കമ്പനികള്‍. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഫൈനല്‍ പോരാട്ടത്തിന്റെ ആവേശത്തിലാണ് ആരാധകര്‍. ഈ ആവേശത്തില്‍ അഹമ്മദാബാദിലേക്കുള്ള വിമാന ടിക്കറ്റ്, ഹോട്ടല്‍ റൂം നിരക്കുകള്‍ എന്നിവ കുതിച്ചുയര്‍ന്നിരിക്കുകയാണ്. 30,000 രൂപ മുതല്‍ 40,000 രൂപ വരെയായി ഉയര്‍ന്നിരിക്കുകയാണ് വിമാന നിരക്കുകള്‍. ഈ സമയം കൂടുതല്‍ സര്‍വീസുകള്‍ നടത്താനും വിമാന കമ്പനികള്‍ ഒരുങ്ങുന്നുണ്ട്.
Source link